നാലുവയസ്സുകാരിയുടെ തലയോട്ടി മാറ്റിവെച്ച് ഇന്ത്യന്‍ വൈദ്യശാസ്ത്ര മേഖലയില്‍ ചരിത്രം കുറിച്ച് പൂണയിലെ ഭാരതി ഹോസ്പിറ്റല്‍. മഹാരാഷ്ട്ര സ്വദേശിനിയായ നാലുവയസ്സുകാരി ഇഷിത ജവാലെയിലാണ് തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. ഇന്ത്യയില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന ആദ്യത്തെ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണിത്.

മഹാരാഷ്ട്രയില്‍ 2017 മെയ് 31 ന് നടന്ന അപകടത്തിലാണ് ഇഷിതയുടെ തലയോട്ടിക്ക് ഗുരുതര പരിക്കേറ്റത്. തുടര്‍ന്നു നടന്ന രണ്ടു ശസ്ത്രക്രിയകള്‍ക്കു ശേഷം ഇഷിതയെ ആശുപത്രിയില്‍ നിന്നു വിട്ടയച്ചു. തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി ഈ വര്‍ഷം പെണ്‍കുട്ടിയെ വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. 

തലയോട്ടിയില്‍ രക്തം കട്ടപിടിക്കുന്നതു ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണു ഡോക്ടര്‍മാര്‍ തലയോട്ടി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. തലയോട്ടിയില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്താല്‍ പെണ്‍കുട്ടിയുടെ ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്, അതുകൊണ്ട് തലയോട്ടി മാറ്റി വയ്ക്കുകയെന്നല്ലാതെ മറ്റുമാര്‍ഗം ഉണ്ടായിരുന്നില്ല എന്ന് പൂണ ഭാരത് ഹോസ്പറ്റിലിലെ ഡെപ്യൂട്ടി എംഡി ഡോ ജയന്ത് കേവല്‍ പറഞ്ഞു.  ശസ്ത്രക്രിയയോട് പെണ്‍കുട്ടിയുടെ ശരീരം അനുകൂലമായാണു പ്രതികരിച്ചതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് രണ്ടു മാസത്തിനു ശേഷം പെണ്‍കുട്ടി ആശുപത്രി വിട്ടു. 

നാലുവയസുകാരി ഇഷിതയുടെ തലയില്‍ ആഴത്തിലുള്ള ഏഴോളം മുറിവുകളായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ രക്ഷപെടാനുള്ള സാധ്യത താരതമ്യേന കുറവായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ഇഷിതയുടെ മുഖത്തിന്റെ രൂപം പഴയ രീതിയിലേയ്ക്ക് തിരിച്ചുവന്നിട്ടുണ്ട്.  14 വയസുവരെ പെണ്‍കുട്ടി നിരീക്ഷണത്തിലായിരിക്കുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ഇഷിത ഇപ്പോള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങിയെന്നും സുഹൃത്തുകളുമായി ഇടപെട്ടു തുടങ്ങിയതായും അമ്മ പറഞ്ഞു.