ഹുക്കയാണോ സിഗരറ്റാണോ കൂടുതല്‍ അപകടകരം? ചര്‍ച്ചയാരംഭിച്ചിട്ട് കാലമേറെയായെങ്കിലും ഇപ്പോള്‍ ഉത്തരവുമായെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഗവേഷകര്‍. ഹുക്ക വലിക്കുന്നത് ആരോഗ്യകരമാണെന്ന സിദ്ധാന്തങ്ങള്‍ തെറ്റാണെന്ന തെളിവുകളാണ് പുറത്തുവരുന്നത്. 

സിഗരറ്റ് വലിയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അത്യാധികം അപകടകരമാണ്. അതിലും അപകടമാണ് ഹുക്ക വലിക്കുന്നതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കാലിഫോര്‍ണിയ, ലോസ് ആഞ്ചലിസ് സര്‍വകലാശാലകളില്‍ നിന്നുള്ള ഗവേഷകരാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. 

ആരോഗ്യമുള്ള 48 ആളുകളെയാണ് ഗവേഷകര്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഹുക്ക വലിക്കുന്നതിന് മുന്‍പും ശേഷവും ഇവരുടെ ഹൃദയമിടിപ്പ്‌സ രക്തസമ്മര്‍ദ്ദം, ധമനികളുടെ കാഠിന്യം, രക്തത്തിലെ നിക്കോട്ടിന്റെ അളവ്, പുറത്തുവിടുന്ന കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് എന്നിവ പരിശോധിച്ചു. 30 മിനുട്ട് നേരെ ഹുക്ക വലിക്കാനാണ് സംഘം ഇവരോടാവശ്യപ്പെട്ടത്. അരമണിക്കൂര്‍ ഹുക്ക വലിച്ചശേഷംഹൃദയമിടിപ്പ് സാധാരണയുള്ളതിനേക്കാള്‍ 16 എണ്ണം വര്‍ധിച്ചതായി കണ്ടെത്തി. രക്തസമ്മര്‍ദ്ദവും വര്‍ധിച്ചു. ഹൃദയസ്പന്ദനം, സ്‌ട്രോക്ക് എന്നിവയിലേക്ക് ന.ിര്രുന്ന അപകടകരമായ അവസ്ഥയുടെ ലക്ഷണങ്ങള്‍ ധമനികളില്‍ പ്രകടമായതായും ഗവേഷണത്തിന് നേതൃത്വം നല്‍കിയ മേരി റെസ്‌ക് ഹന്ന പറഞ്ഞു. സിഗരറ്റ് വലിക്കാരില്‍ ഈ അവസ്ഥകള്‍ പ്രകടമാവാറുണ്ടെങ്കിലും അതിനേക്കാള്‍ തോത് കൂടുതലായിരുന്നു ഹുക്ക വലിക്കുന്നവരില്‍. 

കേളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ സിഗരറ്റ് വലി കുറയുകയും ഹുക്ക വലി കൂടുകയും ചെയ്യുമ്പോഴാണ് പുതിയ പഠനം പുറത്തുവരുന്നത്. പുകയിലയില്‍ പഴങ്ങളുടെ സത്തും കല്‍ക്കണ്ടവും മദ്യവും ഉപയോഗിച്ചാണ് ഹുക്കനിറയ്ക്കുന്നത്. ഇതാണ് ഹുക്കവലി കൂടുതല്‍ അപകടകരമാക്കുന്നതും-ഹന്ന പറഞ്ഞു. അമേരിക്കന്‍ ജേണ്‍ ഓഫ് കാര്‍ഡിയോളജിയിലാണ് ഗവേഷണറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Content Highlight: Hookahs vs. Cigarettes, Hookah Health Problems, Cigarette Health Issues