കോഴിക്കോട്: സദാ പുഞ്ചിരിക്കുന്ന മുഖവുമായി കാൽപന്തുകളിയെ പ്രണയിച്ച് നടന്നിരുന്ന നെല്ലിക്കോട് പൂതംകുഴി മീത്തൽ വിഷ്ണു (21) മരണത്തെ തോൽപ്പിച്ചിരിക്കുകയാണ്, അവയവദാനമെന്ന മഹാദാനത്തിലൂടെ...Kozhikode

വളയനാട് കാവിൽതാഴത്ത് താമസിക്കുന്ന സുനിൽകുമാർ-ബീന ദമ്പതിമാരുടെ മകൻ ആറുപേർക്ക് പുതുജീവനേകിയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. തങ്ങളുടെ പ്രതീക്ഷകളെ തകർത്ത ദുർവിധിയ്ക്കിടയിലും മകന്റെ ആഗ്രഹം പോലെ അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സന്നദ്ധരാവുകയായിരുന്നു.

വിഷ്ണുവിന്റെ ഹൃദയം മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിൽ ചികിത്സയിലുള്ള നരിക്കുനി സ്വദേശിനിയായ പതിനഞ്ചുകാരിയിൽ വ്യാഴാഴ്ച മുതൽ തുടിച്ചുതുടങ്ങി. യുവാവിന്റെ ഇരുവൃക്കകളും കരളും ഇരുമിഴികളും ഇനി മറ്റ് അഞ്ചുപേരിൽ ജീവസ്സുറ്റ് നിലനിൽക്കും.

വിഷ്ണുവിന്റെ ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കരളും രണ്ടാമത്തെ വൃക്കയും ആസ്റ്റർ മിംസ് ആശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്കാണ് മാറ്റിവെക്കുന്നത്. മെഡിക്കൽ കോളേജ് നേത്രബാങ്കിൽ സൂക്ഷിച്ച ഇരുമിഴികളും ചികിത്സയിലുള്ള രണ്ട് നേത്രരോഗികളിലേക്ക് പിന്നീട് മാറ്റിവെക്കും.

നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. ബൈപ്പാസിൽ പന്തീരാങ്കാവിന് സമീപത്തെ ആസ്ട്രോടർഫ് ഗ്രൗണ്ടിൽ ഫുട്ബാൾ കളി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിഷ്ണു. യാത്രയ്ക്കിടെ പെട്രോളിനായി പമ്പിലേക്ക് രാത്രി പത്തുമണിയോടെ പോകുന്നതിനിടെ മാത്തറയിലെ വളവിൽ എതിരേവന്ന കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ വിഷ്ണുവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മസ്തിഷ്കമരണം സംഭവിച്ചതിനാൽ വിഷ്ണു ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ മകന്റെ ആഗ്രഹംപോലെ അവന്റെ അവയവങ്ങൾ ദാനം ചെയ്യാൻ രക്ഷിതാക്കൾ തയ്യാറാവുകയായിരുന്നു. രക്തദാനമുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു വിഷ്ണു. അവയവങ്ങൾ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്ത ശേഷം വ്യാഴാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് കാവിൽത്താഴത്തെ വീട്ടിൽ പൊതുദർശനത്തിന് ശേഷം മാങ്കാവ് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.

പ്ലസ്ടു കഴിഞ്ഞ് മണൽത്താഴത്തെ പലചരക്ക് കടയിൽ അച്ഛനൊപ്പം സഹായിയായി നിൽക്കുകയായിരുന്നു വിഷ്ണു. ഏക സഹോദരി ലക്ഷ്മി മെഡിക്കൽ കോളേജ് കാമ്പസ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പി.എം. വിഷ്ണുവിന്റെ ഹൃദയം മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിൽ വെച്ച് പെൺകുട്ടിയിൽ വിജയകരമായി തുന്നിച്ചേർത്തത്. പോലീസ് എസ്കോർട്ടോടെയാണ് മെഡിക്കൽകോളേജ് ആശുപത്രിയിൽ നിന്ന് കാറിൽ മെട്രോമെഡിലെത്തിച്ചത്. മെട്രോമെഡ് കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിൽ രോഹിത് മിക്ക, ശിശിർ ബാലകൃഷ്ണപിള്ള, ഡോ. അബ്ദുൾ റിയാസ്, അനസ്തേഷ്യവിഭാഗം മേധാവി ഡോ. അശോക് ജയരാജ്, ഡോ. ലക്ഷ്മി, ഡോ. വിനോദ് എന്നിവരടങ്ങിയ സംഘമാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്.