മുന്‍ അമേരിക്കന്‍സ് നെക്‌സ്റ്റ് ടോപ് മോഡല്‍ ജെല്‍ സ്‌ട്രോസ് സ്തനാര്‍ബുദത്തെ തുടര്‍ന്ന് മരണമടഞ്ഞു. അര്‍ബുദത്തിന്റെ നാലാംഘട്ടം തിരിച്ചറിഞ്ഞ് രണ്ടു മാസങ്ങള്‍ക്കു ശേഷമായിരുന്നു മരണം. രോഗം തിരിച്ചറിഞ്ഞ ശേഷം കീമാതെറാപ്പി തുടങ്ങിയിരുന്നെങ്കിലും വൈകാതെ ഇത് അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അബോധാവസ്ഥയിലായിരുന്ന ജെല്‍ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. അര്‍ബുദം തിരിച്ചറിഞ്ഞ് രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഇവര്‍ തന്റെ രോഗവിവരം ആരാധകരുമായി പങ്കുവച്ചിരുന്നു.

ഒക്‌ടോബര്‍ നാലിന് ജെല്‍ സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി തന്റെ രോഗവിവരം പങ്കുവച്ചു. ചില കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്, സ്തനാര്‍ബുദത്തിന്റെ നാലാംഘട്ടത്തിലാണ് ഞാന്‍. അത് അതിവേഗം, അസഹനീയമായി എന്റെ ശരീരത്തെ കീഴടക്കികൊണ്ടിരിക്കുന്നു. 2013-ല്‍ തിരിച്ചുവന്നപോലെ ഒരു അത്ഭുതം എനിക്കു വേണം. ജെല്‍ കുറിച്ചു. 

ലഹരിക്ക് അടിമയായിരുന്ന ഇവര്‍ 2013-ലാണ് ഇതില്‍ നിന്ന് വിമുക്തയായത്. ശേഷം അഞ്ചുവര്‍ഷം പിന്നിട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിരുന്നു. ആഗസ്റ്റ് ആറിന് അവര്‍ എഴുതിയ കുറിപ്പില്‍ വളരെ ഹൃദയസ്പര്‍ശിയായ കാര്യങ്ങളാണ് പറയുന്നത്. ഞാന്‍ ഒരുനാഴികക്കല്ലു പിന്നിട്ടിരിക്കുന്നു. ലഹരി വിമുക്തമായിട്ട് ഇന്ന് അഞ്ചു വര്‍ഷം കഴിഞ്ഞു. രണ്ട് കാര്യങ്ങള്‍ ഞാനിപ്പോള്‍ തിരിച്ചറിയുന്നു. അത്ഭുതമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണ്. നിങ്ങള്‍ എത്ര ദൂരം പിന്നിട്ടാലും അതില്‍ നിന്നെല്ലാം ഒരു അതിജീവനം സാധ്യമാണ്. കുടുംബത്തിലെ എല്ലാവരോടും സ്‌നേഹവും നന്ദിയുമുണ്ട്. കാരണം സുഹൃത്തുക്കളല്ല വീട്ടുകാരാണ് എനിക്ക് പുതിയ ജീവിതം തന്നത്. എന്താണ് യഥാര്‍ത്ഥ സ്‌നേഹം എന്ന് കാണിച്ചു തന്ന പങ്കാളി കൊഡി ബിയറിനും നന്ദി... 

രോഗം തിരിച്ചറിഞ്ഞ ശേഷവും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി രോഗവിവരങ്ങള്‍ പങ്കുവച്ചു. എന്നാല്‍ സെപ്റ്റംബര്‍ അവസാനത്തോടെ ജെല്‍ വളരെയധികം ക്ഷീണിതയാകുകയായിരുന്നു. ഭീകരമായ വേദനയാണ് ഈ സമയങ്ങളില്‍ ഇവര്‍ അനുഭവിച്ചിരുന്നത്. 

content highlight: America's Next Top Model star Jael Strauss dies stage IV breast cancer diagnosis