ഷേവ് ചെയ്താല്‍ ചുവന്ന കുരുക്കള്‍ വരുന്നതിന് കാരണങ്ങള്‍ പലതാണ്. ബ്ലേഡിനോടോ അല്ലെങ്കില്‍ ഷേവ് ചെയ്യുന്നതിനു മുന്‍പും അതിനുശേഷവും ഉപയോഗിക്കുന്ന ജെല്‍, ക്രീം എന്നിവയോടോ ഉള്ള അലര്‍ജിയാകാം. എണ്ണമയം കൂടുതലുള്ള ചര്‍മക്കാര്‍ക്ക് മുഖക്കുരു ഉണ്ടാകാം. ഷേവ് ചെയ്യുന്ന രീതി ശരിയായില്ലെങ്കില്‍ ഇന്‍ഗ്രോണ്‍ ഹെയറിനുള്ള(അകത്തേക്ക് മടങ്ങി വളരുന്ന രോമം) സാധ്യത കൂടുതലാണ്. അങ്ങനെയും കുരുക്കളും പഴുപ്പുമുണ്ടാകാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഷേവ് ചെയ്യുന്നതിന് മുന്‍പ് ഇളം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് മുഖം കഴുകുക.
- ഷേവിങ് ജെല്‍ പുരട്ടിയ ശേഷം രോമം വളരുന്ന അതേ ദിശയില്‍ ഷേവ് ചെയ്യുക.
- റേസര്‍ ചര്‍മത്തില്‍ ഒരുപാട് അമര്‍ത്തരുത്.
- ഡിസ്‌പോസിബിള്‍ മള്‍ട്ടി ബ്ലേഡ് റേസറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
- ഷേവിങ് കഴിഞ്ഞാല്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. അതിനുശേഷം തണുത്ത വെള്ളം കൊണ്ടും കഴുകുക.
- ഷേവ് ചെയ്ത ഭാഗം ടവല്‍ ഉപയോഗിച്ച് അമര്‍ത്തിത്തുടയ്ക്കരുത്. വെള്ളം ഒപ്പിയെടുക്കുക. അതിനുശേഷം ആന്റിസെപ്റ്റിക് ക്രീം പുരട്ടുക.
- എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ ക്രീം പുരട്ടരുത്.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. നന്ദിനി നായര്‍
കോസ്മറ്റിക് ഡെര്‍മറ്റോളജിസ്റ്റ്
ക്യൂട്ടീസ് ക്ലിനിക്, കൊച്ചി
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: Red pimples on face after shaving, Health, Beauty