മലപ്പുറം: പ്രമേഹത്തിന്റെ തലസ്ഥാനമെന്ന ചീത്തപ്പേര് മാറ്റാൻ ഇന്ത്യക്കാരിലെ പ്രമേഹത്തെക്കുറിച്ച് പുതിയ ഗവേഷണംവരുന്നു. സ്വകാര്യ മെഡിക്കൽ ഗവേഷണ-ദത്തശേഖരണ സ്ഥാപനമായ ’ടെക് ഒബ്‌സർവർ ഇന്ത്യ’ യാണ് പഠനം നടത്തുന്നത്.

ലോകാരോഗ്യസംഘടന, ഇന്റർനാഷണൽ ഡയബെറ്റിസ് ഫൗണ്ടേഷൻ തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികൾ ഇന്ത്യയിലെ പ്രമേഹത്തെക്കുറിച്ച് ഗവേഷണങ്ങൾ നടത്തി ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ അതെല്ലാം അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചാണ്.

ഇന്ത്യക്കാരുടെ ശാരീരിക,മാനസിക, ജീവിതാവസ്ഥകൾ മറ്റുരാജ്യക്കാരിൽനിന്ന് ഏറെ വ്യത്യസ്തമാണ്. ഉയരം, ഭാരം,കൊഴുപ്പ്,ജീവിതരീതി എന്നിവയിലെല്ലാം ഈ വ്യത്യാസം പ്രകടമാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര ചികിത്സാമാനദണ്ഡങ്ങൾ പലതും ഇന്ത്യക്കാരുടെ രോഗാവസ്ഥയുമായി പൊരുത്തപ്പെടാറില്ല. ഇന്ത്യക്കാരുടെ മാത്രമായി ഒരു പ്രമേഹ ചികിത്സാ േഡറ്റ ശേഖരിക്കുകയും ചികിത്സാപദ്ധതി രൂപവത്കരിക്കുകയുമാണ് ഗവേഷണംകൊണ്ട് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ 20 കേന്ദ്രങ്ങളിൽവെച്ചാണ് പഠനം നടക്കുക. അതിനായി രാജ്യത്തെ 20 പ്രമേഹവിദഗ്ധരെയും തിരഞ്ഞെടുത്തുകഴിഞ്ഞു. ഓരോരുത്തരും ആയിരം പ്രമേഹരോഗികളെ പരിശോധിച്ചും നിരീക്ഷിച്ചും വിവരം ശേഖരിക്കും. ഓരോ രോഗികളുടേയും മൂന്നുമാസത്തെ ശരാശരി ബ്ലഡ് ഷുഗർ, എച്ച്.ബി.എ.വൺ സി, കൊഴുപ്പുശേഖരത്തിന്റെ പ്രത്യേകതകൾ, ഭാരം,ഉയരം എല്ലാം രേഖപ്പെടുത്തും. പരിശോധനയ്ക്കുള്ള ഉപകരണങ്ങൾ ’ടെക് ഒബ്‌സർവർ’ നൽകും.

മൊത്തം 20,000 രോഗികളെയാണ് അവരുടെ അനുമതിയോടെ പരിശോധനയ്ക്ക് വിധേയരാക്കുക. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നീട് ഓരോ വിഭാഗത്തിലുംപെട്ട രോഗികൾക്ക് ഏതുതരം ചികിത്സയാണ് അഭികാമ്യം എന്നു തീരുമാനിക്കുക.

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം 2030 ആവുമ്പോഴേക്ക് ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം 79.4 ദശലക്ഷമാവും. ഈ കാലയളവിൽ അമേരിക്കയിൽ 30.3, ചൈനയിൽ 42.3 ദശലക്ഷമാണ് പ്രമേഹരോഗികളുണ്ടാവുക. 2000-ൽ ഇന്ത്യയിൽ 31.7 ദശലക്ഷം രോഗികളാണുണ്ടായിരുന്നത്.

ഇന്റർനാഷണൽ ഡയബെറ്റ്ക് ഫൗണ്ടേഷന്റെ 2016 ലെ കണക്ക് പ്രകാരം രാജ്യത്ത് 62 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ഇന്ത്യൻ ഹാർട്ട് അസോസിയേഷൻ കണ്ടെത്തിയിട്ടുള്ളത് ഇന്ത്യയിൽ ഓരോവർഷവും ഒരു ദശലക്ഷം പേർ പ്രമേഹസംബന്ധമായ രോഗങ്ങൾ കാരണം മരിക്കുന്നുണ്ടെന്നാണ്.