ലണ്ടന്‍: ലോകത്താകമാനമുള്ള ആയിരക്കണക്കിന് ഗെയിമര്‍മാരുടെ സഹായത്തോടെ അല്‍ഷിമേഴ്സ് രോഗത്തെ മെരുക്കാൻ ഒരുങ്ങുകയാണ് ഒരു മൊബൈല്‍ ഗെയിം. യൂണിവേഴ്സിറ്റി ഓഫ്  കോളേജ് ലണ്ടന്‍, യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആഞ്ചിലിയ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞന്മാര്‍ക്കൊപ്പം ചേര്‍ന്ന് ഡോയ്ചെ ടെലികോം ആണ്  'സീ ഹീറോ ക്വസ്റ്റ്' എന്ന ഈ പസില്‍ ഗെയിമിന്റെ നിര്‍മിച്ചത്.

ഓര്‍മക്കുറവിന്റെ പ്രാഥമിക ലക്ഷണങ്ങളെ കണ്ടെത്താനും ഇതുമായി ബന്ധപ്പെട്ട ബോധവത്കരണമാണ് ഗെയിമിന്റെ ഉദ്ദേശം. ഗെയിം കളിക്കുന്നവര്‍ കളിയില്‍ മുന്നേറുമ്പോള്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മ്യൂണിക്കിലെ സുരക്ഷിതമായ ഒരു സങ്കേതത്തിലേക്ക് നിങ്ങളറിയാതെ ശേഖരിക്കപ്പെടുന്നു. 

അവിടെ വെച്ച് പ്രായം, ലിംഗം, ദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ ഗവേഷകര്‍ ഈ വിവരങ്ങളെ വേര്‍തിരിച്ച് വിലയിരുത്തുന്നു. പരമ്പരാഗത രീതിയില്‍ 5 മണിക്കൂര്‍ കൊണ്ട് ചെയ്യേണ്ടിവരുന്ന പഠനം രണ്ട് മിനിറ്റ് നേരം ഒരാള്‍ ഗെയിം കളിക്കുമ്പോള്‍ നടത്താനാകുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഈ നൂതന ആശയം വിജയകരമായാല്‍ അത് അല്‍ഷിമേഴ്‌സ് ഗവേഷണ രംഗത്ത് വലിയൊരു മാറ്റത്തിനായിരിക്കും വഴിവെക്കുക.