'നില്‍പ്പനടി' ശീലമാക്കിയ ആളാണോ. എങ്കില്‍ സൂക്ഷിച്ചോളൂ... ചെറുപ്രായത്തില്‍ തന്നെ നിങ്ങളുടെ ഹൃദയം പണിമുടക്കാന്‍ സാധ്യത കൂടുതലാണ്. ഞൊടിയിടയില്‍ 'വെള്ളമടി'ക്കുന്നതിനുമുമ്പ് രണ്ടാമതൊന്നു കൂടി ആലോചിക്കണമെന്ന് ചുരുക്കം. 'നില്‍പ്പനടി' (വേഗത്തില്‍ മദ്യം വലിച്ചുകുടിക്കുന്നവര്‍)ക്കാരും അവരുടെ ഉയര്‍ന്ന സിസ്റ്റോളിക് രക്തസമ്മര്‍ദവും (ഹൃദയം മിടിക്കുമ്പോള്‍ രക്തക്കുഴലില്‍ അനുഭവപ്പെടുന്ന സമ്മര്‍ദം) തമ്മില്‍ ബന്ധമുണ്ടെന്നാണ് വാണ്ടര്‍ബില്‍റ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. ഹൃദ്രോഗമുണ്ടാക്കുന്നതു കൂടാതെ 'നില്‍പ്പനടി' കൊളസ്ട്രോളിനും കാരണമാകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

ഉയര്‍ന്ന സിസ്റ്റോളിക് സമ്മര്‍ദവും കൊളസ്ട്രോളും ഹൃദ്രോഗത്തിനു കാരണമാകുന്നു. 45 വയസ്സിനുമുന്പുള്ള ഉയര്‍ന്ന രക്തസമ്മര്‍ദം പിന്നീട് ഹൃദ്രോഗത്തിനു കാരണമാകുമെന്ന് നിലവില്‍ കണ്ടെത്തിയിട്ടുണ്ട്. 'നില്‍പ്പനടി' പതിവാക്കിയ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ആരോഗ്യപ്രശ്നങ്ങള്‍ വ്യത്യസ്തമാണ്. ആണ്‍കുട്ടികളില്‍ നില്‍പ്പനടി ഉയര്‍ന്ന സിസ്റ്റോളിക് രക്തസമ്മര്‍ദത്തിനും കൊളസ്ട്രോളിനും വഴിവെക്കുമ്പോള്‍ പെണ്‍കുട്ടികളില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുകയാണ് ചെയ്യുന്നത്.

18 വയസ്സിനും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവരുടെ ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാര, മറ്റ് ഹൃദയരോഗങ്ങള്‍ എന്നിവയാണ് ഗവേഷകര്‍ പഠിച്ചത്. പഠനത്തില്‍ ഭാഗമായ 25.1 ശതമാനം പുരുഷന്മാരും 11.8 ശതമാനം സ്ത്രീകളും നില്‍പ്പനടി ശീലമാക്കിയവരാണ്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലിലാണ് കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്.

Content Highlights: Alcohol and Cardiovascular Disease