ന്ന് ഓഗസ്റ്റ് 21 ലോക വയോജന ദിനമായി ആചരിക്കുകയാണ്. രാജ്യത്തെ വയോജനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയാണ് വയോജന ദിനത്തിന്റെ ലക്ഷ്യം. 1988ല്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന റൊണാള്‍ഡ് റീഗന്‍ ആണ് ലോക വയോജന ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 
ഇതിനെത്തുടര്‍ന്ന് 1990 ഡിസംബറില്‍ യു.എന്‍. ജനറല്‍ അസംബ്ലി എല്ലാവര്‍ഷവും ഓഗസ്റ്റ് 21 ന് ലോക വയോജന ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. 

ഇന്ത്യയില്‍ 992 മുതല്‍ സാമൂഹിക ക്ഷേമ മന്ത്രാലയം ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഫോര്‍ ഓള്‍ഡര്‍ പേഴ്‌സണ്‍സ് ആരംഭിച്ചിട്ടുണ്ട്. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, താമസ സൗകര്യം, വൈദ്യസഹായം, വിനോദം എന്നിവ നല്‍കിക്കൊണ്ട് വയോജനങ്ങളുടെ ജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിക്ക് കീഴില്‍ എന്‍.ജി.ഒകള്‍, പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെ ഓള്‍ഡ് ഏജ് ഹോം, ഫിസിയോതെറാപ്പി സെന്ററുകള്‍ എന്നിവ നടത്തുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നുണ്ട്. 

ഇക്കാര്യങ്ങള്‍ ഓര്‍ക്കുക

ജീവിത സായാഹ്നത്തില്‍ വയോജനങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ ഇവയാണ്. 

സാമൂഹിക ബന്ധങ്ങള്‍ തുടരുക 

ഒറ്റപ്പെടല്‍ മാനസിക ആരോഗ്യത്തെ തകര്‍ക്കും. വൈകാതെ അത് ശാരീരിക ആരോഗ്യത്തെയും ബാധിക്കും. കുടുംബ ബന്ധങ്ങളോ സുഹൃദ്ബന്ധങ്ങളോ ഇല്ലാതിരിക്കുന്നത് വിഷാദത്തിനും ഡിമെന്‍ഷ്യയ്ക്കും വഴിയൊരുക്കും. ഇങ്ങനെ ഒറ്റയ്ക്കായി പോകുന്നവര്‍ക്ക് ദിനചര്യകളുടെ ഭാഗമായ കുളി, കോണിപ്പടികള്‍ കയറല്‍ എന്നിവ പോലും ബുദ്ധിമുട്ടായി തോന്നും. നല്ല സുഹൃദ്ബന്ധങ്ങള്‍ ഉള്ളവരേക്കാളും ഇക്കൂട്ടര്‍ക്ക് വളരെ നേരത്തെ മരണം സംഭവിക്കാന്‍ സാധ്യതയുണ്ട്. ഒറ്റയ്ക്ക് ജീവിക്കുന്നവരില്‍ സ്‌ട്രെസ്സ് ഹോര്‍മോണുകളുടെ അളവ് വളരെ കൂടുതലായി കാണുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇത് നീര്‍ക്കെട്ടിനും ആര്‍ത്രൈറ്റിസിനും പ്രമേഹത്തിനും കാരണമാകും. സ്‌ട്രെസ്സ് ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് ഒരിക്കലും ഒറ്റപ്പെട്ട് ജീവിക്കരുത്. കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളുമായി എല്ലാവരുമായും കണക്ടഡായി ജീവിക്കൂ.

ശുഭാപ്തി വിശ്വാസം കൈവിടാതിരിക്കുക 

പല പ്രതിസന്ധികളും തോന്നാം. പ്രിയപ്പെട്ടവരുടെ മരണം, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ പല പ്രശ്‌നങ്ങളും ഉണ്ടാകും. എങ്കിലും ശുഭാപ്തി വിശ്വാസം കൈവിടരുത്. നല്ലതിനോട് മാത്രം പ്രതികരിക്കുക. മോശമായതിനെ തള്ളിക്കളയുക. നെഗറ്റീവ് ചിന്താഗതിയുള്ളവരുമായി കൂടിച്ചേരുന്നത് വിഷാദത്തിലേക്ക് നയിക്കും. അതിനാല്‍ അത്തരക്കാരെ അകറ്റി നിര്‍ത്തുക. പോസിറ്റീവ് മനോഭാവം ഉള്ളവര്‍ക്ക് രോഗതീവ്രത കുറയ്ക്കാനാകും. അതുകൊണ്ട് പുഞ്ചിരിക്കുക. ജീവിതത്തോട് നന്ദി പുലര്‍ത്തുക. മറ്റുള്ളവര്‍ക്ക് നന്‍മ ചെയ്യുക. നിങ്ങളെ മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുക. മാറ്റങ്ങളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുക. 

നല്ല ഭക്ഷണം കഴിക്കാം 

നല്ല ആരോഗ്യത്തിന്റെ ഒരു പ്രധാന ഘടകമാണ് നല്ല ഭക്ഷണം. പച്ചക്കറികള്‍, പഴങ്ങള്‍, മുഴുധാന്യങ്ങള്‍, നട്‌സ്, കൊഴുപ്പു കുറഞ്ഞ പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവ ധാരാളം കഴിക്കണം. കൊഴുപ്പ് കൂടിയ മാംസം, ബട്ടര്‍, മധുരം, ഉപ്പ്, പാക്ക് ചെയ്ത ഭക്ഷണം തുടങ്ങിയവ വളരെ പരിമിതപ്പെടുത്തണം. നല്ല ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്ത് കഴിക്കുന്നത് ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍സ്, അല്‍ഷൈമേഴ്‌സ് തുടങ്ങിയ പല രോഗങ്ങളെയും തടയുന്നു. 
ഭക്ഷണത്തില്‍ നാരുകള്‍ അടങ്ങിയവ കൂടുതലായി ഉള്‍പ്പെടുത്തണം. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും. 

നടക്കാം 

ദിവസവും 30 മിനിറ്റ് നടക്കണം. ഒറ്റയടിക്ക് അത്രയും സമയം നടക്കാനാവുന്നില്ലെങ്കില്‍ കുറച്ചു കുറച്ച് സമയങ്ങളായി നടക്കാം. 
ദിവസവും വ്യായാമം ചെയ്യുന്നത്- പ്രത്യേകിച്ചും ശ്വാസമെടുത്തും വിട്ടും നടക്കുന്നത് ആരോഗ്യത്തിലേക്കുള്ള വഴിയാണ്. ഇതുവഴി മസ്തിഷ്‌ക കോശങ്ങളിലേക്ക് കൂടുതല്‍ രക്തവും ഓക്‌സിജനും ലഭിക്കുന്നു. ഇത് അല്‍ഷൈമേഴ്‌സ് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. 
നടക്കുന്നതിന്റെ ഗുണങ്ങള്‍ ഇവയാണ്. 
* ഭാരം നിയന്ത്രിക്കാം 
* മൂഡ് നന്നാക്കാം
* എല്ലുകളും പേശികളും ഉറപ്പുള്ളതാക്കാം
* നന്നായി ഉറങ്ങാം
* ഹൃദ്രോഗം, ടൈപ്പ് ടു പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാനാകും.

പുകവലി ഒഴിവാക്കുക 

ആരോഗ്യത്തോടെയുള്ള ജീവിതത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് പുകവലി. ശരീരത്തിലെ എല്ലാ അവയവങ്ങളെയും അത് നശിപ്പിക്കും. സിഗരറ്റ്, പുകയില ചവയ്ക്കല്‍, നിക്കോട്ടിന്‍ അടങ്ങിയ മറ്റെല്ലാ ഉത്പന്നങ്ങളും കാന്‍സര്‍, ശ്വാസകോശ-മോണരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. പുകവലി നിര്‍ത്താന്‍ പ്രത്യേക സമയം നോക്കേണ്ടതില്ല. ഉടനെ നിര്‍ത്തുക. പുകവലി നിര്‍ത്തുന്നതോടെ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയുന്നു. 

നല്ല ചികിത്സ തേടുക 

രോഗങ്ങള്‍ വന്നാല്‍ ചികിത്സിക്കാതിരിക്കരുത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ കഴിക്കണം. ആവശ്യമെങ്കില്‍ സപ്ലിമെന്റുകളും കഴിക്കണം. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള കാത്സ്യം, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ബി6 എന്നിവയുടെ സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കാം. 

നന്നായി ഉറങ്ങുക 

വയോജനങ്ങളില്‍ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉറക്കക്കുറവ്. ഇത് മറികടക്കാന്‍ ദിവസവും ഉറക്കത്തിന് ഒരു ഷെഡ്യൂള്‍ തയ്യാറാക്കുക. കൃത്യമായി ഉറങ്ങുന്നത് ശരീരത്തിന്റെ ജൈവഘടികാരത്തെ കൃത്യമാക്കും. ഉറക്കം കിട്ടാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം. 
* ബെഡ്‌റൂമില്‍ വെളിച്ചം കുറയ്ക്കുക. ടി.വിയും മൊബൈല്‍ഫോണും ലാപ്‌ടോപ്പുമൊക്കെ ഓഫ് ചെയ്തു വെക്കുക. 
* വൈകുന്നേരങ്ങളില്‍ മദ്യമോ കഫീന്‍ അടങ്ങിയ കാപ്പി പോലെയുള്ള പാനീയങ്ങളോ ഒഴിവാക്കാം. 
* പകല്‍ സമയത്ത് 20 മിനിറ്റില്‍ കൂടുതല്‍ ഉറങ്ങരുത്. 
* കഴിക്കുന്ന മരുന്നുകളില്‍ ഏതെങ്കിലും ഉറക്കത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നവയുണ്ടോ എന്ന് ഡോക്ടറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുക. 

Content Highlights: World Senior Citizen’s Day, healthy happy Ageing 7 tips you need to know, Health, Geriatric care