50 വയസ്സുകാരനാണ്. എന്റെ കവിളില്‍ കരിനീല നിറത്തില്‍ ഒരു പാടുണ്ട്. തടിപ്പൊന്നുമില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത് കണ്ടുതുടങ്ങിയത്. ഇപ്പോളത് കൂടുതല്‍ തെളിഞ്ഞുകാണുന്നു. ഇത് എന്തായിരിക്കും? പൂര്‍ണമായും മാറാന്‍ എന്തുചെയ്യണം?

ജിനന്‍, ഇ-മെയില്‍

ഒരു കവിളില്‍ മാത്രമായിട്ട് കാണുന്ന കരിനീല നിറത്തിലുള്ള പാട് മറുകാകാനാണ് സാധ്യത. നീവസ് ഓഫ് ഒട്ട (nevus of ota) എന്നറിയപ്പെടുന്ന ഇത്തരം മറുകുകള്‍ സാധാരണമായി കണ്ണിന് ചുറ്റും, നെറ്റി, കവിള്‍ അങ്ങനെ പരന്നുകിടക്കും. കണ്ണിനകത്തും കറുത്ത പൊട്ടുകള്‍ കാണാറുണ്ട്. മച്യുറേഷനല്‍ ഹൈപ്പര്‍ പിഗ്മെന്റേഷന്‍ (maturational hyperpigmentation) ആണ് മറ്റൊന്ന്. നെറ്റിയിലും കവിളിലും കാണുന്ന കറുത്ത പാടുകളാണ് ഇതിന്റെ ലക്ഷണം. ഇത് കൂടുതലായും പുരുഷന്മാരിലാണ് കാണുന്നത്. മാകുലാര്‍ ലൈക്കന്‍ പ്ലാനസ് (macular lichen planus), മെലാസ്മ (melasma) എന്നിങ്ങനെ ചില ത്വക്​രോഗങ്ങളും കവിളില്‍ നിറം മാറ്റമായി കാണപ്പെടാം. ഒരു ചര്‍മരോഗ വിദഗ്ധനെ കണ്ട് ചികിത്സിക്കുക. മറുകാണെങ്കില്‍ ലേസര്‍ ചികിത്സ വേണം. ചിലതിന് മരുന്നും ലേപനങ്ങളും മതിയാകും. കെമിക്കല്‍ പീലിങും ചിലപ്പോള്‍ ഫലപ്രദമാകും. പകല്‍ പുറത്തുപോകുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ശീലമാക്കുക.

കടപ്പാട്

ഡോ. നന്ദിനി നായര്‍
സ്‌കിന്‍ സ്‌പെഷ്യലിസ്റ്റ്&കോസ്മറ്റിക്ക് ഡെര്‍മറ്റോളജിസ്റ്റ് 
ക്യൂട്ടിസ് ക്ലിനിക്ക്, പള്ളിമുക്ക് എറണാകുളം 

(മാതൃഭൂമി ആരോഗ്യ മാസികയില്‍ പ്രസിദ്ധീകരിച്ചത് )

content highlight: what is nevus of ota