ലപ്പുറത്ത് കോടികള്‍ വിലമതിക്കുന്ന എംഡിഎ എന്ന ലഹരിമരുന്ന പിടികൂടി എന്ന വാര്‍ത്തയോടെയാണ് ഇന്നത്തെ പകല്‍ അസ്തമിച്ചത്. എന്താണ് എം.ഡി.എ എന്ന ലഹരിമരുന്ന് ?  ലോകമെമ്പാടും ഡിജെ പാര്‍ട്ടികളില്‍ ലഹരി പടര്‍ത്താന്‍ ഉപയോഗികുന്ന മയക്കുമരുന്നുകളിലൊന്നാണ് എംഡിഎ. മെഥിലീന്‍ ഡൈയോക്‌സി ആംഫെത്താമിന്‍ (2,3-methylenedioxyamphetamine) എന്നാണ് ഇതിന്റെ രാസ നാമം. ഒരുതരം സൈക്കോ സ്റ്റിമുലന്റ് ഡ്രഗ് ആണ് എംഡിഎ. എന്നാല്‍ വൈദ്യശാസ്ത്രരംഗത്ത് ഇതിനെ ഉപയോഗിക്കുന്നില്ല. ഉപയോഗിച്ചു തുടങ്ങുന്നവര്‍ ഇതിന് അടിമയാകുമെന്നതിനാലാണ് ഇതിനെ വൈദ്യശാസ്ത്രം പടിക്കുപുറത്താക്കിയിരിക്കുന്നത്. 

വല്ലാത്ത ഉന്മാദാവസ്ഥയാണ് ഇത് ഉപയോഗിച്ചാല്‍ അനുഭവപ്പെടുക. ദീര്‍ഘനേരം ഇത് ഉപയോഗിച്ചാല്‍ ഉന്മാദാവസ്ഥയിലായിരിക്കും. മാനസിക വികാരങ്ങള്‍ അമിതമായി വര്‍ധിപ്പിക്കുകയാണ് എംഡിഎ ചെയ്യുന്നത്.  ആറുമുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് ഇതിന്റെ പ്രവര്‍ത്തനം. 160 മില്ലീഗ്രാമില്‍ കൂടുതല്‍ ഉള്ളില്‍ ചെന്നാല്‍ മരണം വരെ സംഭവിച്ചേക്കാം. 

സെറോടോണിന്‍, ഡോപമിന്‍, എപ്പിനെഫ്രിന്‍, നോറെപ്പിനെഫ്രിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നതിലൂടെ കൂടുതലായി ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനാല്‍ കാരണമൊന്നുമില്ലാതെ തന്നെ ഉല്ലാസം അനുഭവപ്പെടുകയും ചെയ്യും. ലവ് ഡ്രഗ് എന്ന ഓമനപ്പേരിലാണ് ലോകത്ത് ഇത് അറിയപ്പെടുന്നത്.

1910 ല്‍ സി. മാന്നിച്ച്, ഡബ്ലിയു. ജേക്കബ്‌ഷോണ്‍ എന്നീ ശാസ്ത്രജ്ഞരാണ് എം.ഡി.എ ഉത്പാദിപ്പിച്ചത്. 1941 ല്‍ ഇതിനെ പാര്‍ക്കിസണ്‍ ചികിത്സക്കായി ഉപയോഗിച്ചിട്ടുണ്ട്. 1960 ലാണ് എംഡിഎ മാനസിക രോഗ ചികിത്സയുടെ ഭാഗമായി  പ്രചാരത്തിലെത്തുന്നത്. ചിലയിടത്ത് ഇത് ഇപ്പോഴും ചികിത്സക്കായി ഉപയോഗിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഉത്പാദനം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ മിക്ക രാജ്യങ്ങളും നിയന്ത്രിച്ചിട്ടുള്ളതാണ്. 

സ്ഥിരമായി ഉപയോഗിച്ചാല്‍ നാഡികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും നാഡികളുടെ നാശത്തിന് കാരണമാകുകയും ചെയ്യും. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ഇതുമൂലം താളം തെറ്റും. ഉപയോഗം അധികമായാല്‍ അസ്വസ്ഥത, അമിതമായി വിയര്‍ക്കുക, ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടുക, രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും അമിതമായി വര്‍ധിക്കുക, ശരീര താപം വര്‍ധിക്കുക, ശരീരം കോച്ചിപ്പിടിക്കുക തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകും.

ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. എംഡിഎം ഉപയോഗത്തെ തുടര്‍ന്ന് ഉണ്ടാകുന്ന മരണം കൂടുതലും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതു മൂലമാണ്. കൂടാതെ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടാകും. മരണത്തില്‍ നിന്ന് രക്ഷപ്പെട്ടാലും പക്ഷാഘാതം, ഓര്‍മക്കുറവ് എന്നിവ സംഭവിക്കാം.