സുന്ദരവും ആരോഗ്യകരവുമായ ചർമത്തിനും മുടിയ്ക്കും ഇക്കാര്യങ്ങൾ പരീക്ഷിക്കാം.

ചർമ സൗന്ദര്യത്തിന്

ചർമത്തിന്റെ സൗന്ദര്യത്തിലും ആരോഗ്യത്തിലും ഒരുപോലെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രധാന ബാഹ്യകവചമാണ് ചർമം. ചർമത്തിന്റെ ഉപരിതലത്തിലെ അമ്ലത്വമാണ് രോഗാണുക്കളെ പ്രതിരോധിക്കാൻ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ അതിനെ ബാധിക്കാത്തവിധം വേണം സൗന്ദര്യം നിലനിർത്താൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ.
ചർമസൗന്ദര്യം നേടിയെടുക്കുന്നതിൽ കുറുക്കുവഴികളില്ല. ജീവിതശൈലിയുമായി അതിന് വലിയ ബന്ധമുണ്ട്. ചിട്ടയായ ജീവിതരീതി, ആരോഗ്യകരമായ ഭക്ഷണരീതി, സുഖകരമായ ഉറക്കം തുടങ്ങിയ കാര്യങ്ങൾ ചർമത്തിന്റെ സൗന്ദര്യത്തെയും ആരോഗ്യത്തെയും നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഇതോടൊപ്പം ചർമത്തിന്റെ സൗന്ദര്യം നിലനിർത്താൻ ഉപകരിക്കുന്ന ചില കാര്യങ്ങൾ ഇവയൊക്കെയാണ്.

 • രണ്ട് ടീസ്പൂൺ മഞ്ഞൾപ്പൊടി, 20 തുളസിയില എന്നിവ അരച്ചെടുത്ത് രാവിലെ വെറുംവയറ്റിൽ അരടീസ്പൂൺ വീതം കഴിക്കാം. ചർമത്തിലെ അലർജി മാറാൻ സഹായിക്കും.
 • മുഖക്കുരുവിന് ആര്യവേപ്പില ഉണക്കിപ്പൊടിച്ചതോ പാച്ചോറ്റിത്തൊലി ഉണക്കിപ്പൊടിച്ചതോ തൈരിൽ ലേപനം ചെയ്യുന്നത് ചർമത്തിന് ഗുണം ചെയ്യും.
 • ചെറുപയർപൊടി പാലിൽ കുറുക്കി തേയ്ക്കുന്നത് ചർമത്തിന് ഗുണകരമാണ്.
 • മുഖത്തെ കരുവാളിപ്പ് മാറാൻ ഇരട്ടിമധുരം പാലിൽ ചേർത്ത് മുഖത്ത് പുരട്ടാം.
 • മഞ്ഞളും ചെറുപയറും തെച്ചിപ്പൂവും പൊടിച്ച് പാലിൽ ചാലിച്ച് പുരട്ടുന്നത് ചർമസൗന്ദര്യം വർധിക്കാൻ സഹായിക്കും.
 • ചർമത്തിൽ എണ്ണമയം കൂടുതലാണെങ്കിൽ ഒരു ടേബിൾ സ്പൂൺ തൈര് ഒരു ടേബിൾസ്പൂൺ കടലമാവിനൊപ്പം കൂട്ടിക്കുഴച്ചത് പുരട്ടി അല്പസമയത്തിനുശേഷം കഴുകിക്കളയുക.
 • തണ്ണിമത്തൻ നീര് മുഖത്ത് പുരട്ടി അല്പനേരത്തിനുശേഷം കഴുകിക്കളഞ്ഞാൽ ഉന്മേഷം ലഭിക്കും.
 • മുഖത്ത് അമിതരോമവളർച്ചയുണ്ടെങ്കിൽ പാൽപ്പാട, കസ്തൂരിമഞ്ഞൾ എന്നിവ ചേർത്ത് പുരട്ടാം.

തേച്ചുകുളിക്കാൻ

ആയുർവേദത്തിൽ അഭ്യംഗം(തേച്ചുകുളി) പ്രധാനമാണ്. ചർമത്തിന്റെ ആരോഗ്യം നിലനിർത്താൻ വെളിച്ചെണ്ണ ഉത്തമമാണ്. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് ചർമത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതുകൂടാതെ ഏലാദി കേരം, നാല്പാമരാദി കേരം, ലാക്ഷാദികേരം എന്നിവയും തേച്ചുകുളിക്കാൻ ഉപയോഗിക്കാവുന്ന എണ്ണകളാണ്.

 • എണ്ണതേച്ച് കുളിക്കുമ്പോൾ നല്ല ഉറക്കം കിട്ടും. സുഖനിദ്ര ചർമത്തിനും പൊതുവായ ആരോഗ്യത്തിനും ഗുണം ചെയ്യും.
 • കുളിക്കാനുള്ള വെള്ളം
 • നാല്പാമരം പോലുള്ള ഔഷധങ്ങളിട്ട് തിളപ്പിക്കാം. തുളസി, കരുനൊച്ചിയില, പഴുത്ത പ്ലാവില എന്നിവയും വെള്ളത്തിലിട്ട് തിളപ്പിക്കാം.
 • വരണ്ട ചർമമുള്ളവർ കുളിച്ചശേഷം ഒലീവ് എണ്ണയിൽ ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങാനീരും ചേർത്ത് പുരട്ടുന്നത് നല്ലതാണ്.

മുടിയുടെ സൗന്ദര്യം

സൗന്ദര്യ പരീക്ഷണങ്ങൾ ഒട്ടേറെ നടക്കുന്നത് മുടിയിലാണെന്ന് പറയാം. നീട്ടിയും കുറുക്കിയും നിറംമാറ്റിയും പലരീതിയിൽ വെട്ടിയൊതുക്കിയുമെല്ലാം ഓരോരുത്തരുടെയും സൗന്ദര്യ സങ്കല്പങ്ങൾക്ക് അനുസരിച്ച് അതിനെ മാറ്റിയെടുക്കാറുണ്ട്. എങ്കിലും ഇടതൂർന്ന, ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവർ ഉണ്ടാവുകയുമില്ല. ഒട്ടേറെ കാരണങ്ങൾകൊണ്ട് മുടികൊഴിച്ചിൽ വരാം. അതുകൊണ്ട് ആദ്യം മുടികൊഴിയുന്നതിന്റെ യഥാർഥ കാരണം കണ്ടെത്തണം.

 • വെളിച്ചെണ്ണയിൽ ബ്രഹ്മിയും കറിവേപ്പിലയും ഇട്ട് കാച്ചിയ എണ്ണ തലയിൽ ഉപയോഗിക്കുന്നത് ഗുണകരമാകും.
 • നീലിഭൃംഗാദി കേരം, കയ്യോന്ന്യാദി തൈലം, ത്രിഫലാദി കേരം തുടങ്ങിയ എണ്ണകൾ മുടികൊഴിച്ചിൽ തടയാൻ സഹായിക്കും.
 • ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ മുടി കഴുകുന്നത് മുടിയുടെ ആരോഗ്യം നിലനിർത്താൻ നല്ലതാണ്.

മുഖക്കുരുവിന്

 • കടലമാവിൽ പാൽ, അഞ്ചുതുള്ളി ചെറുനാരങ്ങനീര് എന്നിവ ചേർത്ത് മുഖക്കുരുവിൽ പുരട്ടുന്നത് ഗുണം ചെയ്യും.
 • ആര്യവേപ്പില, മഞ്ഞൾ എന്നിവയിട്ട് തിളപ്പിച്ച്ആവികൊള്ളുന്നത് നല്ലതാണ്

കടപ്പാട്:
ഡോ. അഞ്ജു ഗോപാലകൃഷ്ണൻ
ശ്രീരാജ് ആയുർവേദ നഴ്സിങ് ഹോം
കോഴിക്കോട്

Content Highlights:Ayurveda tips to healthy skin and hair, Health, Skin Care, Hair Care

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്