ചർമത്തിന് പ്രായമാവുന്നത് എല്ലാവരും നേരിടുന്ന ഒരു പ്രതിസന്ധിയാണ്. ചർമത്തെ എന്നും യൗവനത്തോടെ പരിപാലിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ടായിരിക്കും. ഇതിന് വേണ്ട ചില വഴികൾ ഇതാണ്.
ക്ലെൻസിങ്ങും മോയ്സ്ചറൈസിങ്ങും
ചർമം സുന്ദരമായും യൗവനത്തോടെയും നിലനിർത്താൻ ക്ലെൻസിങ്ങും മോയ്സ്ചറൈസിങ്ങും ചെയ്യണം. മുഖചർമത്തിലെ മാലിന്യങ്ങൾ നീക്കി ചർമം തിളങ്ങാൻ ക്ലെൻസർ ഉപയോഗിച്ച് മൃദുവായി തടവാം. ചർമത്തിന് അനുയോജ്യമായ തരത്തിലുള്ള ക്ലെൻസറുകളാണ് ഉപയോഗിക്കേണ്ടത്. ക്ലെൻസിങ്ങ് ചെയ്തുകഴിഞ്ഞാൽ നല്ലൊരു മോയ്സ്ചറൈസർ കൂടി മുഖ ചർമത്തിൽ പുരട്ടാം. ഇത് ചർമം മൃദുവാക്കുകയും തിളക്കമേകുകയും ചെയ്യും.
സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കാം
വെയിലത്ത് പുറത്തുപോകുമ്പോഴെല്ലാം നല്ലൊരു സൺസ്ക്രീൻ ലോഷൻ പുരട്ടണം. സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന അൾട്രാവയലറ്റ് കിരണങ്ങൾ ചർമത്തിലെ കൊളാജനെ തകർക്കും. ഇതുമൂലം ചർമത്തിൽ പാടുകളും കരിവാളിപ്പും ഉണ്ടാകും. സ്കിൻ ടോൺ തന്നെ മാറാൻ ഇത് കാരണമാകും. സൺ പ്രൊട്ടക്ഷൻ ഫാക്ടർ (എസ്.പി.എഫ്.) മുപ്പതെങ്കിലും അടങ്ങിയ സൺസ്ക്രീൻ ലോഷൻ വേണം ഉപയോഗിക്കാൻ.
ആവശ്യത്തിന് ഉറങ്ങണം
നല്ല ആരോഗ്യമുള്ള ചർമത്തിന് ആവശ്യത്തിന് ഉറക്കം വേണം. ഉറക്കം കുറഞ്ഞാൽ ചർമത്തിൽ പ്രശ്നങ്ങളുണ്ടാകും. മുഖം അമർന്നുകിടക്കാതെയും ശ്രദ്ധിക്കണം. അല്ലെങ്കിൽ മുഖത്ത് പാടുകളുണ്ടാകും.
നല്ല ഭക്ഷണം കഴിക്കണം
അനാരോഗ്യകരമായ ഭക്ഷണരീതി ചർമത്തിന് പ്രശ്നങ്ങളുണ്ടാക്കും. എന്നാൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കുമ്പോൾ ചർമം മൃദുവാകും. ആരോഗ്യമുള്ളതാവും. തിളക്കമുള്ളതാകും. ഭക്ഷണത്തിൽ മധുരവും കാർബോഹൈഡ്രേറ്റും വലിയ തോതിൽ ഉൾപ്പെടുത്തുന്നത് ചർമത്തിന് ദോഷം ചെയ്യും. അതിനാൽ ഇവ നിയന്ത്രിക്കണം. മദ്യം, പുകയില ഉത്‌പ്പന്നങ്ങൾ എന്നിവ അകറ്റിനിർത്തണം. ഇതുവഴി ചർമം കൂടുതൽ സുന്ദരമാകും. പ്രായമാകുന്നത് തടയും.
Content Highlights:Here are some ways to prevent skin aging anti ageing skincare tips, Health, Beauty