ന്യൂഡല്‍ഹി: ആരോഗ്യ മേഖലയ്ക്കായി ഇന്ത്യ ചെലവഴിക്കുന്നത് മൊത്ത ആഭ്യന്തര വരുമാനത്തിന്റെ രണ്ട് ശതമാനത്തിലും താഴെയാണെന്നും ഇത് രാജ്യത്തെ സങ്കീര്‍ണമായ ആരോഗ്യ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ അമര്‍ത്യാ സെന്‍. അയല്‍രാജ്യമായ ചൈന ഇതിന്റെ മൂന്ന് മടങ്ങോളം പൊതുജനാരോഗ്യ രംഗത്ത് ചെലവഴിക്കുമ്പോഴാണ് ഇന്ത്യയില്‍ ഇത്തരമൊരു സ്ഥിതിവിശേഷമെന്നും അദ്ദേഹം പറഞ്ഞു. 

അയല്‍രാജ്യങ്ങളായ ബംഗ്ലാദേശും നേപ്പാളും ഇക്കാര്യത്തില്‍, ആയുര്‍ദൈര്‍ഘ്യത്തിലുള്‍പ്പെടെ ഇന്ത്യയേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നു. മിക്കപ്പോഴും രാജ്യത്തെ മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാറില്ലെന്ന് അമര്‍ത്യാ സെന്‍ വിമര്‍ശിച്ചു.

തന്റെ പുതിയ പുസ്തകമായ 'Healers or Predators? Healthcare Corruption in India'യുടെ ആമുഖത്തിലാണ് അമര്‍ത്യാ സെന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. അപര്യാപ്തമായ സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രികളാണ് ഇന്ത്യയില്‍ കൂടുതലായുള്ളത്, ഇതില്‍ മാറ്റം വരാത്തപക്ഷം ആരോഗ്യ മേഖല ഒന്നായി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. ആഗോളതലത്തില്‍ വളരെ വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയായിട്ടും രാജ്യത്തെ പൊതുജനാരോഗ്യ മേഖല ഏറെ പിന്നാക്കം നില്‍ക്കുന്നു. 

സ്വകാര്യ ആശുപത്രികളുടെ കൊള്ളലാഭത്തിനായുള്ള ശ്രമങ്ങളും രാജ്യത്തെ പൊതുജനാരോഗ്യ രംഗം നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ സൗജന്യമായി നല്‍കുന്ന പല സേവനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ വന്‍ തുക ഈടാക്കുന്ന പ്രവണത ഇന്ത്യയില്‍ സാധാരണമാണ്. പലപ്പോഴും സാധാരണക്കാര്‍ക്ക് ഇത് വലിയ ബാധ്യതയായി മാറാറുണ്ട്. 

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തന ക്ഷമത മിക്കപ്പോഴും പരാജയമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. പലപ്പോഴും ഉത്തരവാദിത്തങ്ങള്‍ മറക്കുന്നതിനോടൊപ്പം അധികാര ദുര്‍വിനിയോഗത്തിനും മെഡിക്കല്‍ കൗണ്‍സില്‍ തുനിയുന്നു. പുതിയ സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ അനുമതിക്കായി കൗണ്‍സില്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.

Content Highlights: India Heading Towards Healthcare Crisis: Amartya Sen