കോഴിക്കോട്: കേരളത്തില്‍ അവയവങ്ങള്‍ ലഭിക്കാതെ വര്‍ഷംതോറും മരിക്കുന്നത് നൂറുകണക്കിനാളുകള്‍. മാറ്റിവെയ്ക്കാന്‍ അവയവം ലഭിക്കാതെ വൈദ്യസഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നവര്‍ ലക്ഷക്കണക്കിനുവരും.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അവയവം ലഭിക്കാതെ മരിച്ചത് 48 പേരാണ്. ഇവരില്‍ 10 പേര്‍ ഹൃദയവും 38 പേര്‍ കരള്‍ കിട്ടാതെയുമാണ് മരിച്ചത്. രണ്ടായിരത്തിലധികം രോഗികള്‍ സര്‍ക്കാര്‍ ഏജന്‍സിയായ മൃതസഞ്ജീവനിയില്‍ വൃക്കയ്ക്കായി രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നു. ഒരുലക്ഷത്തിലധികം രോഗികള്‍ ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തുന്നു.

അവയവത്തിനായി നീണ്ടനിര
 

വൃക്ക 1705
കരള്‍ 355
ഹൃദയം 32
പാന്‍ക്രിയാസ് 4
കൈ 8
ഒന്നിലധികം അവയവങ്ങള്‍ 23

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ കൂടുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയോഗിക്കുകയും സുതാര്യമാക്കാന്‍ വിദഗ്ധ പരിശോധനകളും സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. എന്നിട്ടും അവയവദാനം കുത്തനെ കുറയുന്ന കാഴ്ചയ്ക്കാണ് 2017 സാക്ഷ്യം വഹിച്ചത്. 2018 തുടങ്ങി നാലുമാസം കഴിഞ്ഞിട്ടും അവസ്ഥയ്ക്ക് മാറ്റമില്ല.

മരണാനന്തര അവയവദാനത്തിന്‍ കണക്കുകള്‍ 2015ല്‍ 218, 2016ല്‍ 199,2017ല്‍ 60, 2018ല്‍ ഇതുവരെ 7 എന്ന തരത്തിലാണുള്ളത്. 

ഒരു വര്‍ഷം ആയിരത്തിലധികം മസ്തിഷ്‌കമരണങ്ങള്‍

കേരളത്തില്‍ ഒരു വര്‍ഷം റോഡപകടങ്ങളില്‍ ആയിരത്തിലധികം മസ്തിഷ്‌ക മരണങ്ങളാണ് സംഭവിക്കാറ്. ഇതില്‍ മിക്കവയിലും അവയവദാനങ്ങള്‍ നടക്കാറില്ല. നിയമക്കുരുക്കും ആരോപണങ്ങളും ഭയന്ന് ഭൂരിപക്ഷം ആശുപത്രികളും മാറിനില്‍ക്കുന്നു. 

2012-16 ല്‍ അവയവമാറ്റ ശസ്ത്രക്രിയ അതിജീവിച്ചവര്‍ (ശതമാനത്തില്‍)

ഹൃദയം-72, കരള്‍- 77.3,വൃക്ക 85.3 എന്നിങ്ങനെയാണ്. അവയാവം സ്വീകരിച്ച ശേഷം ഭൂരിഭാഗവും മരണപ്പെടുന്നത് അണുബാധ മൂലമാണെന്നും കണക്കുകള്‍ വിശദീകരിക്കുന്നു. (കണക്കുകള്‍-കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഡൊണേഷന്‍ )

അവയവദാനം, സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ പരിഷ്‌കാരങ്ങള്‍ 

  • മസ്തിഷ്‌കമരണം സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ ഡോക്ടര്‍ ഉള്‍പ്പെടെ നാലു ഡോക്ടര്‍മാര്‍
  • പരിശോധനകള്‍ വീഡിയോയില്‍ പകര്‍ത്തും
  • മരണം സ്ഥിരീകരിക്കാന്‍ പെരിഫെറല്‍ നേര്‍വ് സ്റ്റിമുലേഷന്‍ ടെസ്റ്റ്
  • അവയവദാതാവിന്റെ ചികിത്സയ്ക്കും ആരോഗ്യപരിരക്ഷയ്ക്കും സ്വീകര്‍ത്താവില്‍നിന്ന് നിശ്ചിതതുക
  • ജീവിച്ചിരിക്കുന്നവരുടെ അവയവദാനവും മൃതസഞ്ജീവനിയിലൂടെ
  • ദാതാക്കളുടെയും സ്വീകര്‍ത്താക്കളുടെയും വിവരങ്ങള്‍ ചേര്‍ത്ത ഡേറ്റാ ബാങ്ക്

പണം ഈടാക്കുന്നത് കച്ചവടത്തിന് തുല്യം

മെഡിക്കല്‍ കോളേജിലെ പല ഡോക്ടര്‍മാരും കര്‍ശനനിലപാട് എടുക്കുന്നവരായതിനാലാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സാക്ഷ്യപ്പെടുത്താനുള്ള അധികാരം നല്‍കിയത്. സ്വീകര്‍ത്താക്കളില്‍നിന്ന് പണം ഈടാക്കുന്നത് കച്ചവടത്തിന് തുല്യമാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ അവയവമാറ്റത്തിന്റെ പൂര്‍ണ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കണം.- ഡോ. എസ്. ഗണപതി (അവയവക്കച്ചവടം ചോദ്യംചെയ്ത് നിയമപോരാട്ടം നടത്തുന്നു)

മാറ്റങ്ങള്‍ നടപ്പാക്കും

ആശുപത്രികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങള്‍ ഇല്ലാതാക്കാന്‍ നടപടിക്രമങ്ങള്‍ ഏകീകരിച്ചു. ആശുപത്രിയും അവയവദാതാവും തമ്മിലുള്ള ഇടപാടുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏജന്‍സിയിലൂടെ നടത്തുന്നത് ഉള്‍പ്പെടെ മാനദണ്ഡങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍ ഇനിയും ഉണ്ടാകും -രാജീവ് സദാനന്ദന്‍, ആരോഗ്യ സെക്രട്ടറി