ല്ലുകള്‍ക്ക് കാഠിന്യം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ് എന്ന് ലളിതമായി പറയാം. എല്ലുകള്‍ക്ക് നിസ്സാരകാരണങ്ങള്‍കൊണ്ടുപോലും പൊട്ടലും ഒടിവുമൊക്കെ സംഭവിക്കാം എന്നതാണ് ഇതുകൊണ്ടുള്ള കുഴപ്പം. പ്രായമായ ചിലരൊക്കെ വാരിയെല്ലിനോ മറ്റോ ഒടിവു സംഭവിച്ച് ആശുപത്രിയി  വരുമ്പോള്‍ പറയാറുണ്ട് 'ഒന്ന് തിരിഞ്ഞതേ ഉള്ളൂ ഡോക്ടറേ' എന്നൊക്കെ. അങ്ങനെ, ഒന്ന് അനങ്ങുന്നതോ തിരിയുന്നതോപോലെ ചെറിയ ചലനങ്ങള്‍പോലും ബലക്കുറവുള്ള എല്ലുകള്‍ക്ക് ക്ഷതമേല്‍പ്പിക്കും. 

ഓസ്റ്റിയോപൊറോസിസിനെ പ്രൈമറി, സെക്കന്‍ഡറി എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. പ്രായംകൂടുന്നവരില്‍ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രൈമറി ഓസ്റ്റിയോപൊറോസിസ് കാണപ്പെടുന്നത്. ചില അസുഖങ്ങളോട് അനുബന്ധമായാണ് സെക്കന്‍ഡറി ഓസ്റ്റിയോപൊറോസിസ് വരുന്നത്.പ്രൈമറി ഓസ്റ്റിയോപൊറോസിസ് പ്രായമായവരെ ബാധിക്കുമ്പോള്‍, ചെറുപ്പക്കാരെ ബാധിക്കാന്‍ സാധ്യതയുള്ളത് സെക്കന്‍ഡറി ഓസ്റ്റിയോപൊറോസിസ് ആണ്. സ്ത്രീകളിലും പുരുഷന്മാരിലും ഓസ്റ്റിയോപൊറോസിസിന് സാധ്യതയുണ്ട്. എങ്കിലും ഏറ്റവും അപകടസാധ്യതയുള്ള (ഹൈറിസ്‌ക്) വിഭാഗത്തില്‍ ആദ്യ സ്ഥാനം പ്രായമായ സ്ത്രീകള്‍ക്കാണ്. 

ശരീരത്തില്‍ കാല്‍സ്യത്തിന്റെ ഏറ്റവും വലിയ നിക്ഷേപം എല്ലുകളിലാണ്. എല്ലുവളര്‍ച്ചയില്‍ സെക്സ് ഹോര്‍മോണുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സ്ത്രീകളില്‍ ഈസ്ട്രജന്‍, പുരുഷന്മാരിലാണെങ്കില്‍ ടെസ്റ്റോസ്റ്റിറോണ്‍. പ്രായമായ സ്ത്രീകള്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍ വരുന്നത് ആര്‍ത്തവ വിരാമത്തിന് ശേഷം ഇവരില്‍ ഈസ്ട്രജന്‍ ഉത്പാദനം നടക്കാത്തതുകൊണ്ടാണ്. എല്ലുകള്‍ക്ക് മാത്രമല്ല, ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും കാല്‍സ്യം അത്യാവശ്യമാണ്. ശരീരത്തില്‍ ഈസ്ട്രജന്‍ ഉത്പാദനം നിലയ്ക്കുന്നതോടെ എല്ലുകള്‍ക്ക് കിട്ടേണ്ട കാല്‍സ്യം മറ്റ് ആവശ്യങ്ങള്‍ക്കുപോകും. ഇതോടെ എല്ലിന്റെ ബലം കുറയാന്‍ തുടങ്ങും. ആമവാതം, തൈറോയ്ഡ് പ്രശ്‌നങ്ങളൊക്കെ സെക്കന്‍ഡറി ഓസ്റ്റിയോപൊറോസിസിന് കാരണമാകാം. സ്റ്റിറോയ്ഡ് രൂപത്തിലുള്ള ചില മരുന്നുകള്‍ കഴിക്കുന്നതും സെക്കന്‍ഡറി ഓസ്റ്റിയോപൊറോസിസിലേക്ക് നയിച്ചേക്കാം.

സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം

പുരുഷന്മാരെ അപേക്ഷിച്ച് ഓസ്റ്റിയോപൊറോസിസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൂടുതലുണ്ടാകുന്നത് സ്ത്രീകളിലാണ്. ഒന്നുകൂടി വ്യക്തമാക്കിയാല്‍, ഒരു പുരുഷന്റെ എല്ലിന് മൂന്നുവര്‍ഷംകൊണ്ട് നഷ്ടപ്പെടുന്ന ബലം ആര്‍ത്തവം നിലച്ച സ്ത്രീക്ക് ഒരു വര്‍ഷംകൊണ്ട് നഷ്ടപ്പെടുമെന്നാണ് കണക്ക്. അതായത് അറുപത് വയസ്സായ സ്ത്രീയുടെയും എണ്‍പത് വയസ്സായ പുരുഷന്റെയും അസ്ഥികള്‍ക്ക് ഏറെക്കുറെ ഒരേ ബലമായിരിക്കുമെന്ന് അനുമാനിക്കാം.

ഗര്‍ഭകാലത്തും മുലയൂട്ടല്‍ സമയങ്ങളിലും സ്ത്രീകള്‍ക്ക് കാല്‍സ്യം കൂടുതലായി വേണം. ഭക്ഷണത്തിലൂടെയും കാ സ്യം സപ്ലിമെന്റുകളിലൂടെയുമാണ് ഈ ആവശ്യം നിറവേറ്റേണ്ടത്. പ്രസവത്തിനുശേഷം രണ്ടോ മൂന്നോ മാസം കഴിയുമ്പോള്‍ കാല്‍സ്യം ഗുളികകള്‍ നിര്‍ത്തുന്ന പലരെയും കണ്ടിട്ടുണ്ട്. എന്നാല്‍ പ്രസവം കഴിഞ്ഞ് കുട്ടിയെ മുലയൂട്ടുന്ന അത്രയും കാലം കൂടുതല്‍ കാല്‍സ്യം ശരീരത്തിന് ആവശ്യമാണ്. ഇടയ്ക്കുവെച്ച് കാല്‍സ്യം ഗുളിക നിര്‍ത്തുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ചെറിയപ്രായത്തില്‍ പ്രകടമാകണമെന്നില്ല. പക്ഷേ, പ്രായമാകുന്നതോടെ ഓസ്റ്റിയോപൊറോസിസിന്റെ ലക്ഷണങ്ങള്‍ തുടങ്ങും. ആര്‍ത്തവം നില്‍ക്കുന്ന സമയത്തും സ്ത്രീകള്‍ കാല്‍സ്യം സപ്ലിമെന്റുകള്‍ കഴിക്കേണ്ടതുണ്ട്. ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കംചെയ്തവര്‍ക്ക് ഈസ്ട്രജന്‍ സപ്ലിമെന്റ് ആവശ്യമായി വരും.

വിറ്റാമിന്‍- ഡി മുഖ്യം 

കാല്‍സ്യത്തിന്റെ അളവ് നിലനിര്‍ത്തുന്നതില്‍ വിറ്റാമിന്‍ ഡി ക്ക് വലിയ പങ്കുണ്ട്. ഭക്ഷണത്തിലൂടെയും മരുന്നിലൂടെയുമൊക്കെ കുടലിലെത്തുന്ന കാല്‍സ്യത്തെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് വിറ്റാമിന്‍ ഡിയുടെ സഹായത്തോടെയാണ്. വിറ്റാമിന്‍-ഡിയുടെ അപര്യാപ്തതയില്‍ എത്ര കാല്‍സ്യം ലഭിച്ചിട്ടും കാര്യമില്ല. നമുക്ക് സുലഭമായ സൂര്യപ്രകാശമാണ് വിറ്റാമിന്‍- ഡി യുടെ ഏറ്റവും നല്ല സ്രോതസ്സ്. 

ചികിത്സയുടെ ഘട്ടങ്ങള്‍ 

ഓസ്റ്റിയോപൊറോസിസിന് ആദ്യഘട്ടത്തില്‍ കാല്‍സ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍-ഡി എന്നിവ സപ്ലിമെന്റ് ചെയ്യുക എന്നതാണ് പ്രധാനം. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ചിലപ്പോള്‍ മിനറലുകളും വിറ്റാമിനും നല്‍കുന്നതുവഴിതന്നെ ഓസ്റ്റിയോപൊറോസിസ് പരിഹരിക്കപ്പെടും. 

രണ്ടാംഘട്ട മരുന്നുകളെ ബിസ്ഫോസ്ഫോണേറ്റ്സ് (Bisphosphonates) എന്നാണ് പറയുന്നത്. ഇത് ആഴ്ചയിലോ മാസത്തിലോ കഴിക്കേണ്ട ഗുളികരൂപത്തിലും വര്‍ഷത്തിലൊരിക്കല്‍ എടുക്കേണ്ട ഇന്‍ജക്ഷന്‍ രൂപത്തിലുമുണ്ട്. 

എല്ലുകളിലെ കാല്‍സ്യം രക്തത്തിലേക്ക് പോകാതെ തടയുകയാണ് ബിസ്ഫോസ്ഫോണേറ്റ്സ് ചെയ്യുന്നത്. ഇങ്ങനെ വരുമ്പോള്‍ രക്തത്തിലെ കാല്‍സ്യം അളവ് കുറഞ്ഞുപോകാതിരിക്കാനും ശ്രദ്ധിക്കണം. എല്ലിലെ കാല്‍സ്യം നിക്ഷേപം സംരക്ഷിക്കുകയും രക്തത്തിലേക്ക് കാ സ്യം സപ്ലിമെന്റ് ചെയ്യുകയും വേണം. 

മൂന്നാംഘട്ട ചികിത്സയില്‍ പാരാതൈറോയ്ഡ് ഹോര്‍മോണ്‍ ഉപയോഗിക്കും. 
പി.ടി.എച്ചിന്റെ ആക്ടിവേറ്റഡ് ഫോം ദിവസേനയുള്ള ഇന്‍ജക്ഷനിലൂടെയാണ് ശരീരത്തിലേക്ക് കടത്തിവിടുക. ബിസ്ഫോസ്ഫോണേറ്റ്സ് എല്ലിന് കൂടുത  ബലക്ഷയം സംഭവിക്കാതെ പ്രതിരോധിക്കുമ്പോള്‍ പാരാതൈറോയ്ഡ് ഹോര്‍മോണ്‍ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുകകൂടി ചെയ്യുന്നു.  പുതിയതരം മരുന്നും ഇപ്പോള്‍ പ്രചാരത്തിലുണ്ട്. മോണോക്രോണല്‍ ആന്റിബോഡിയാണിത്. ആറുമാസത്തിലൊരിക്കല്‍ ഇജക്ഷന്‍ എടുക്കണം. 

ഓസ്റ്റിയോപൊറോസിസും തേയ്മാനവും
ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്നാല്‍ എല്ലുകളുടെ സന്ധികള്‍ക്കുണ്ടാകുന്ന തേയ്മാനമാണ്. ഓസ്റ്റിയോആര്‍ത്രൈറ്റിസിനൊപ്പം ഓസ്റ്റിയോപൊറോസിസും വന്നാല്‍ തേയ്മാനം വേഗത്തിലാകും. എല്ലുകള്‍ക്ക് കട്ടി കുറവാെണന്നതുതന്നെ കാരണം.

എല്ലുപൊട്ടിയാല്‍ 
ഓസ്റ്റിയോപൊറോസിസ് ഉള്ള ഒരാളുടെ എല്ലുപൊട്ടിയാല്‍ സാധാരണ ചികിത്സകള്‍ നടത്താനാകില്ല. സാധാരണ ഡൈനാമിക് കംപ്രഷന്‍ പ്ലേറ്റുകളാണ് എല്ലിനുണ്ടാകുന്ന തകരാര്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്നത്. ഓസ്റ്റിയോപൊറോസിസ് ഉള്ള ആളുടെ ബലമില്ലാത്ത എല്ലുകളില്‍ പക്ഷേ, ഇത്തരം പ്ലേറ്റുകളും സ്‌ക്രൂവുമൊന്നും പ്രായോഗികമല്ല. ഇത്തരം സാഹചര്യത്തില്‍ ലോക്കിങ് കംപ്രഷന്‍ പ്ലേറ്റ് സംവിധാനമാണ് ഉപയോഗപ്പെടുത്തുന്നത്. 

Content Highlights: Why Osteoporosis is more common in women know reasons and treatments, Health, Geriatric Care, Osteoporosis

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്