മുടി ഷാംപൂ ചെയ്തുകഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കൽ പതിവാണ്. എന്നാൽ ചിലർ അത് ചെയ്യാറില്ല. ഇതിനാൽ തന്നെ മുടി കെട്ടുപിണഞ്ഞ അവസ്ഥയുണ്ടാകാറുണ്ട്. കണ്ടീഷണർ ഉപയോഗിക്കുമ്പോൾ പൊതുവേ വരുത്തുന്ന തെറ്റുകൾ ഇവയാണ്.
മുടിവേരുകളിൽ കണ്ടീഷണർ ഉപയോഗിക്കുന്നത്
കണ്ടീഷണർ മുടിവേരുകളിൽ ഉപയോഗിക്കുന്നത് തലയോട്ടി കൂടതൽ വഴുവഴുപ്പുള്ളതാക്കി മാറ്റും. സാധാരണയായി തലയോട്ടിയിൽ സ്വാഭാവികമായ സെബം ഉത്പാദിപ്പിക്കാറുണ്ട്. ഇത് മുടിവേരുകളെ പുഷ്ടിപ്പെടുത്തുന്നതാണ്. ഇതിനൊപ്പം കണ്ടീഷണറുകൾ കൂടി ഉപയോഗിക്കുമ്പോൾ തലയോട്ടി കൂടുതൽ വഴുവഴുപ്പുള്ളതാകാൻ ഇടയാക്കും.
കണ്ടീഷണർ ശരിക്കും ഉപയോഗിക്കേണ്ടത് മുടിയുടെ നീളത്തിന്റെ മധ്യഭാഗം മുതൽ താഴേക്കാണ്. നന്നായി പതച്ച് ഒരു മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് വേണം കഴുകാൻ.
കണ്ടീഷണർ വളരെ കുറച്ചോ വളരെ കൂടുതലോ ഉപയോഗിക്കുന്നത്
കണ്ടീഷണർ ഉപയോഗിക്കാതിരിക്കുന്നത് മുടിയെ ദുർബലമാക്കാൻ ഇടയാക്കും. എന്നാൽ കൂടുതൽ അളവിൽ ഉപയോഗിക്കുന്നത് തലമുടി വഴുവഴുപ്പുള്ളതാക്കി മാറ്റും. വളരെ കുറച്ചാണ് ഉപയോഗിക്കുന്നതെങ്കിൽ അത് നമ്മൾ ഉദ്ദേശിച്ച ഫലം നൽകുകയും ഇല്ല. മുടിയുടെ നീളവും കട്ടിയും എത്രയുണ്ടെന്ന് നോക്കിയാണ് എത്ര അളവിൽ കണ്ടീഷണർ ഉപയോഗിക്കണം എന്ന് കണക്കാക്കുന്നത്. രണ്ട് വലിയ തുള്ളി(dollops) ഉപയോഗിക്കുന്നതാണ് എപ്പോഴും അനുയോജ്യം.
മുടിക്ക് അനുയോജ്യമല്ലാത്ത കണ്ടീഷണർ ഉപയോഗിക്കുന്നത്
മുടിയ്ക്ക് അനുയോജ്യമായ ഷാംപൂ ഉപയോഗിക്കുമ്പോൾ അതേ തരം കണ്ടീഷണർ തന്നെ വേണം ഉപയോഗിക്കാൻ. കനം കുറഞ്ഞ മുടിയാണെങ്കിൽ ലെെറ്റ് വെയ്റ്റ് കണ്ടീഷണർ വേണം ഉപയോഗിക്കാൻ. കനംകുറഞ്ഞ മുടി സ്ഥിരമായി ഡീപ് കണ്ടീഷൻ ചെയ്താൽ മുടി കൊഴിയാൻ ഇടയാക്കും. അതിനാൽ മുടിയുടെ സ്വഭാവത്തിന് അനുസരിച്ചുള്ള(ഹെയർ ടെെപ്പ്) ഗുണമേൻമയുള്ള കണ്ടീഷണർ തന്നെ ഉപയോഗിക്കണം.
കണ്ടീഷണർ പുരട്ടിയ ഉടൻ കഴുകിക്കളയുന്നത്
കണ്ടീഷണറിന് അതിന്റെ ജോലിചെയ്യണമെങ്കിൽ ഏതാനും മിനിറ്റുകൾ ആവശ്യമാണ്. കണ്ടീഷണർ പുരട്ടി നാലോ അഞ്ചോ മിനിറ്റ് മുടിയിൽ നിർത്തണം. ഇതുവഴി മുടിയ്ക്ക് ആവശ്യത്തിന് ജലാംശം ഉള്ളതായി നിലനിർത്താനാകും. മുടിയ്ക്ക് തിളക്കം ലഭിക്കുകയും ചെയ്യും.
Content Highlights: Mistakes you are making with your conditioner that leaves your hair greasy, Health, Beauty