ര്‍മത്തിന്റെ സ്വഭാവം ഒാരാരുത്തരിലും വ്യത്യസ്തമായിരിക്കും. അതിന് അനുയാജ്യമായ ഫേസ് പായ്ക്കുകള്‍ പ്രകൃതിമാര്‍ഗത്തില്‍ വീട്ടില്‍ തയ്യാറാക്കി ഉപയോഗിക്കാം. ചര്‍മസംരക്ഷണം ആരോഗ്യസംരക്ഷണത്തില്‍ നിര്‍ണായകമാണ്. ചര്‍മത്തെ വേറിട്ടുകണ്ടുകൊണ്ടുള്ള സമീപനം പ്രകൃതിചികിത്സയിലില്ല. ചര്‍മാരോഗ്യം എന്നത് ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ചര്‍മ സൗന്ദര്യത്തിനായി ഉപയോഗിക്കുന്ന കൃത്രിമ വസ്തുക്കളെല്ലാം പലപ്പോഴും ചര്‍മത്തിന് ദോഷകരമായി മാറാറുണ്ട്. അതുകൊണ്ട് പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പിന്തുടരുന്നതാണ് നല്ലത്. 

ഫേസ് പാക്ക് ചര്‍മത്തിന് അനുസരിച്ച് വരണ്ട ചര്‍മം, എണ്ണമയമുള്ള ചര്‍മം,സാധാരണ ചര്‍മം എന്നിങ്ങനെ ചര്‍മത്തെ മൂന്നായി തരംതിരിക്കാം. ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ചുള്ള നാച്വറല്‍ ഫേസ് പാക്ക് വേണം തിരഞ്ഞെടുക്കാന്‍. ഫേസ് പാക്കുകള്‍ ഇടുന്നതിന് മുമ്പ് മുഖം അഞ്ചു മിനിറ്റ് ആവി കൊളളിച്ച് നേര്‍ത്ത തുണികൊണ്ട് തുടച്ച് വൃത്തിയാക്കുക. ഇതോടൊപ്പം പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. നന്നായി വെള്ളം കുടിക്കണം. വ്യായാമം ശീലിക്കണം. നന്നായി ഉറങ്ങുകയും വേണം.

വരണ്ട ചര്‍മത്തിന്

സ്‌നേഹ ഗ്രന്ഥിയുടെ പ്രവര്‍ത്തന മാന്ദ്യമാണ് വരണ്ടചര്‍മത്തിന്റെ കാരണം. തൊലി വരണ്ടതും മൊരി പിടിച്ചതും മയമില്ലാത്തതും എളുപ്പം വിണ്ടു കീറുന്ന സ്വഭാവം ഉള്ളതുമായിരിക്കും. ഇതിന് ചില ഫേസ് പാക്കുകള്‍ ഉപയോഗിക്കാം. 

പപ്പായയും തേനും 

അരക്കപ്പ് പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം വരണ്ട ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. തേന്‍ പ്രകൃതിദത്തമായ മോയിസ്ചറൈസറാണ്. 

കക്കിരിയും കറ്റാര്‍ വാഴയും

കറ്റാര്‍ വാഴയുടെ വഴുവഴുപ്പുള്ള മധ്യഭാഗം ചുരണ്ടിയെടുക്കുക. ഇത് ചെറുതായി ചുരണ്ടിയ കക്കിരിയുമായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് ജലാംശം നിലനിര്‍ത്തുകയും രക്തസഞ്ചാരം വര്‍ധിപ്പിക്കുകയും ചെയ്യും. 

കടലമാവും തൈരും

രണ്ട് ടീസ്പൂണ്‍ കടല മാവില്‍ ഒരു ടീസ്പൂണ്‍ തൈരു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം നല്ലൊരു മോയിസ്ചറൈസറായി പ്രവര്‍ത്തിക്കുകയും മുഖക്കുരു മാറ്റാന്‍ സഹായിക്കുകയും ചെയ്യും. വരണ്ട ചര്‍മമുള്ളവര്‍ തേങ്ങാപ്പിണ്ണാക്ക് ഉപയോഗിച്ച് മുഖം കഴുകുന്നത് ജലാംശം നിലനിര്‍ത്താനും മുഖകാന്തി വര്‍ധിപ്പിക്കാനും സഹായിക്കും. 

സാധാരണ ചര്‍മത്തിന്

അധികം എണ്ണമയം ഇല്ലാത്തതും വരളാത്തതുമായ ചര്‍മമാണ് സാധാരണ ചര്‍മം. മഞ്ഞളും ചന്ദനവും ചേര്‍ത്ത് ഒരു ടീസ്പൂണ്‍ മഞ്ഞളും സമം അരച്ച ചന്ദനവും യോജിപ്പിച്ച് മിശ്രിതമാക്കി മുഖത്ത് പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. മെലാനിന്‍ എന്ന വര്‍ണവസ്തുവിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നതിനും മുഖചര്‍മം പരിപോഷിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.
തക്കാളിയും കക്കിരിയും-തക്കാളി നന്നായി ഉടയ്ക്കുക. ഇതോടൊപ്പം ചിരവിയ കക്കിരി യോജിപ്പിക്കുക. ഇത് മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ചര്‍മത്തിലെ സുഷിരങ്ങള്‍ തുറക്കുന്നതിനും എണ്ണമയം നിയന്ത്രിക്കുന്നതിനും അതുവഴി മുഖകാന്തി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

തൈരും ഓട്‌സും-ഒരു ടേബിള്‍ സ്പൂണ്‍ ഓട്‌സ് മിക്‌സിയിലിട്ട് പൊടിച്ചതും സമം തൈരും ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം ഫേസ് പാക്കായി ഉപയോഗിക്കാം. മുഖത്തെ പാടുകള്‍ മാഞ്ഞ് മുഖസൗന്ദര്യം വര്‍ധിപ്പിക്കുവാന്‍ ഈ ഫേസ് പാക്ക് നല്ലതാണ്. 

എണ്ണമയമുള്ള ചര്‍മത്തിന്

സ്‌നേഹഗ്രന്ഥികളുടെ അമിത പ്രവര്‍ത്തനമാണ് ചര്‍മത്തില്‍ എണ്ണമയമുണ്ടാകാന്‍ കാരണം. ആര്യവേപ്പും ചെറുനാരങ്ങയും- ആര്യവേപ്പില ആറെണ്ണം നന്നായി  അരച്ചെടുക്കുക. ഇതില്‍ ചെറുനാരങ്ങ ചേര്‍ക്കുക. ഈ  മിശ്രിതം മുഖത്ത് പുരട്ടാം. ഇത് മികച്ച അണുനാശിനിയാണ്. മുഖത്തെ പാടുകള്‍ നീക്കം ചെയ്യുന്നതിനും എണ്ണമയം വലിച്ചെടുക്കുന്നതിനും ഇത് സഹായിക്കും.  
കളിമണ്‍ പാക്ക്-ആറടി താഴ്ചയില്‍ നിന്നെടുത്ത കളിമണ്ണ് അരിച്ച് ശുദ്ധീകരിച്ചിട്ടാണ് ഉപയോഗിക്കുന്നത്. ഇത് വെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. അമിതമായ എണ്ണമയം മണ്ണ് വലിച്ചെടുക്കും.

ചന്ദന പാക്ക്-രക്തചന്ദനവും ചന്ദനവും സമാസമം യോജിപ്പിച്ച് മിശ്രിതമാക്കി മുഖത്ത് പുരട്ടുക. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. രക്തചന്ദനം മുഖത്തെ പാടുകള്‍ നീക്കും. ചന്ദനം എണ്ണമയം കുറയ്ക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ. ജ്യോതിശ്രീ
മഹാത്മാ പ്രകൃതിചികിത്സാ കേന്ദ്രം 
തളിപ്പറമ്പ് 

(മാതൃഭൂമി ആരോഗ്യ മാസികയില്‍ പ്രസിദ്ധീകരിച്ചത്)