ഉറക്കനഷ്ടത്തേക്കാള്‍ ആരോഗ്യത്തിന് ദോഷകരമാകുന്നത് സ്വപ്‌നങ്ങള്‍ നഷ്ടപ്പെടുന്നതെന്ന് പഠനം. ഉറക്കക്കുറവ് കാരണം ഉണ്ടാവുന്നതെന്നു കരുതുന്ന വിഷാദം പോലുളള പല മനോരോഗങ്ങളും യഥാര്‍ഥത്തില്‍ സ്വപ്‌നങ്ങള്‍ മുറിയുന്നതുകൊണ്ടാണെന്ന് അരിസോണ സര്‍വകലാശാല ഗവേഷകര്‍ പറയുന്നു. 

ഉറക്കത്തിന് 2 ഘട്ടങ്ങളാണുളളത്. ദ്രുതദൃഷ്ടി ചലനദിശയും (rapid eye movement), ദൃഷ്ടി ചലന വിഹീന ദിശയും(non rapid eye movement). ഇവയില്‍ ദ്രുതദൃഷ്ടി ചലനദിശയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സ്വപ്‌നങ്ങളും അതിനൊപ്പമുളള ശാരീരിക മാനസിക മാറ്റങ്ങളും സംഭവിക്കുന്നത് ഈ ദിശയിലാണ്. ദൃഷ്ടിചലന വിഹീനദിശ താരതമ്യേന ഗാഢനിദ്രയുടെ ഭാഗമാണ്.

ദ്രൂതദൃഷ്ടി ചലനദിശയിലെ ഉറക്കത്തിന് ഭംഗം വരുന്നത് സ്വപ്‌നങ്ങള്‍ നഷ്ടപ്പെടാനിടയാക്കും. തിരിച്ചറിയപ്പെടാത്ത ആരോഗ്യപ്രശ്‌നമാണിതെന്ന് പഠനസംഘത്തിലുളള അരിസോണ സര്‍വകലാശാല പ്രൊഫസര്‍ റൂബിന്‍ നെയ്മാന്‍ പറഞ്ഞു . വിഷാദം, ബോധനാശം തുടങ്ങിയവയ്ക്ക് ഇത് കാരണമാകും. ഇതുവരെ കാര്യമായ പഠനങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടില്ല.

ചില മരുന്നുകളുടെ ഉപയോഗം, ജീവിതശൈലി ഘടകങ്ങള്‍, ഉറക്കത്തിലെ താളപ്പിഴകള്‍ തുടങ്ങിയവ സ്വപ്‌ന നഷ്ടത്തിനിടയാക്കുന്നു. ആനല്‍സ് ഓഫ് ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സിലാണ് പഠനം പ്രസിദ്ധീകരിച്ചത്.