പ്രതിരോധത്തിന്റെ ഭാഗമായി നമ്മൾ ഇടയ്ക്കിടെ കൈ കഴുകുകയോ ഹാന്റ് സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യാറുണ്ട്. കൂടാതെ പുറത്ത് പോകുമ്പോഴും ജോലി ചെയ്യുമ്പോഴും മാസ്കും ധരിക്കുന്നുണ്ട്. ഇതെല്ലാം ചില ചർമപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. അത്തരം പ്രശ്നങ്ങളെക്കുറിച്ചും അവ പരിഹരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും അറിയാം.

1. ചർമ്മം വരണ്ടുകീറുക

തുടർച്ചയായി കൈ കഴുകുക, സോപ്പ്/സാനിറ്റൈസർ ഉപയോഗിക്കുക എന്നിവ ചെയ്താൽ ചർമത്തിന്റെ സ്വാഭാവിക മൃദുത്വം നഷ്ടപ്പെടുകയും തൊലി വിണ്ടുകീറാനും സാധ്യതയുണ്ട്.

2. കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്

നാം ഉപയോഗിക്കുന്ന സോപ്പ്, സാനിറ്റൈസർ എന്നിവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളോട് ശരീരം പ്രതികരിക്കാറുണ്ട്. അപ്പോൾ ചർമ്മത്തിൽ ചൊറിച്ചിലും മൊരിച്ചിലും ചുവപ്പ് നിറത്തോടു കൂടിയ റാഷസും ഉണ്ടാകാം. പണ്ടുമുതൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കൾക്കു വരെ പെട്ടെന്ന് അലർജിക് റിയാക്ഷൻ ഉണ്ടാവാറുണ്ട്. മാത്രമല്ല, കൈകൾ നനയുന്നത് മൂലം സ്വാഭാവിക പ്രതിരോധം നഷ്ടപ്പെടുകയും റിയാക്ഷൻ ഉണ്ടാവാനുള്ള സാധ്യതയേറുകയും ചെയ്യുന്നു. സോപ്പ്, സാനിറ്റൈസർ എന്നിവയിൽ അടങ്ങിയ ചെറിയ തോതിലുള്ള അലർജനുകളും തുടർച്ചയായുള്ള ഉപയോഗം കൊണ്ട് പ്രശ്നങ്ങൾ സൃഷ്ടിക്കാം. ഗ്ലൗസിനോടും അലർജി ഉണ്ടാകാറുണ്ട്.

3. പൂപ്പൽ ബാധ

ഈർപ്പം നിലനിൽക്കുന്ന ഭാഗങ്ങളിൽ, പ്രത്യേകിച്ച് വിരലിടകളിലും മാസ്ക് ഇറുകിയിരിക്കുന്ന ഭാഗങ്ങളിലും വിയർപ്പ് തങ്ങിനിൽക്കുന്നത് മൂലം പൂപ്പൽ ബാധ (ഫംഗൽ ഇൻഫെക്ഷൻ) ഉണ്ടാക്കുന്നു.

4. മുഖക്കുരു

പരുപരുത്ത സോപ്പിന്റെ ഉപയോഗവും മാസ്ക് ധരിക്കുന്നത് കൊണ്ടുള്ള സമ്മർദവും വിയർപ്പ് തങ്ങിനിൽക്കുന്നതും മുഖത്ത് കുരുക്കൾ (Acne exacerbetion) വർധിപ്പിക്കുന്നു.

എങ്ങനെ പരിഹരിക്കാം

1. കൈയും മുഖവും കഴുകാൻ അധികം ചൂടുള്ള വെള്ളം ഉപയോഗിക്കരുത്. ഇളം ചൂടുള്ള വെള്ളം അല്ലെങ്കിൽ തണുത്ത വെള്ളം മതി.

2. മൃദുവായ സോപ്പ് ഉപയോഗിക്കുക. ചർമ്മത്തിന് വരൾച്ചയുണ്ടാക്കുന്ന തരത്തിലുള്ള സോപ്പ് വേണ്ട.

3. ഹാൻഡ് സാനിറ്റൈസറിന്റെ ഉപയോഗം കുറയ്ക്കുക. വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാൻ സൗകര്യം ഇല്ലെങ്കിൽ മാത്രം സാനിറ്റൈസർ ഉപയോഗിക്കുക. അതിനുശേഷം മോസ്ചറൈസർ ഉപയോഗിക്കാൻ മറക്കരുത്.

4. എപ്പോൾ കൈ കഴുകിയാലും ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചാലും നിറവും മണവും അധികമില്ലാത്ത മോയ്‌സ്ചറൈസിങ് ക്രീം ഉപയോഗിക്കുക.

5. നനഞ്ഞ മാസ്ക് ധരിക്കരുത്. നനഞ്ഞാലും വിയർത്താലും മാസ്ക് മാറ്റണം.

6. മേക്ക്അപ്പ് ഒഴിവാക്കുക. ഫൗണ്ടേഷൻ, കോംപാക്റ്റ് എന്നിവ ഉൾപ്പടെ ഒഴിവാക്കുക. പക്ഷേ മോസ്ചറൈസർ, ലിപ്പ് ബാം എന്നിവ ഉപയോഗിക്കണം. ഇത് മുഖവും ചുണ്ടുകളും ഉണങ്ങി വരളാതിരിക്കാൻ സഹായിക്കും.

7. കൈകൾ കഴുകി മൃദുവായി ഒപ്പിയെടുത്ത് മോസ്ചറൈസർ ചർമ്മത്തിൽ നന്നായി പുരട്ടിയതിനു ശേഷം മാത്രം ഗ്ലൗസ് ഇടുക. വിരലുകളുടെ ഇടയിൽ ഈർപ്പം തങ്ങി നിൽക്കരുത്.

8. മുഖക്കുരു ഉള്ളവർ നോൺ കമെഡോജെനിക് ആയിട്ടുള്ള മോസ്ചറൈസർ വേണം മുഖത്ത് ഉപയോഗിക്കേണ്ടത്. മാസ്ക്കിന്റെ ഉപയോഗം മൂലം ചർമ്മത്തിൽ വിയർപ്പ് നിലനിൽക്കുന്നതിനാൽ ഇപ്പോൾ ഉപയോഗിക്കുന്ന മരുന്നുകളിൽ വ്യത്യാസം വരുത്തേണ്ടതായി വരാം. അതുപോലെ മരുന്നുകൾ അളവ് കുറച്ച് ഉപയോഗിക്കേണ്ടതായും വരാം. കുരുക്കളെ ചൊറിയുകയോ അമർത്തുകയോ ചെയ്യുന്നത് അവ പൊട്ടാനും പാടുകൾ ഉണ്ടാകാനും ഇടയാക്കും.

9. ചർമത്തിൽ ചൊറിച്ചിലോ മൊരിച്ചിലോ ചുവപ്പ് നിറമോ ഉണ്ടെങ്കിൽ വേഗം ചികിത്സ തേടണം.

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ശാലിനി വി.ആർ.
അസോസിയേറ്റ് കൺസൾട്ടന്റ്
ചർമരോഗ വിഭാഗം
എസ്.യു.ടി. ഹോസ്പിറ്റൽ, പട്ടം

Content Highlights:Skin care tips when using mask and sanitizer regularly, Health, Skin Care, SKin Health