ക്രിക്കറ്റ് കളിക്കുന്നത് മാത്രമല്ല, ക്രിക്കറ്റ് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണത്രേ..! കേട്ടിട്ട് അമ്പരക്കേണ്ട, നമ്മുടെ നാട്ടില്‍ സുലഭമായ ചീവീടാണ് ഈ ക്രിക്കറ്റ്..! ചീവിടുകളെ ഭക്ഷിക്കുന്നത് ശരീരത്തിന് പരോപകാരിയായ ഗട്ട് ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

ഭക്ഷ്യയോഗ്യമായ ചെറുപ്രാണികളെ ഭക്ഷിക്കുന്നത് നമ്മുടെ നാട്ടില്‍ അത്ര പ്രചാരത്തിലെത്തിയിട്ടില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ ഏറെ സ്വീകാര്യമായ ഭക്ഷണരീതിയാണ്. ഇത്തരത്തില്‍ ചീവിടുകളെ കഴിക്കുന്നത് ദഹനത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും ഏറെ സഹായകമായ ഗട്ട് ബാക്ടീരിയയുടെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്ന് ദി സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

18നും 48നും ഇടയില്‍ പ്രായമുള്ള നാല്‍പതോളം ആളുകളിലാണ് സ്റ്റള്ളും സംഘവും പഠനം നടത്തിയത്. നാലാഴ്ചയായിരുന്നു പഠനകാലയളവ്. പഠനത്തിന് വിധേയമാക്കിയവര്‍ക്ക് രണ്ടാഴ്ച ക്രിക്കറ്റ് അടങ്ങിയ പ്രഭാതഭക്ഷണവും രണ്ടാഴ്ച സാധാരണ ഭക്ഷണവും നല്‍കിക്കൊണ്ടായിരുന്നു പഠനം നടത്തിയത്. ക്രിക്കറ്റ് ഉള്‍പ്പെട്ട പ്രഭാതഭക്ഷണം കഴിച്ചവരില്‍ ഗട്ട് ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലുണ്ടായെന്ന് കണ്ടെത്തി. 

ലോകത്താകമാനം 2 ബില്ല്യണ്‍ ആള്‍ക്കാര്‍ പ്രാണികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണരീതി പിന്തുടരുന്നുണ്ടെന്നാണ് കണക്കുകള്‍. പ്രോട്ടീനിന്റേയും ധാധുക്കളുടേയും വിറ്റാമിനുകളുടേയും കലവറയായ ഇത്തരം പ്രാണികളെ കുറിച്ച് കൂടുതല്‍ പഠനം നടക്കുകയാണെന്ന് ഗവേഷകനായ വലേറിയ സ്റ്റള്‍ പറയുന്നു. 

വെസ്റ്റേണ്‍ ഫുഡ് ഡയറ്റില്‍ ചെറുജീവികളെ ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ്, ഇത്  പിന്തുടരുന്നവര്‍ക്ക് ഇപ്പോഴും ഭാവിയിലും ഗുണം ചെയ്യുന്ന ഒരു പഠനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്നും സ്റ്റള്‍ അഭിപ്രായപ്പെടുന്നു. 

Content Highlights: Eating crickets is good for your guts