ചര്‍മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും വിപണിയില്‍ കിട്ടുന്ന ലേപനങ്ങളും നാട്ടുമരുന്നുകളും മാത്രം പുരട്ടിയാല്‍ പോര. മറിച്ച് ആരോഗ്യപ്രദമായ ഭക്ഷണവും കൂടി കഴിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശരിയായ പോഷകങ്ങള്‍ ശരിയായ സമയത്ത് ലഭിക്കേണ്ടത് ചര്‍മത്തിന്റെ ആരോഗ്യത്തിന് അനിവാര്യമായ കാര്യമാണ്. ചര്‍മത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന ഏതാനും ഭക്ഷണങ്ങള്‍ പരിചയപ്പെടാം.

മുട്ട

ചര്‍മത്തിലെ കേടായ കോശങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സഹായിക്കുന്ന പ്രോട്ടീനുകള്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. മുട്ടയിലെ മള്‍ട്ടി വിറ്റാമിനുകളും ലൂട്ടെയ്‌നും ചര്‍മം വരണ്ടുപോകാതെ കാത്തുസൂക്ഷിക്കുന്നു. മുട്ട കഴിക്കുന്നത് ശീലമാക്കുന്നത് ചര്‍മത്തിനു വേണ്ട പോഷണം ഉറപ്പുവരുത്തുന്നു.

ഡാര്‍ക്ക് ചോക്ക്‌ലേറ്റ്

കോപ്പര്‍, സിങ്ക്, അയണ്‍ തുടങ്ങിയ പോഷകങ്ങള്‍ ഡാര്‍ക്ക് ചോക്ക്‌ലേറ്റില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചര്‍മത്തിലെ നാശമായ കോശങ്ങളെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചര്‍മത്തിനു സംഭവിക്കുന്ന കേടുപാടുകള്‍ പരിഹരിക്കാന്‍ ഡാര്‍ക്ക് ചോക്കലേറ്റ് ഗുണം ചെയ്യും. 

നട്‌സ്

പിസ്ത, ബദാം, വാള്‍നട്‌സ്, കശുവണ്ടി തുടങ്ങി എല്ലാ നട്‌സും ചര്‍മസംരക്ഷണത്തിന് ആവശ്യമായ പോഷകങ്ങള്‍ പ്രദാനം ചെയ്യുന്നു. വാള്‍നട്ടില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി ചര്‍മത്തിലെ ചുളിവ് കുറയ്ക്കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

കശുവണ്ടിയിലെ വിറ്റാമിന്‍ ഇ, സെലേനിയം, സിങ്ക് എന്നിവ ആരോഗ്യമുള്ള ചര്‍മം സ്വന്തമാക്കാന്‍ സഹായിക്കും

തക്കാളി

വിറ്റാമിന്‍ സിയുടെ കലവറയാണ് തക്കാളി. ലൈക്കോപീന്‍ ഉള്‍പ്പടെ പ്രധാനപ്പെട്ട കരാറ്റിനോയിഡുകളെല്ലാം തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചര്‍മത്തിന് ഏല്‍ക്കുന്ന ആഘാതങ്ങളില്‍നിന്ന് ബീറ്റാ കരോട്ടിന്‍, ല്യൂട്ടെന്‍, ലൈക്കോപീന്‍ എന്നിവ സംരക്ഷണം നല്‍കുന്നു. ഇതിനുപുറമെ  ചുളിവുകളുണ്ടാകാതെയും ഇവ ചര്‍മ്മത്തെ കാത്തുസൂക്ഷിക്കും. 

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കന്ന കാറ്റെഷിന്‍സ് എന്ന സംയുക്തം ചര്‍മത്തെ പലവിധത്തിലും ആരോഗ്യപ്രദമായി കാത്തുസൂക്ഷിക്കുന്നുണ്ട്. സൂര്യപ്രകാശം കൊണ്ട് ചര്‍മത്തിനുണ്ടാകുന്ന കേടുപാടുകള്‍ ഗ്രീന്‍ ടീ പരിഹരിക്കുന്നു. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചര്‍മത്തിനുണ്ടാകുന്ന ചുവപ്പ് നിറം ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നവരില്‍ 25 ശതമാനത്തോളം കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

Content highlights: health tips skin care food items skin glowing