ഭര്‍ത്താക്കന്മാരേക്കാള്‍ വരുമാനമുള്ള ഭാര്യമാര്‍ക്ക് വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. അമേരിക്കയിലെ ഇലിനോയിസ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

കുടുംബവരുമാനത്തിലേക്ക് സംഭാവന ചെയ്യുന്നതില്‍ സ്ത്രീകളാണ് മുന്‍പന്തിയിലെങ്കില്‍ അവര്‍ വളരെ വേഗം വിഷാദരോഗത്തിന് അടിമപ്പെടുന്നതായാണ് പഠനറിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതേ സമയം,പുരുഷന്മാരാണ് അധികവരുമാനക്കാരെങ്കില്‍ അവര്‍ക്ക് വിഷാദരോഗത്തിനുള്ള സാധ്യത തീരെയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീട്ടിലെ പ്രധാന വരുമാനം തങ്ങളുടേതാകണമെന്നാഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം ഭര്‍ത്താക്കന്മാരെന്നും റിപ്പോര്‍ട്ടിലുണ്ട്.

1957നും 1965നും ഇടയില്‍ ജനിച്ച 1463 പുരുഷന്മാരെയും 1769 സ്ത്രീകളെയും ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തിയത്. 1991ലാരംഭിച്ച പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏഴ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു പഠനവും സര്‍വ്വേയുമെന്ന് പഠനത്തിന് നേതൃത്വം നല്കിയ കരേന്‍ ക്രാമറും സുന്‍ജിന്‍ പാകും പറയുന്നു.

ജോലിയ്ക്ക് പോവാനാവാതെ കുട്ടികളെ നോക്കി വീട്ടിലിരിക്കേണ്ടി വരുന്നത് സ്ത്രീകളുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കാറില്ലെന്നാണ് പഠനറിപ്പോര്‍ട്ടിലുള്ളത്. കുട്ടികളെ പരിപാലിക്കുന്നതില്‍ അവര്‍ സംതൃപ്തരും സന്തോഷമുള്ളവരും ആയിരിക്കും. എന്നാല്‍, പുരുഷന്മാര്‍ക്ക് കുട്ടികളെ പരിപാലിക്കല്‍ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്‌.