പുത്തൂർ പഞ്ചായത്തിലെ ആരോഗ്യപ്രവർത്തനങ്ങൾക്ക്‌ ഇനി സൗഹൃദാന്തരീക്ഷത്തോടെയുള്ള സംരക്ഷണവും പരിരക്ഷയും. ഒല്ലൂർ നിയോജകമണ്ഡലത്തിൽ സർക്കാരിന്റെ ആർദ്രം പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ഏക പ്രാഥമികകേന്ദ്രമാണ്‌ വെട്ടുകാട്ടെ കുടുംബാരോഗ്യകേന്ദ്രം. 37 ലക്ഷത്തോളം രൂപ ചെലവഴിച്ച്‌ പുനർനിർമിച്ച കേന്ദ്രം വെള്ളിയാഴ്ച രാവിലെ 10-ന്‌ മന്ത്രി എ.സി. മൊയ്തീൻ ജനങ്ങൾക്ക്‌ സമർപ്പിക്കും.

ദേശീയ ഗ്രാമീണ ആരോഗ്യമിഷൻ വഴി 13.60 ലക്ഷം രൂപയും പുത്തൂർ പഞ്ചായത്ത്‌ 18.5 ലക്ഷവുമാണ്‌ അനുവദിച്ചത്‌. 
മാന്ദാമംഗലം, മരോട്ടിച്ചാൽ, ചെമ്പംകണ്ടം തുടങ്ങിയ കിഴക്കൻ മലയോര കാർഷിക മേഖലയിൽപ്പെട്ട പാവപ്പെട്ട ജനങ്ങൾക്ക്‌ കേന്ദ്രം വലിയൊരാശ്വാസമാകും.

രാവിലെ ഒമ്പതു മുതൽ വൈകീട്ട്‌ ആറുവരെ ഒ.പി. വിഭാഗത്തിൽ പരിശോധനയുണ്ടാകും. മൂന്ന്‌ ഡോക്ടർമാരെയാണ്‌ നിയമിച്ചിട്ടുള്ളത്‌. മൂന്ന്‌ സ്റ്റാഫ്‌ നഴ്‌സുമാർ, ഫാർമസിസ്റ്റ്‌, ലാബ്‌ ടെക്‌നിഷ്യൻ എന്നിവരടക്കം 30 സ്ഥിരം ജീവനക്കാരുണ്ട്‌. എൻ.ആർ.എച്ച്‌.എം. വിഭാഗത്തിൽ മറ്റു രണ്ടു ജീവനക്കാരുടെ സേവനവും ലഭിക്കും.

പൊതുജനാരോഗ്യ വിഭാഗത്തിനുപുറമേ മാതൃ-ശിശുസംരക്ഷണം, ഇ-ഹെൽത്ത്‌ എന്നിവയ്ക്കും പ്രത്യേക വിഭാഗമുണ്ട്‌. പഞ്ചായത്തിലെ മുഴുവൻ ആളുകളെയും ഇ-ഹെൽത്ത്‌ സംവിധാനംവഴി ആധാറുമായി ബന്ധിപ്പിച്ചാണ്‌ ആരോഗ്യവിവരങ്ങൾ ശേഖരിക്കുന്നത്‌.
ഇതിൽ 80 ശതമാനം ജോലികളും പൂർത്തിയായതായി മെഡിക്കൽ ഓഫീസർ ഡോ. ആദിത്‌ പറഞ്ഞു. പ്രത്യേക സോഫ്‌റ്റ്‌വെയർ വഴിയാണ്‌ ഇത്‌ ബന്ധപ്പെടുത്തുന്നത്‌. ഇവിടെയെത്തുന്ന രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നുവെന്നുമാത്രമല്ല മറ്റിടങ്ങളിൽ വിദഗ്ധ ചികിത്സ ലഭിക്കുന്നതിനും ഇത്‌ പ്രയോജനപ്പെടും.

ഓരോ വാർഡിലും 25 പേരെവീതം നിയോഗിച്ച്‌ രൂപവത്‌കരിച്ച ‘ആരോഗ്യസേന’യ്ക്കാണ്‌ ഇതിന്റെ ചുമതല. ഇരുനൂറിലേറെ രോഗികളാണ്‌ ദിവസവും ഇവിടെ പരിശോധനതേടി എത്തുന്നത്‌. സംസ്ഥാന സർക്കാരിന്റെ നവകേരള മിഷൻ പരിപാടിയുടെ ഭാഗമായ രോഗീസൗഹൃദ കൂട്ടായ്മ വഴിയുള്ള ആരോഗ്യസംരക്ഷണമാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ കെ. രാജൻ എം.എൽ.എ. പറഞ്ഞു.

content highlights: family health mission hospital