മുഖസൗന്ദര്യം കാത്തുസൂക്ഷിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പ്രായത്തിന്റെ അടയാളങ്ങളും സമയക്കുറവും ജോലിത്തിരക്കും കാലാവസ്ഥയും മുഖസൗന്ദര്യ സംരക്ഷണത്തിന് തടസ്സമാവാറുണ്ട്. മുഖചര്‍മ സൗന്ദര്യത്തില്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് മുഖം കഴുകുന്നതാണ്. മുഖം കഴുകുന്ന അവസരത്തില്‍, മിക്ക സ്ത്രീകളും ചെയ്യുന്നതും എന്നാല്‍ ഒഴിവാക്കേണ്ടതുമായ ചില തെറ്റായ പ്രവണതകളുണ്ട്..

1. തെറ്റായ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കല്‍

അഴുക്കും മൃതചര്‍മ്മ കോശങ്ങളെയും മേക്കപ്പും നീക്കം ചെയ്യാന്‍ സഹായിക്കുന്നതും ആരോഗ്യകരമായ ചര്‍മത്തിനു കേടുവരുത്താതും സ്വാഭാവിക എണ്ണമയം ഇല്ലാതാക്കാത്തതുമായ ക്ലെൻസൻ തിരഞ്ഞെടുക്കുക. വീര്യം കൂടിയതോ (ചര്‍മത്തില്‍ അസ്വസ്ഥതകള്‍ക്ക് കാരണമാവും) തീരെ ശക്തികുറഞ്ഞതോ (ശരിയായ രീതിയില്‍ വൃത്തിയാക്കില്ല) ആയ ഉത്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

നിങ്ങളുടെ ചര്‍മത്തിന്റെ സ്വഭാവത്തിന് അനുസൃതമായ ഉത്പന്നങ്ങള്‍ വാങ്ങുക, എപ്പോഴും ഇവയുടെ ലേബലുകള്‍ ശ്രദ്ധിക്കണം.സ്വാഭാവിക ചര്‍മം മുതല്‍ വരണ്ട ചര്‍മം വരെയുള്ളവര്‍ ജലീകരണം നടത്തുന്നതും കൊഴുത്തതുമായ ഒരു ക്ലെൻസിങ് ലോഷന്‍ ഉപയോഗിക്കണമെന്നതാണ് പൊതുവായ മാര്‍ഗനിര്‍ദേശം. എണ്ണമയമുള്ള ചര്‍മമുള്ളവരും കോമ്പിനേഷന്‍ ചര്‍മമുള്ളവരും ജെല്‍ അല്ലെങ്കില്‍ പതയുള്ള ക്ലെൻസറുകൾ ഉപയോഗിക്കണം.
ക്ലെൻസറുകളുടെ ഉള്ളടക്കത്തെ കുറിച്ച് കൃത്യമായി വായിച്ചു മനസ്സിലാക്കുകയും അതില്‍ അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ അടങ്ങിയിട്ടില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

2. ക്ലെൻസിങ് ഉത്പന്നം കൂടുതല്‍ കാലത്തേക്ക് സൂക്ഷിച്ചുവയ്ക്കുക

ചിലര്‍, ഉപയോഗിച്ചതിന്റെ ബാക്കി ക്ലെൻസർ ഭാവിയിലെ ഉപയോഗത്തിനായി കൂടുതല്‍ കാലം സൂക്ഷിച്ചുവയ്ക്കാറുണ്ട്.
ക്ലെൻസറുകള്‍ക്ക് നല്ല ഗന്ധം ഉണ്ടായിരിക്കുകയും നല്ലതെന്ന് തോന്നുകയും ചെയ്താല്‍ പോലും കൂടുതല്‍ കാലം സൂക്ഷിച്ചുവച്ചിരിക്കുന്നവയ്ക്ക് ഗുണം കുറവായിരിക്കും. ഇത്തരം ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെ കാലാവസ്ഥാ വ്യതിയാനവും ബാധിക്കും. പായ്ക്കിനു മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതിക്കുള്ളില്‍ ഉത്പന്നം ഉപയോഗിച്ചു തീര്‍ക്കുക.

3. ആദ്യം കൈകള്‍ വൃത്തിയാക്കാതിരിക്കുക

ദിവസം മുഴുവന്‍ പല വസ്തുക്കളില്‍ സ്പര്‍ശിക്കുമെന്നതിനാല്‍ നമ്മുടെ കൈകളില്‍ അഴുക്കും അണുക്കളും അടിഞ്ഞുകൂടാന്‍ സാധ്യത കൂടുതലാണ്. ക്ലെന്‍സിങ് നടത്തുന്നതിനായി വൃത്തിഹീനമായ കൈകള്‍ മുഖത്ത് ഉരസരുത്.
ക്ലെൻസിങ്ങിന് മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക.

4. അമിതമായ വൃത്തിയാക്കല്‍

ദിവസം ഒന്നോ രണ്ടോ തവണ മുഖം കഴുകിയാല്‍ മതിയാവും. ഇടവിട്ട് മുഖം കഴുകുന്നതു മൂലം ചര്‍മത്തിലെ എണ്ണമയം നഷ്ടമാവുകയും ചര്‍മത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും. ഇതു മൂലം എണ്ണ കൂടുതലായി ഉത്പാദിപ്പിക്കുന്നതിനും കാരണമായേക്കാം.

5. മുഖം വൃത്തിയാക്കുന്നതിന് ചൂടുവെള്ളം ഉപയോഗിക്കല്‍

ചൂടുവെള്ളം ഉപയോഗിക്കുന്നതു മൂലം ചര്‍മത്തിലെ ചെറു സുഷിരങ്ങള്‍ തുറക്കുമെന്നാണ് പറയപ്പെടുന്നത് എങ്കിലും അത് അങ്ങനെയല്ല.ചൂടുവെള്ളം ചര്‍മ്മത്തിന്റെ സ്വാഭാവികമായ എണ്ണമയം ഇല്ലാതാക്കുകയും ചര്‍മം വരണ്ടതാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍, ചര്‍മം കൂടുതല്‍ വരളുന്ന അവസരത്തില്‍ അതിനെ പ്രതിരോധിക്കുന്നതിനായി കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കപ്പെടുന്നു.മുഖം കഴുകുന്നതിന്, അന്തരീക്ഷ താപനിലയ്ക്ക് അനുസൃതമായതോ ഇളം ചൂടുള്ളതോ ആയ വെള്ളം ഉപയോഗിക്കുക.

6. ശരിയായി കഴുകാതിരിക്കുക

ക്ലെൻസർ ഉപയോഗിച്ച ശേഷം അത് വൃത്തിയായി കഴുകിക്കളയണം.വൃത്തിയായി കഴുകാതിരിക്കുന്നത്  അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുന്നതിനും ചര്‍മ്മത്തിലെ ചെറു സുഷിരങ്ങള്‍ അടയുന്നതിനും കാരണമായേക്കാം.
നന്നായി കഴുകുക, മൂക്ക്, മുടിയുടെ അരികുമായി ചേരുന്ന സ്ഥലം, താടി എന്നീ ഭാഗങ്ങള്‍ക്ക് ശ്രദ്ധ നല്‍കണം.

7. കൂടുതല്‍ എക്‌സ്‌ഫോലിയേറ്റ് ചെയ്യല്‍

എല്ലാ ദിവസവും ചര്‍മത്തിന്റെ മൃതകോശങ്ങള്‍ ഉതിര്‍ത്തുകളയുന്നതിനായി എക്‌സ്‌ഫോലിയേറ്റിംഗ് നടത്തേണ്ടതില്ല. ഇതിനായി ഉപയോഗിക്കുന്ന ക്രീമുകളില്‍ ശക്തമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അവ ആരോഗ്യമുള്ള ചര്‍മകോശങ്ങളെയും ഉതിര്‍ത്തു കളഞ്ഞേക്കാം. ഇതു മൂലം ചര്‍മം വരളുന്നതിനും അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനും കാരണമായേക്കാം.

കൂടുതല്‍ എക്‌സ്‌ഫോലിയേഷന്‍ അല്ലെങ്കില്‍ പരുപരുത്ത എക്‌സ്‌ഫോലിയേറ്റിംഗ് ക്രീം ഉപയോഗിക്കുന്നതു മൂലം ചര്‍മത്തില്‍ വളരെ സൂക്ഷ്മമായ കീറലുകള്‍ ഉണ്ടാകുകയും ചര്‍മത്തില്‍ അസ്വസ്ഥത ഉണ്ടാവുകയും ചെയ്യാം.
ആഴ്ചയില്‍ മൂന്നോ നാലോ തവണ എക്‌സ്‌ഫോലിയേറ്റിംഗ് ഏജന്റുകള്‍ ഉപയോഗിക്കാമെന്നാണ് ശുപാര്‍ശ ചെയ്യപ്പെടുന്നത്.

8. ടവ്വല്‍ ഉപയോഗിച്ച് തുടയ്ക്കല്‍

മുഖത്ത് ഉരസുന്നതിനായി കൈകള്‍ ഉപയോഗിക്കുക, ടവ്വല്‍ ഉപയോഗിച്ച് ഉരസരുത്. ക്ലെൻസിങ്ങിന് വേണമെങ്കില്‍ വൃത്തിയുള്ളതും മൃദുവായതുമായ ഒരു വാഷ് ക്‌ളോത്ത് ഉപയോഗിക്കാം.സാധാരണ ടവ്വല്‍ ഉപയോഗിച്ച് മുഖം അമര്‍ത്തി തുടയ്ക്കരുത്.ടവ്വല്‍ ഉപയോഗിച്ച് മുഖത്ത് അമര്‍ത്തി ഉരസുന്നത് ഇലാസ്റ്റിന് തകരാറു പറ്റാന്‍ കാരണമായേക്കാം.

ക്ലെൻസിങ്ങിനുശേഷം മുഖം മൃദുവായി ഒപ്പി ഈര്‍പ്പരഹിതമാക്കാം.രണ്ട് ദിവസം കൂടുമ്പോള്‍ മുഖം തുടയ്ക്കാന്‍ ഉപയോഗിക്കുന്ന ടവ്വല്‍ മാറ്റേണ്ടതാണ്.

9. ചര്‍മ്മം ഉണങ്ങിയ ശേഷമുള്ള മോയിസ്ചറൈസിംഗ്

പൂര്‍ണമായും ഈര്‍പ്പരഹിതമായ ചര്‍മ്മത്തില്‍ മോയിസ്ചറൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍ അതിലെ ആക്ടീവ് ചേരുവകള്‍ക്ക് ചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകും. ക്ലെൻസിങ്ങിനുശേഷം ഉടന്‍ തന്നെ മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല വഴി.

10. ഫേസ് വൈപ്പുകളുടെ ഉപയോഗം

ക്ലെൻസിങ് വൈപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ അഴുക്കും എണ്ണമയവും മുഖത്തു നിന്ന് നീക്കം ചെയ്യുന്നതിനെക്കാള്‍ കൂടുതലായി അവ പറ്റിപ്പിടിക്കുന്നതിനായിരിക്കും സഹായിക്കുക. കാരണം, മുഖം കഴുകാതെ തുടയ്ക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.ക്‌ളെന്‍സിംഗ് വൈപ്പുകള്‍ മുഖം ക്ലെൻസ് ചെയ്യുന്നതിന് സൗകര്യപ്രദമാണ്. എന്നാല്‍, അവ ക്ലെൻസറുകൾ അടങ്ങിയ ഫേസ് വാഷിനും വെള്ളത്തിനും പകരമല്ല എന്ന് മനസ്സിലാക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്: മോഡസ്റ്റ മലയാളം

Content Highlight: Face beauty care Skin Care Beauty Tips Cosmetic care