ഉറക്കത്തില്‍ കാണുന്ന സ്വപ്‌നങ്ങളില്‍ ചിലത് ഓര്‍ത്തിരിക്കുകയും മറ്റു ചിലതു മറന്നു പോകുകയും ചെയ്യാറുണ്ടോ?എന്തായിരിക്കാം ഇതിനു കാരണം. ഉറക്കത്തില്‍ സ്വപ്‌നം കാണുക എന്നതു വളരെ സ്വഭാവിമായ പ്രക്രിയയാണ്. ചിലര്‍ക്ക് ഉറക്കത്തില്‍ കണ്ട സ്വപ്നങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയും. എന്നാല്‍ മറ്റു ചിലര്‍ക്ക് ഇത് ഓര്‍ത്തെടുക്കാന്‍ കഴിയില്ല. ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങള്‍ ഓര്‍ത്തിരിക്കുന്നതിനും മറന്നുപോകുന്നതിനും ഓരോ കാരണങ്ങളുണ്ട്. ഒരുകൂട്ടം ആളുകളില്‍ നടത്തിയ പഠനത്തില്‍ പകുതിയോളം ആളുകള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നതായി കണ്ടെത്തി. എന്നാല്‍ ബാക്കി പകുതിക്ക് അവര്‍ എന്തു സ്വപ്്‌നമാണ് കണ്ടതെന്നു പോലും ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. 

ഇതില്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ട് എന്നു പറഞ്ഞ ഒരു വിഭാഗത്തിന് ആഴ്ചയില്‍ അഞ്ചുതവണ അവര്‍ കണ്ട സ്വപ്നങ്ങള്‍ ഓര്‍മയില്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ ഓര്‍ത്തെടുക്കാന്‍ കഴിയാത്തവര്‍ക്കു രണ്ടു മാസത്തില്‍ ഒരിക്കല്‍ പോലും അവര്‍ കണ്ട സ്വപ്നം ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. റാപ്പിഡ് ഐ മൂമെന്റ് സ്ലീപ്പില്‍ കൂടുതല്‍ സജ്ജീവമായിരിക്കുന്നവരാണു സ്വപ്‌നങ്ങള്‍ കൂടുതലായി ഓര്‍ത്തെടുത്തത്. ആളുകള്‍ അവരുടെ ഏറ്റവും ഉജ്ജലവും ആശ്ചര്യപ്പെടുത്തുന്നതുമായ സ്വപ്‌നങ്ങള്‍ കാണുന്നത് ഈ ഉറക്കത്തിലായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. 

കൂടാതെ സ്വപ്‌നത്തിന്റെ സ്വഭാവമനുസരിച്ച് അത് ഓര്‍ത്തിരിക്കുന്നതിലും വ്യത്യാസം ഉണ്ടാകും. ആവേശമുണര്‍ത്തുന്നതോ ഭയപ്പെടുത്തുന്നതോ ആയ സ്വപ്നങ്ങള്‍ കൂടുതലായി നമ്മള്‍ ഓര്‍ത്തിരിക്കും. തീവ്രമായി ഉറങ്ങുന്ന സമയത്ത് കാണുന്ന് സ്വപ്നങ്ങള്‍ ഓര്‍ത്തിരിക്കാന്‍ കഴിയാറില്ല. ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നു വരുന്ന സമയങ്ങളില്‍ കാണുന്ന സ്വപ്‌നങ്ങളാണു നമ്മള്‍ കൂടുതലായി ഓര്‍ത്തിരിക്കുന്നത്. ഉറക്കത്തിന്റെ എല്ലാ ഘട്ടങ്ങളിലും നമ്മള്‍ സ്വപ്‌നം കാണുന്നുണ്ട് എങ്കിലും ഉണര്‍വിലേയ്ക്കു വരുന്നസമയത്തു കണ്ട സ്വപ്നങ്ങള്‍ കൂടുതലായി ഓര്‍ത്തിരിക്കുന്നു. അതുകൊണ്ടു തന്നെ ചില സ്വപ്നങ്ങള്‍ കൂടുതലായി ഓര്‍ക്കുകയും മറ്റു ചിലത് ഓര്‍ക്കാതിരിക്കുകയും ചെയ്യുന്നു.

Know why some people remember their dreams while others don't