തേഞ്ഞിപ്പലം: അതുവരെ തന്നെ ഒക്കത്തുവെച്ച ആന്റിമാര്‍ കൈയുറ അണിയുന്നതും സൂചിയെടുക്കുന്നതുമെല്ലാം ദേവനാരായണന്‍ കൗതുകത്തോടെയാണ് കണ്ടത്. പക്ഷെ ദേഹത്ത് സൂചികൊണ്ടപ്പോള്‍ അവന്റെ ഭാവം മാറി. പിന്നെ അമ്മയെ മുറുകെ പിടിച്ചു. ചേലേമ്പ്ര പഞ്ചായത്തിലെ മീസില്‍സ്-റുബെല്ല കുത്തിവെപ്പ് വേദിയില്‍ സ്വാഗതം പറഞ്ഞ അമ്മ ഡോ. മേനക വാസുദേവിനൊപ്പം എത്തിയതായിരുന്നു ഈ മൂന്നര വയസ്സുകാരന്‍. അങ്ങനെ ആദ്യ കുത്തിവെപ്പുമെടുത്ത് ശ്രദ്ധേയനാവുകയും ചെയ്തു. 

ഉദ്ഘാടനവും പ്രസംഗവുമെല്ലാം കഴിഞ്ഞ് കുത്തിവെപ്പ് തുടങ്ങിയപ്പോള്‍ ദേവനാരായണന്‍ അമ്മയുടെ ഒക്കത്തുകയറി. കുത്തിവെപ്പെടുക്കാന്‍ ആദ്യത്തെയാളായി അകത്തു കടന്നു. സൂചി അടുത്തുകണ്ടപ്പോള്‍ അതുവരെയുണ്ടായിരുന്ന ചിരി മാഞ്ഞു. കൈയിലുണ്ടായിരുന്ന കളിപ്പാട്ടം മുറുകെപ്പിടിച്ച് അമ്മയോട് ചേര്‍ന്നിരിക്കുന്നതിനിടെ നഴ്‌സ് കുത്തിവെപ്പെടുത്തിരുന്നു. 

ചേലേമ്പ്ര പഞ്ചായത്തിലെ ചേലൂപ്പാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറാണ് ഡോ. മേനക വാസുദേവ്. പ്രതിരോധകുത്തിവെപ്പുകള്‍ക്കെതിരെ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടെയാണ് ഇതിനെതിരെ ഒരു പ്രതിരോധമെന്ന നിലയില്‍ ഡോക്ടര്‍ സ്വന്തം കുഞ്ഞുമായി ക്യാമ്പിലെത്തിയത്. ഇതേ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സലീനയുടെ മക്കളായ ആര്‍ദ്ര, അവനി എന്നിവര്‍ക്കും പിന്നീട് എം.ആര്‍. കുത്തിവെപ്പ് നല്‍കി. 

ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്ഥിരസമിതി അധ്യക്ഷന്‍ ശിവദാസ് അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഗിരീഷ്, പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബാലഗംഗാധരന്‍, പ്രഥമാധ്യാപിക അസിത തുടങ്ങിയവര്‍ പ്രസംഗിച്ചു.