പ്രായത്തെ കുറിച്ച് ചോദിച്ചാല്‍ അല്‍പം കുറച്ച് പറയാനാണ് എല്ലാവര്‍ക്കുമിഷ്ടം. ചെറുപ്പമാവാന്‍ കുറുക്കുവഴി തേടുന്നവര്‍ക്കിതാ അമേരിക്കയില്‍ നിന്നൊരു സന്തോഷവാര്‍ത്ത.ഇടയ്ക്കിടെയുള്ള ഉപവാസം യൗവനം നിലനിര്‍ത്താന്‍ സഹായിക്കുമത്രേ. വൈറ്റ് ഹെഡ് സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തലാണിത്. 

ഉപവാസമെടുക്കുന്നതിലൂടെ മൂലകോശങ്ങളുടെ പുനരുജ്ജീവനത്തെ ഉത്തേദിപ്പിക്കാനാവുമെന്നാണ് പഠനത്തില്‍ പറയുന്നത്. എലികളിലാണ് പരീക്ഷണം നടത്തിയത്. ഉപവാസമെടുക്കുമ്പോള്‍ കോശങ്ങള്‍ ശരീരത്തിലെ കൊഴുപ്പിനെ വിഘടിപ്പിക്കുകയും ഇത് മൂലകോശങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതായി കണ്ടെത്തി. പ്രായമുള്ള എലികളിലും പ്രായം കുറഞ്ഞ എലികളിലും നടത്തിയ പരീക്ഷണത്തില്‍ മൂലകോശങ്ങളുടെ പ്രവര്‍ത്തനം പ്രതീക്ഷിച്ചതിലും വേഗത്തില്‍ നടക്കുന്നതായാണ് കണ്ടത്. 

മനുഷ്യരിലും കുടല്‍സംബന്ധമായ രോഗങ്ങള്‍ക്ക് ഉപവാസം അത്യുത്തമമാണെന്നും കാര്‍ബോഹൈഡ്രേറ്റുകളുടെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും വൈറ്റ് ഹെഡ് സര്‍വകലാശാലയിലെ ഗവേഷകരിലൊരാളായ മരിയ മിഹേലോവ പറഞ്ഞു. 

കുടലിലെ കോശങ്ങളുടെ നാശത്തിന് കാരണമാവുന്ന കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയരാവുന്ന രോഗികള്‍ക്ക് ഉപവാസമുള്‍പ്പെടുത്തിയുള്ള ചികിത്സാരീതി കൂടുതല്‍ പ്രയോജനപ്പെടുമെന്ന് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റീവ് കാന്‍സര്‍ റിസേര്‍ച്ച് അംഗവും ഗവേഷകസംഘത്തിലെ മുതിര്‍ന്ന ഗവേഷകനുമായ ഒമര്‍ യില്‍ മാസ് അഭിപ്രായപ്പെട്ടു. പ്രായമായവരില്‍ കണ്ടുവരുന്ന കുടല്‍സംബന്ധമായ കൂടുതല്‍ ഫലപ്രദമാണെന്ന് പഠനം നിരീക്ഷിക്കുന്നു.