കോഴിക്കോട്: ഒരു കാലത്ത് തുടച്ച് നീക്കിയെന്ന് കരുതിയ ഡിഫ്ത്തീരിയ പോലുള്ള രോഗങ്ങള്‍ തിരിച്ച് വന്നതിന്റെ ഭീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം നമ്മള്‍. ഇതിന് പ്രധാനമായി ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയത് ചെറുപ്പകാലത്ത്  തുള്ളിമരുന്ന് നല്‍കിയതിലെ ഉദാസീനതയാണ്. ഈ അനുഭവത്തില്‍ നിന്ന് ഭീതിയുള്‍ക്കൊണ്ട് വേണം നമ്മള്‍ ഇത്തവണത്തെ പോളിയോ ദിനത്തെ കാണേണ്ടത്. കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പെ നമ്മള്‍ തുടച്ച് നീക്കിയ പോളിയോ രോഗവും ഇനിയും തിരിച്ച് വന്നുകൂടായ്കയില്ല എന്നത് കൊണ്ട് തന്നെ.

ജനുവരി-29 ഞായര്‍, ഏപ്രില്‍-രണ്ട് ഞായര്‍ എന്നീ ദിവസങ്ങളിലാണ് ഈ വര്‍ഷത്തെ രണ്ട് ഘട്ടങ്ങളായുള്ള പോളിയോ ദിനം ആചരിക്കുന്നത്. നമ്മുടെ കുട്ടികളുടെ ഭാവി രക്ഷിക്കാന്‍ ഈ രണ്ട് പോളിയോ ദിനങ്ങളും രക്ഷിതാക്കള്‍ മറക്കാതെ ഉപയോഗപ്പെടുത്തണം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് ഈ രണ്ട് ദിവസങ്ങളിലും തുള്ളിമരുന്ന് നല്‍കേണ്ടത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വിപുലമായ സൗകര്യവും ഈ ദിനത്തില്‍ ഒരുക്കുന്നുണ്ട്.

ആരോഗ്യകേന്ദ്രങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബോട്ട് ജെട്ടികള്‍, കുട്ടികള്‍ വന്ന് പോവുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവടങ്ങളിലെല്ലാം തുള്ളിമരുന്ന് നല്‍കാനുള്ള സൗകര്യം ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നാളെ ബൂത്ത് തല ഇമ്മ്യൂണൈസേഷനും 30,31 തീയതികളില്‍ വീടുകളിലെത്തി പോളിയോ എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്ക് പോളിയോ മരുന്ന് നല്‍കുകയുമാണ് പരിപാടി.

സംസ്ഥാനത്തെ 26,16,163 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. ഇതിനായി 21,371 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും തയ്യാറായിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വാക്‌സിന്‍ വിതരണം നടക്കുക. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച രാവിലെ എട്ടിന് തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും

പനിയെ പേടിക്കേണ്ട
പോളിയോ തുള്ളിമരുന്ന് നല്‍കുന്നതോടെ കുട്ടികളില്‍ പനിയുണ്ടാക്കുന്നതാണ് രക്ഷിതാക്കളെ ഇത് കുട്ടികള്‍ക്ക് നല്‍കുന്നതില്‍ നിന്നും പിന്നോട്ടടിപ്പിക്കുന്നത്. എന്നാല്‍ ഇത് ഒട്ടും പേടിക്കേണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ ഉറപ്പ് നല്‍കുന്നു. ശരീരത്തിലില്ലാത്ത ഒരു പ്രതിരോധ വൈറസ് പെട്ടന്ന് ശരീരത്തിലെത്തുമ്പോള്‍ ശരീരം അതിനെ പ്രതിരോധിക്കുന്നത് കൊണ്ടാണ് പനിയുണ്ടാകുന്നത്. അതല്ലാതെ പോളിയോ മരുന്നിന് ഒരു പാര്‍ശ്വ ഫലവുമില്ലെന്ന് അരോഗ്യ വിദഗ്ധര്‍ ഉറപ്പ് നല്‍കുന്നു.