ദേഷ്യം വന്നിരിക്കുമ്പോ നിന്റെ തലയില്‍ കുറച്ച് വെള്ളം ഒഴിക്ക്, തലയൊന്നു തണുക്കട്ടെ എന്ന് കൂടെയുള്ളവര്‍ പറയുന്ന സാഹചര്യം നമുക്കും വന്നിട്ടില്ലേ... അപ്പൊ ചിരിച്ചു കളഞ്ഞാലും സംഗതി തമാശയായി കാണണ്ട. ഈ ചൂടുകാലത്ത് തലയ്ക്ക് പോലും  ഒന്ന് തണുത്തെങ്കിലെന്നൊക്കെ തോന്നും. 

ധാരാളം യാത്ര ചെയ്യുന്നവരാണ് നമ്മള്‍. അതുകൊണ്ടു തന്നെ പൊടിപടലങ്ങളും വിയര്‍പ്പും ഒക്കെ ചേര്‍ന്ന് മുടിയില്‍ അഴുക്ക് ധാരാളം ഉണ്ടാകും. ഇതു മൂലം നിയന്ത്രണാതീതമായി തല ചൊറിയാനുള്ള പ്രവണതയും കൂടും. ഈ ചൊറിച്ചിലിന് പെട്ടെന്ന് പരിഹാരമായി ഷാംപൂ തേച്ച് കുളിക്കുകയും ചെയ്യും. 

അതേസമയം ഷാംപൂവിന് പകരം നമ്മുടെ വീട്ടു വളപ്പില്‍ നിന്ന് കിട്ടുന്ന ചില ഇലകളുടെ താളി ഉപയോഗിച്ചാല്‍ തലയ്ക്ക് നല്ല തണുപ്പും കിട്ടും അഴുക്കു മാറുകയും ചെയ്യും. മുടിയുടെ സംരക്ഷണത്തിനായി ചൂടില്‍ ഉപയോഗിക്കാവുന്ന ചില പ്രകൃതിദത്ത ഷാംപൂ പരിചയപ്പെടൂ..

ചെമ്പരത്തിയില: പത്തോ പന്ത്രണ്ടോ ചെമ്പരത്തിയില എടുത്ത് ഇടിച്ച് പിഴിഞ്ഞ് കുറച്ച് വെള്ളവുമായി ചേര്‍ക്കണം. അത് തലയില്‍ നന്നായി തേച്ച് പിടിപ്പിക്കണം. തലയ്ക്ക് നല്ല തണുപ്പ് കിട്ടാനും ചൊറിച്ചിലും താരനും അഴുക്കും മാറി കിട്ടാനും ഉത്തമമാണ് ചെമ്പരത്തിത്താളി. മിക്‌സിയിലടിച്ചെടുക്കാതെ കല്ലില്‍ നന്നായി ഉരച്ചെടുക്കുന്നതാണ് നല്ലത്. 

കറ്റാര്‍വാഴ: തണുപ്പിനും താരന്‍ അകറ്റാനും ഉത്തമ ഔഷധമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ തണ്ടില്‍ നിന്ന് മുള്ളും പുറം ഭാഗവും മാറ്റിയ ശേഷം ഉള്ളിലുള്ള ജെല്‍ എടുത്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഈ ജെല്‍ ഉപയോഗിച്ച് തലയില്‍ നന്നായി മസാജ് ചെയ്യുന്നത് കുളിര്‍മ ലഭിക്കാനും താരന്‍ അകറ്റാനും ഇടയാക്കും. 

കുറുന്തോട്ടി: കുറുന്തോട്ടി സമൂലം താളിയായി ഉപയോഗിക്കാം. തണ്ടും ഇലയും കായും പൂവും ഇടിച്ച് പിഴിഞ്ഞ് തലയില്‍ തേച്ചു പിടിപ്പിച്ചാല്‍ മതി. താളി നന്നായി തലയില്‍ തേച്ചു പിടിപ്പിക്കണം. 

ഈ ചൂടുകാലത്ത് ഏതെങ്കിലും ഒരു താളി തേച്ച് കുളിക്കുന്നത് ശരീരത്തിന് നല്ലതാണ്. തലയില്‍ തേച്ചു പിടിപ്പിച്ച ശേഷം അഞ്ചു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. മുടിയുടെ ആരോഗ്യത്തിനും കൃത്രിമം കലരാത്ത ഇത്തരം താളികളാണ് ഉത്തമം. തുളസിയില, പാടത്താളി കാട്ടു താളി തുടങ്ങിയവയുടെ ഇലയും ഇത്തരത്തില്‍ താളിയായി ഉപയോഗിക്കാം. 

Content Highlight: Natural Shampoo For Hair Care, Hair Care in Summer, hair care tips for Summer