ഇന്ത്യയിൽ രോഗികളെ പരിശോധിക്കാൻ ഡോക്ടർമാരെടുക്കുന്ന ശരാശരി സമയം രണ്ടുമിനിറ്റെന്ന് പഠനം. ലോകജനസംഖ്യയിൽ പകുതിക്കും പ്രാഥമിക പരിശോധനകൾക്ക് അഞ്ചുമിനിറ്റിൽതാഴെ സമയമാണ് ഡോക്ടർമാർ ചെലവഴിക്കുന്നത് -ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

പരിശോധനാ സമയത്തിലുണ്ടാവുന്ന കുറവ് രോഗികൾക്ക് ശരിയായ ചികിത്സ ലഭിക്കുന്നതിന് തടസ്സമാവും. രോഗികളുമായുള്ള ആശയവിനിമയക്കുറവ് മരുന്നുകളുടെ അമിത ഉപയോഗത്തിനും ഇടയാക്കും. ഡോക്ടർമാരുടെ ചികിത്സാജീവിതം എരിഞ്ഞടങ്ങുന്നതിലേക്കും സമയക്കുറവ് നയിക്കും.

വിശദപഠനത്തിനായി 67 രാജ്യങ്ങളിലെ 2.85 കോടി രോഗപരിശോധനാ കണക്കുകൾ ഗവേഷകർ വിശകലനം ചെയ്തു. രോഗപരിശോധനാ സമയത്തിൽ രാജ്യങ്ങൾതമ്മിൽ വലിയവ്യത്യാസമാണ് കണ്ടെത്തിയത്. ബംഗ്ലാദേശിൽ 48 സെക്കൻഡാണ് ശരാശരി സമയം. എന്നാൽ, സ്വീഡനിൽ ഇത് 22.5 മിനിറ്റാണ്.

വികസിത രാജ്യങ്ങളിൽ പരിശോധനാസമയം വർഷംതോറും കൂടിവരുമ്പോൾ ദരിദ്രരാജ്യങ്ങളിൽ ഇത് കുറയുകയാണെന്നും പഠനം വ്യക്തമാക്കുന്നു.
പ്രാഥമിക ആരോഗ്യസേവനങ്ങൾക്കായുള്ള ആവശ്യം ലോകത്ത് കൂടിവരികയാണ്. ജനസംഖ്യ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് രോഗപരിശോധനാസമയം കുറയാൻ കാരണമാവും.

 

content highlight: doctor patient relationship in india, medicine use