പതിനാറുമണിക്കൂറുകള്‍നീണ്ട വാദങ്ങള്‍ക്കൊടുവില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ബില്‍ അര്‍ജന്റീന സെനറ്റ് തള്ളി. 14 ആഴ്ചവരെ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കുന്നത് നിയമവിധേയമാക്കാനുള്ള ബില്ലാണ് 31-നെതിരേ 38 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത്. മാതാവിന്റെ ജീവന് ഭീഷണിയുള്ള സാഹചര്യത്തിലും ബലാത്സംഗത്തിന് വിധേയരായവര്‍ക്കും മാത്രമാണ് അര്‍ജന്റീന ഗര്‍ഭച്ഛിദ്രത്തിന് അനുമതിനല്‍കുന്നത്.

റോമന്‍ കാത്തലിക് വിശ്വാസികള്‍ കൂടുതലുള്ള അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ ബില്‍ നിയമമാക്കാനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി നടത്തിവരികയാണ്. ഗര്‍ഭച്ഛിദ്രത്തെ എതിര്‍ത്തിരുന്ന പ്രസിഡന്റ് മൗറീഷ്യോ മക്രി വിഷയം കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക് വിടുകയും ജൂണില്‍ കോണ്‍ഗ്രസിന്റെ അധോസഭയില്‍ ബില്‍ പാസാകുകയും ചെയ്‌തോടെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതീക്ഷകളുയര്‍ന്നിരുന്നു. ബില്‍ വീണ്ടും സഭയില്‍ സമര്‍പ്പിക്കാന്‍ ഒരുവര്‍ഷംകൂടി കാത്തിരിക്കണം.

ബില്‍ തള്ളിയതോടെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും വിവിധയിടങ്ങളില്‍ പ്രകടനം നടത്തി. ചിലയിടങ്ങളില്‍ പ്രകടനം അക്രമാസക്തമായി. ഇവരെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

പ്രതിരോധശേഷിയില്ലാത്തവരുടെ പ്രതിരോധമാകുകയെന്ന പ്രധാന തത്ത്വത്തിലൂന്നിയ സമൂഹമായി മാറിയെന്നതില്‍ സന്തോഷമുണ്ടെന്ന് ബില്ലിനെ എതിര്‍ക്കുന്നവര്‍ പ്രതികരിച്ചു. അതേസമയം, ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ബില്ലിനെ അനുകൂലിക്കുന്ന സംഘടനകളും വ്യക്തമാക്കി. ഇത് അര്‍ജന്റീനയുടെ പൊതു ആരോഗ്യത്തെ ബാധിക്കുന്ന കാര്യമാണ്. നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രത്തിന് വിധേയരായ ലക്ഷക്കണക്കിന് സ്ത്രീകളാണ് ഓരോ വര്‍ഷവും അര്‍ജന്റീനയിലെ ആശുപത്രികളിലെത്തുന്നത്. 2016-ല്‍മാത്രം ഇങ്ങനെ 43 സ്ത്രീകള്‍ മരിച്ചെന്നും സംഘടനകള്‍ പറഞ്ഞു.

Content Highlights: Argentina's Senate Rejects Legalizing Abortion