മുഖത്ത് നെറ്റിയിലും കവിളിലും അങ്ങിങ്ങായി ഉയരുന്ന പഴുപ്പ് നിറഞ്ഞ ചുവന്ന കുരുക്കള്‍ വേദനയും അസ്വസ്ഥതയും ഉണ്ടാക്കുക മാത്രമല്ല, ആത്മവിശ്വാസം നശിപ്പിക്കുകയും ചെയ്യും. ചിലയിനം ബാക്റ്റീരിയകളുടെ പ്രവര്‍ത്തനം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍,സീബം എന്ന വസ്തുവിന്റെ അമിതോത്പാദനം തുടങ്ങിയവയാണ് പലരുടേയും സമാധാനം കളയുന്ന ഇത്തരം മുഖക്കുരുവിന്റെ പ്രധാന കാരണങ്ങള്‍.

കൗമാരത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വലിയ പ്രതിസന്ധിയാണ് മുഖക്കുരു. കൗമാരം കടന്നാലും ഈ പ്രശ്‌നം തീരാറില്ല. പലവിധ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ നമ്മളെ സ്വാധീനിക്കാറുണ്ട്. ഇത്തരം ഉത്പന്നങ്ങള്‍ മാറ്റിമാറി പരീക്ഷിക്കുന്നത് പലപ്പോഴും പ്രശ്‌നം രൂക്ഷമാക്കാറുമുണ്ട്. 

എങ്ങനെയാണ് മുഖക്കുരു ഉണ്ടാവുന്നത്?

സാധാരണ 10-13 പ്രായമാവുമ്പോഴാണ് മുഖക്കുരു എന്ന പ്രശ്‌നം കൗമാരക്കാരില്‍ ആരംഭിക്കുന്നത്. പെണ്‍കുട്ടികളിലാണ് ഇത് ആദ്യം കണ്ടുവരുന്നതെങ്കിലും മുഖക്കുരു തീവ്രമായി കാണുന്നത് ആണ്‍കുട്ടികളിലാണ്. 

ചര്‍മ്മത്തെ മൃദുലമാക്കാനായി ശരീരത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍ സീബം എന്ന ദ്രാവകം ഉത്പാദിപ്പിക്കുന്നുണ്ട്.  മുഖം കഴുത്ത്, മുതുക്, നെഞ്ച്, കൈയ്യുടെ മുകളില്‍ എന്നിവിടങ്ങളിലാണ് സീബം കൂടുതലായി കാണുന്നത്. 

പ്രായപൂര്‍ത്തിയാവുന്ന കുട്ടികളിലെ ആന്‍ഡ്രിജന്‍സ് ഹോര്‍മോണ്‍സ് ഈ സിബേഷ്യസ് ഗ്രന്ഥികളില്‍ പ്രവര്‍ത്തിക്കുകയും സീബം ഉത്പാദനം കൂട്ടുകയും ചെയ്യുന്നു. ഉത്പാദനം കൂടുന്നതിലൂടെ സിബേഷ്യസ് ഗ്രന്ഥികളിലെ സുഷിരങ്ങളില്‍ ബ്ലോക്ക് ഉണ്ടാവുകയും അതിനു മേലെ ശരീരത്തിലെ തന്നെ ബാക്ടീരിയകള്‍ പ്രവര്‍ത്തിച്ച് നീര്‍ക്കെട്ട് (inflamation) ഉണ്ടാവുകയും ചെയ്യുന്നു. അതാണ് ചെറിയ കുരുക്കളായി പ്രത്യക്ഷപ്പെടുന്നത്. 

മുഖക്കുരു ചികിത്സിക്കേണ്ടതുണ്ടോ ? 

ലോകാരോഗ്യസംഘടനയുടെ പട്ടിക പ്രകാരം മുഖക്കുരു ഒരു ക്രോണിക്ക് ഡിസീസ് ആണ്. അതായത് ദീര്‍ഘകാലം നിലനില്‍ക്കുന്ന രോഗം. ഈ മുഖക്കുര നിത്യജീവിതത്തെ, ബന്ധങ്ങളെ,ജോലിയെ ബാധിക്കുന്ന തരത്തില്‍ തീവ്രമാവുകയാണെങ്കില്‍ ചികിത്സ തേടാവുന്നതാണ്. ചികിത്സ തേടുന്നത് മുഖക്കുരുവിന് അനന്തരഫലമായി ഉണ്ടാവുന്ന പാടുകളും കുഴികളും ഇല്ലാതാക്കാന്‍ സഹായിക്കും. 

മുഖക്കുരുവിന്റെ തീവ്രത, രോഗിയുടെ ചര്‍മത്തിന്റെ പ്രത്യേകത, ജീവിതശൈലി എന്നിവ പരിഗണിച്ചാണ് മുഖക്കുരുവിന്റെ ചികിത്സ നിര്‍ണയിക്കുന്നത്. സ്റ്റേജ് അടിസ്ഥാനപ്പെടുത്തിയാ് ചികിത്സ. പ്രധാനമായും നാല് സ്റ്റേജുകളാണ് മുഖക്കുരുവിന്റെ ചികിത്സയ്ക്ക് ഉള്ളത്. 

ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യഘട്ടം. പിന്നീട് അത് ചുവന്ന തടിപ്പുകളായും പഴുപ്പു നിറഞ്ഞ വലിയ കുരുക്കളായും പൊട്ടി പാടുകള്‍ ഉണ്ടാവുന്ന തരത്തിലേക്ക് മാറുകയും ചെയ്യുന്നു. 

ആദ്യ സ്റ്റേജുകളിലെ മുഖക്കുരു പുരട്ടുന്ന ക്രീമുകള്‍ കൊണ്ട് തന്നെ ഭേദമാക്കാം. എന്നാല്‍ മുഖക്കുരു അവസാന സ്റ്റേജുകളിലേക്കെത്തുമ്പോള്‍ അകത്തേക്ക് കഴിക്കേണ്ട മരുന്നുകളുടെ സഹായത്തോടെ മാത്രമേ ഭേദമാക്കാന്‍ സാധിക്കുകയുള്ളൂ. ആന്റി ബയോട്ടിക്, ആന്റി ആന്‍ഡ്രിജന്‍ തുടങ്ങിയവ ഈ മരുന്നുകളില്‍ ഉള്‍പ്പെടുന്നു. ദീര്‍ഘകാലത്തേക്ക് തന്നെ മുഖക്കുരുവിന് ചികിത്സ വേണ്ടിവന്നേക്കാം. ഒരിക്കലും സ്വയം ചികിത്സ അരുത്.  

മുഖക്കുരു ചികിത്സയ്ക്ക് പ്രാഥമിക ഘട്ടത്തില്‍ ക്രീമുകളും ഗുളികകളുമാണ് നല്‍കുന്നത്. എന്നാല്‍ മുഖക്കുരുവിന്റെ തീവ്രത അനുസരിച്ച് ചികിത്സാ രീതി മാറിയേക്കാം. മൈക്രോ നീഡിലിങ്, പിഗ്മെന്റേഷന്‍, ലവേസര്‍ ട്രീറ്റ്‌മെന്റ്, ടിസിഎ തുടങ്ങിയ ചികിത്സകളും മുഖക്കുരുവിനുണ്ട്. 

മധ്യവയസ്സിലെ മുഖക്കുരു

30 മുതല്‍ 50 വയസ്സ് വരെയുള്ള സ്ത്രീകളിലും മുഖക്കുരു കണ്ടുവരാറുണ്ട്. ജീവിതരീതി, ഭക്ഷണക്രമം എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഇതുകൂടാതെ പിസിഒഡി, തൈറോയിഡ് പ്രശ്‌നങ്ങള്‍, ഹോര്‍മോണല്‍ വ്യതിയാനങ്ങള്‍ എന്നിവ മുഖക്കുരു ഉണ്ടാക്കുന്നതിന് കാരണമാവാം. 

ഹോര്‍മോണല്‍ പ്രശ്‌നമുള്ള മുഖക്കുരുവിനൊപ്പം അമിത രോമവളര്‍ച്ച, മുടികൊഴിച്ചല്‍, താരന്‍, കഴുത്തിനു ചുറ്റുമുള്ള കറുത്ത നിറം. ആര്‍ത്തവക്രമം തെറ്റല്‍, എന്നിവയും ഉണ്ടായേക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ചികിത്സിക്കുന്നതാണ് നല്ലത്. 

മുഖക്കുരു ഉള്ളവര്‍ ശ്രദ്ധിക്കാന്‍

  • മുഖക്കുരു പൊട്ടിക്കരുത്. 
  • കൈകൊണ്ട് തൊട്ടു കളിക്കരുത്
  • മുഖക്കുരുവിന് സ്വയം ചികിത്സ അരുത്.
  • അമിതവണ്ണമുണ്ടാക്കുന്ന തരത്തിലുള്ള ഭക്ഷണക്രമം തീര്‍ച്ചയായും മുഖക്കുരിവിലേക്കും നയിച്ചേക്കാം. 
  • പാലും പാലുത്പന്നങ്ങളും മുഖക്കുരു കൂട്ടും
  • ശരീരത്തിലെ ഷുഗറിന്റെ അളവ് കൂട്ടുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ (മധുര പലഹാരങ്ങള്‍, ചോക്ലേറ്റ്. പോപ്പ്‌കോണ്‍)തുടങ്ങിയവ മുഖക്കുരു കൂട്ടിയേക്കാം
  • ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ചര്‍മത്തില്‍ കുരുക്കള്‍ ഉണ്ടാക്കാന്‍ സാധ്യത വര്‍ധിപ്പിക്കും 

മുഖക്കുരു മാറ്റാന്‍ വിപണിയില്‍ ലഭിക്കുന്ന ക്രീമുകള്‍ നല്ലതാണോ

മുഖക്കുരുവിന് പരമാവധി ശാസ്ത്രീയ ചികിത്സ തേടുന്നതാണ് നല്ലത്. മുഖക്കുരു മാറ്റുന്ന എന്നവകാശപ്പെട്ട് മാര്‍ക്കറ്റില്‍ ലഭിക്കുന്ന മിക്ക ക്രീമുകളിലും സ്റ്റിറോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു വര്‍ധിപ്പിക്കുന്നതിന് കാരണമാവുന്നു.അമിതമായ കോസ്‌മെറ്റിക് ഉപയോഗം മുഖക്കുരു കൂട്ടാം. ക്രീമി ക്രീമുകള്‍ ഉപയോഗിക്കാനാണ് ശ്രദ്ധിക്കേണ്ടത്. 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സ്‌നിഗ്ധ, ഡെര്‍മറ്റോളജിസ്റ്റ്, കോഴിക്കോട് മേത്ര ആശുപത്രി