രീരഭാരം കൂടിയവരിലും കുറഞ്ഞവരിലും മുട്ടുവേദനയും മുട്ടിന്റെ തേയ്മാനവും കണ്ടുവരാറുണ്ട്. അടിസ്ഥാനകാരണം കണ്ടുപിടിക്കാന്‍ സാധിക്കാത്തതിനാല്‍ പലപ്പോഴും പൊണ്ണത്തടിയോടൊപ്പം വരുന്ന മുട്ടുതേയ്മാനം ചികിത്സിക്കാന്‍ സാധിക്കാറില്ല.

എന്നാല്‍, മുട്ടുവേദനയുടെ പ്രധാന കാരണം അന്വേഷിക്കുന്നവര്‍ തങ്ങളുടെ ഭക്ഷണരീതി കൂടി ശ്രദ്ധിക്കണമെന്നാണ് യു.എസ്സിലെ ഒക്​ലഹോമ മെഡിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഒ.എം.ആര്‍.എഫ്) നടത്തിയ പഠനങ്ങള്‍ നിര്‍ദേശിക്കുന്നത്. ഭക്ഷണപദാര്‍ഥങ്ങളില്‍ അടങ്ങിയ കാര്‍ബോ ഹൈഡ്രേറ്റിന്റെ അനുപാതത്തിലുണ്ടാകുന്ന വ്യതിയാനമാകാം മുട്ടുവേദനയുടെ പ്രധാന കാരണമായി കണ്ടെത്തിയിരിക്കുന്നത്.

ഭക്ഷണത്തിലെ കാര്‍ബോ ഹൈഡ്രേറ്റ് വ്യതിയാനം സന്ധിവാതത്തിലേക്കും നയിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ഒ.എം.ആര്‍.എഫ് ശാസ്ത്രജ്ഞന്‍ ടിം ഗ്രിഫിന്‍ പറയുന്നത്.

പൊണ്ണത്തടി ഇല്ലാത്തവരില്‍ പോലും ഭക്ഷണക്രമം മുട്ടുതേയ്മാനത്തിന് കാരണമാക്കുന്നു. ശരീരഭാരം, കൊഴുപ്പിന്റെ അളവ്‌ എന്നിവ കുറഞ്ഞവരിലും കൂടിയവരിലും മുട്ടുതേയ്മാനം കാര്‍ബോഹൈഡ്രേറ്റുമായി ബന്ധപ്പെട്ടു കിടക്കുന്നതായി പഠനങ്ങള്‍  വ്യക്തമാക്കുന്നുണ്ട്.

സന്ധിവാതത്തിന്റെ സാധാരണമായ രൂപമാണ് മുട്ടുതേയ്മാനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ആരോഗ്യപ്രശ്‌നമാണിത്.

ശാരീരികാധ്വാനം, നേരത്തെ സന്ധികളിലുണ്ടായ മുറിവ്, പ്രായം, പാരമ്പര്യം, പൊണ്ണത്തടി എന്നവയെല്ലാം മുട്ടുവേദനയിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങളാണ്.

Content Highlight: Knee pain? Watch what you eat