മുഖക്കുരു ഒരു പ്രശ്‌നമാണ് എല്ലാവര്‍ക്കും. കാഴ്ചയിലുള്ള പ്രശ്‌നങ്ങള്‍ മാത്രമല്ല, ചര്‍മത്തിലെ അസ്വസ്ഥതകള്‍ക്കും ഇത് ഇടയാക്കുന്നുണ്ട്. അതുപോലെ തന്നെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ് മാറിലെ കുരുക്കളും. 

വളരെ സെന്‍സിറ്റീവാണ് സ്തനചര്‍മം. ഇവിടെയുള്ള ചര്‍മത്തിലും ഹെയര്‍ ഫോളിക്കിളുകള്‍ ഉണ്ട്. ഇത്തരം ഹെയര്‍ ഫോളിക്കിളുകളില്‍ ചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സെബം എന്ന ദ്രാവകത്തിന്റെ അളവും വിയര്‍പ്പും കൂടുതലായിരിക്കും. സെബവും വിയര്‍പ്പും കൂടിച്ചേര്‍ന്ന് അണുബാധയുണ്ടാകുന്നതാണ് ഇവിടെ കുരുക്കള്‍ ഉണ്ടാകാന്‍ വഴിയൊരുക്കുന്നത്. 

സ്തനത്തില്‍ കുരുക്കള്‍ വരാനുള്ള കാരണങ്ങള്‍ 

സ്തനവലുപ്പം കൂടുന്നത്: സ്തനങ്ങള്‍ക്ക് വലുപ്പം കൂടുമ്പോള്‍ രണ്ട് സ്തനങ്ങള്‍ക്കും ഇടയിലുള്ള സ്ഥലം നഷ്ടപ്പെടുകയും തമ്മില്‍ ഇറുകി നില്‍ക്കുകയും ചെയ്യും. ഇതോടെ ആ ഭാഗത്ത് സമ്മര്‍ദം കൂടുകയും ഈര്‍പ്പം വര്‍ധിക്കുകയും ചെയ്യും. ഇത് കുരുക്കള്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടും.

ഇറുകിയ ബ്രാ ധരിക്കുന്നത്: കൃത്യമായ വലുപ്പത്തിലുള്ള ബ്രാ അല്ല ധരിക്കുന്നതെങ്കില്‍ അവിടെ ഇറുക്കവും സമ്മര്‍ദവും ഈര്‍പ്പവും വര്‍ധിക്കാന്‍ ഇടയാക്കും. ഇത് കുരുക്കള്‍ ഉണ്ടാകാന്‍ വഴിയൊരുക്കും. 

വിവിധ ക്രീമുകളുടെ ഉപയോഗം: ഹെയര്‍ റിമൂവല്‍ ക്രീമുകളുടെ ഉപയോഗം, പെര്‍ഫ്യൂം ഉപയോഗം, വാക്‌സിങ് തുടങ്ങിയവയൊക്കെ കുരുക്കള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നവയാണ്. 

അമിതമായ വിയര്‍പ്പ്: വ്യായാമത്തെത്തുടര്‍ന്നോ മറ്റോ അമിതമായി വിയര്‍ക്കുന്നത് സ്തനഭാഗത്തെ സെബേഷ്യസ് ഗ്രന്ഥികളില്‍ സെബം കെട്ടിക്കിടക്കാന്‍ ഇടയാക്കും. ഇതും കുരുക്കള്‍ ഉണ്ടാകാന്‍ വഴിയൊരുക്കും. 

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍: ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്തനങ്ങളെയും ബാധിക്കും. സ്ത്രീകളില്‍ പുരുഷ ഹോര്‍മോണ്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് സെബം കൂടുതലായി സ്രവിപ്പിക്കാന്‍ വഴിയൊരുക്കുന്നു. ഇത് കുരുക്കള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. 

ഭക്ഷണശീലങ്ങള്‍: കൂടുതല്‍ ഓയില്‍ അടങ്ങിയ ഭക്ഷണങ്ങള്‍, കൂടുതല്‍ കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍, ട്രാന്‍സ്ഫാറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് കുരുക്കള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇത്തരം ഭക്ഷണശീലങ്ങള്‍ ഭാരം വര്‍ധിക്കാനും അമിതമായ കൊഴുപ്പ് സ്തനങ്ങളില്‍ അടിഞ്ഞുകൂടാനും ഇടയാക്കുന്നു. ഇത് ആ ഭാഗത്ത് സമ്മര്‍ദം കൂടാനും കുരുക്കള്‍ ഉണ്ടാകാനും ഇടയാക്കുന്നു. 

മാനസിക സമ്മര്‍ദം: സ്‌ട്രെസ്സ് കൂടുന്നത് ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉത്പാദനത്തിന്റെ തോത് ഉയര്‍ത്തും. ഇത് സെബേഷ്യസ് ഗ്രന്ഥികളില്‍ നിന്നും സെബം കൂടുതലായി ഉത്പാദിപ്പിക്കാന്‍ ഇടയാക്കും. ഇതും കുരുക്കള്‍ കൂടാന്‍ കാരണമാകുന്നു. 

സ്തനഗ്രന്ഥികളിലെ അണുബാധ: മുലയൂട്ടല്‍ കാലത്തെയോ മറ്റോ അണുബാധ സ്തനങ്ങളില്‍ ചുവന്ന നിറത്തിലുള്ള, വേദനയുണ്ടാക്കുന്ന കുരുക്കള്‍ക്ക് കാരണമാകാറുണ്ട്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • നിങ്ങളുടെ ചര്‍മത്തിന് ചേരുന്നത് എന്താണെന്ന് അറിയുക. അവ മാത്രം ഉപയോഗിക്കുക. 
 • കൃത്യമായ അളവിലുള്ള ബ്രാ ഉപയോഗിക്കുക. അയഞ്ഞതോ കൂടുതല്‍ ഇറുക്കമുള്ളതോ ആയ ബ്രാ ഉപയോഗിക്കരുത്. 
 • ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. 
 • എണ്ണയുടെ അംശം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. 
 • ശുചിത്വം പാലിക്കുക. വിയര്‍പ്പ് കൂടുതലുള്ളവരാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. 
 • ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. 
 • മാറിന് വേണ്ട വ്യായാമം ചെയ്യുക. നല്ല ആകൃതിയും വലുപ്പവും നിലനിര്‍ത്താന്‍ ഇത് സഹായിക്കും. 
 • കുരുക്കള്‍ക്ക് ചുവപ്പുനിറവും ചൊറിച്ചിലും വേദനയുമൊക്കെ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് തയ്യാറാക്കുക. 
 • ചര്‍മരോഗ വിദഗ്ധരുടെ നിര്‍ദേശപ്രകാരമല്ലാതെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് എന്തെങ്കിലും ക്രീമുകളോ മറ്റോ വാങ്ങി പുരട്ടരുത്.

  Content Highlights: What is pimples on breasts, How to get rid of pimples on breasts, Why some people get breast acne