ലച്ചോറിലെ സിരാകേന്ദ്രങ്ങള്‍ കാലക്രമേണ ക്ഷയിച്ചു പോകുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. ശരീര ചലനങ്ങളെ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ഡോപാമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ നിര്‍മിക്കുന്ന കോശങ്ങളാണ് നശിക്കുന്നത്. ഡോപാമിന്റെ അളവ് എഴുപത് ശതമാനത്തോളം കുറയുമ്പോഴാകും രോഗലക്ഷണങ്ങള്‍ കാര്യമായി പ്രത്യക്ഷപ്പെട്ടുതുടങ്ങുക. 

ഓര്‍ക്കാപ്പുറത്ത് ഉറക്കത്തിന്റെ ആക്രമണം. പിന്നെ മണിക്കൂറുകള്‍ ബോധമില്ലാതെ ഉറങ്ങും. ഉണര്‍ന്നിരിക്കുമ്പോള്‍ വിഷാദരോഗികളെപ്പോലെ പെരുമാറുക. എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുമെങ്കിലും സ്വന്തം പരിസരത്തോട് പ്രതികരിക്കാനാവാതെ വരിക. പാര്‍ക്കിന്‍സണ്‍സിന്റെ ലക്ഷണങ്ങളില്‍ ചിലവയാണിത്. 

രണ്ടുതരം ലക്ഷണങ്ങളാണ് പാര്‍ക്കിന്‍സണ്‍ രോഗികളില്‍ കണ്ടുവരുന്നത്. ശരീരത്തിന്റെ ചലനശേഷി കുറയുകയും കാലംചെല്ലുന്തോറും പൂര്‍ണമായും നഷ്ടമാവുകയും ചെയ്യുകയാണ് ഒന്ന്. തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതുമൂലം ഉണര്‍വിലും പ്രതികരണശേഷിയിലും ഗണ്യമായ കുറവുണ്ടാവുകയാണ് മറ്റൊന്ന്. 

ഒരുകാലത്ത് വളരെ അപൂര്‍വമായിരുന്നു ഈ രോഗം. എന്നാല്‍ പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. പ്രതിവര്‍ഷം 3.8 ശതമാനം വര്‍ധന പാര്‍ക്കിന്‍സണ്‍സ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാവുന്നുവെന്നാണ് ഇതിനോടകം പുറത്തുവന്ന കണക്കുകള്‍. 

പാര്‍ക്കിന്‍സണ്‍സ് രോഗം ചെറുപ്രായത്തിലേ ബാധിക്കുന്നത് ജനിതകമായ കാരണങ്ങളാലാണ്. ശരീരത്തിലെ മാംസപേശികളുടെ പ്രവര്‍ത്തനത്തിനും ചലനത്തിനും ശരീരത്തിന്റെ നില ക്രമീകരിക്കുന്നതിനും സഹായിക്കുന്ന മസ്തിഷ്‌കത്തിലെ ചില സിരാകോശങ്ങളുടെ കാര്യക്ഷമത കുറയുന്നതുകാരണം നടക്കുന്നതിനും ശിരസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും നടക്കുമ്പോള്‍ കൈവീശുന്നതിനും മറ്റും പ്രയാസം നേരിടുന്നു. 

പാര്‍ക്കിന്‍സണ്‍ രോഗം പഴക്കമേറിയാല്‍ നാക്കിലും കണ്‍പോളകളിലും വിറയല്‍ പ്രത്യക്ഷപ്പെടാം. അത്തരം ഘട്ടത്തില്‍ വിശ്രമാവസ്ഥയിലെ വിറയല്‍കൂടുതല്‍ പ്രകടമായിത്തീരും. കണ്‍പോളകളടക്കാതെ നിര്‍വികാരമായ രോഗിയുടെ മുഖഭാഗം ഒരു മന്ദബുദ്ധിയുടെ പ്രതീതി ഉണ്ടാക്കിയേക്കും. നടക്കുമ്പോഴുള്ള കൈവീശലിന്റെ താളക്രമം തെറ്റുകയോ ഇല്ലാതാകുകയോ ചെയ്യും. നടക്കുന്ന സമയത്തെ ശരീരത്തിന്റെ ബാലന്‍സ് ക്രമീകരിക്കുവാന്‍ രോഗിക്കു കഴിയുന്നതല്ല. പേശികളുടെ കോച്ചിവലി നിമിത്തം നന്നായി എഴുതാന്‍ കഴിയില്ല. ശ്രദ്ധയോടെ ചെയ്താന്‍ ഏതാനും മിനിറ്റു നേരത്തേക്കു ഇതുശരിയാകുമെങ്കിലും ശ്രദ്ധപതറുമ്പോള്‍ പഴയരീതിയിലായിത്തീരും. സ്പര്‍ശനശേഷിക്ക് നാശം സംഭവിക്കുന്നില്ല.

രോഗം വരുന്ന വഴി..

മസ്തിഷ്‌ക മുഴ, തലയ്‌ക്കേല്‍ക്കുന്ന ആഘാതങ്ങള്‍, സിഫിലിസ്പോലെയുള്ള ചില ലൈംഗിക രോഗങ്ങള്‍, രക്താതിസമ്മര്‍ദ്ദം, പ്രമേഹം, വര്‍ദ്ധിച്ച കൊളസ്ട്രോള്‍ എന്നിങ്ങനെ പാര്‍ക്കിന്‍സണ്‍സ് രോഗത്തിനു പ്രേരക ഘടകങ്ങള്‍ ധാരാളം ഉണ്ട്. കാര്‍ബണ്‍ മോണോകൈ്സഡ്/മെര്‍ക്കുറി വിഷബാധകള്‍, ഫിനോത്തയാസിന്‍ ഗ്രൂപ്പില്‍പ്പെട്ട മരുന്നുകളുടെ വിവേചന രഹിതമായ ഉപയോഗം എന്നിവയും രോഗത്തിനു കാരണമാകും.

പാര്‍ക്കിന്‍സണ്‍സ് അപകടസൂചനകളെ മനസ്സിലാക്കാം

  • വിറയല്‍: പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിക്കുന്നവരില്‍ ഏറ്റവും ആദ്യ പ്രത്യക്ഷപ്പെടുന്ന ലക്ഷണമാണ് വിരലുകള്‍, താടി, ചുണ്ട്, കാല്‍ തുടങ്ങിയവ വിറയ്ക്കുന്നത്. 
  • ഉറക്കം നഷ്ടമാവുക: ദീര്‍ഘനേരം കിടന്നാലും ഉറക്കം വരാത്ത അവസ്ഥ, ഉറക്കത്തില്‍ അകാരണമായി ഞെട്ടി എഴുന്നേല്‍ക്കുക, തുടര്‍ന്ന് ഉറക്കം നഷ്ടമാവുക
  • ചലനപ്രശ്‌നങ്ങള്‍:പേശികളില്‍ വേദന,കൈ-കാല്‍ പിടുത്തം, തോള്‍, ഇടുപ്പ് വേദന, നടക്കുമ്പോഴും ഇരിക്കുമ്പോഴുമുള്ള ബുദ്ധിമുട്ട്
  • ഗന്ധം നഷ്ടമാവുക: ഭക്ഷണങ്ങളുടേയും മറ്റ് സ്വാഭാവിക ഗന്ധങ്ങളും തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നത്. 
  • തലചുറ്റല്‍, ബോധക്ഷയം: നില്‍ക്കുമ്പോഴും നടക്കുമ്പോഴും തലയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുക. എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ തലച്ചുറ്റുക, ബോധക്ഷയം ഉണ്ടാവുക. 
  • തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്: ആളുകളേയും വസ്തുക്കളേയും തിരിച്ചറിയാനുണ്ടാവുന്ന ബുദ്ധിമുട്ട്, അടുത്ത ആളുകളെ പോലും കണ്ടുമുട്ടുമ്പോള്‍ തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നത്. നിസ്സംഗത
  • ഓര്‍മ്മശക്തി നഷ്ടമാവുക: പാര്‍ക്കിന്‍സണ്‍സ് രോഗം തീവ്രമാകുമ്പോള്‍ മറവി പ്രശ്‌നങ്ങള്‍ രൂക്ഷമായേക്കും. രോഗം ഓര്‍മ്മശക്തിയെ ബാധിക്കുന്നതിനാല്‍ ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം മന്ദഗതിയിലാവും.

ചികിത്സയും മരുന്നുമുണ്ട്

മരുന്ന് കഴിച്ച് നിയന്ത്രിക്കാനാവുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. ആന്റി കോലിനെര്‍ജിക്, ട്രൈ ഹെക്‌സിഫെനിഡിന്‍, ഡോപമിന്‍ സപ്ലിമെന്റേഷന്‍, ഡോപമിന്‍ എഗോണിസ്റ്റ്, എംഎഒ ഇന്‍ഹിബിറ്റേഴ്‌സ്, ഡോപമിന്‍ റിലീസേഴ്‌സ് എന്നീ മരുന്നുകല്‍ ഈ രോഗത്തിന് ലഭ്യമാണ്. രോഗ തീവ്രതയുടെ അടിസ്ഥാനത്തിലാണ് മരുന്ന് നിശ്ചയിക്കുന്നത്. 

പാര്‍ക്കിന്‍സണ്‍രോഗം ഒരാളിന്റെ ജീവിതത്തില്‍ വലിയമാറ്റങ്ങളാണുണ്ടാക്കുക. അതിനാല്‍ ക്ഷമയോടെയുള്ള പരിചരണം രോഗിക്കു നല്‍കണം. സൈക്യാട്രിസ്റ്റ്, സൈക്കോ തെറാപ്പിസ്റ്റ് സ്പീച്ച് ആന്റ് ഒക്കുപേഷനല്‍ തെറാപ്പി തുടങ്ങിയവ സംയോജിപ്പിച്ചുള്ള ചികിത്സാ രീതിയാണ് പാര്‍ക്കിന്‍സണ്‍സണ്‍സിന് വേണ്ടത് യോഗ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം, ക്രമമായ വ്യായാമം തുടങ്ങിയവയിലൂടെ രോഗിക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട് 
ഡോ. കെ. മുരളീധരന്‍പിള്ള,
മുന്‍ പ്രിന്‍സിപ്പല്‍, ആയുര്‍വേദ കോളേജ്, 
ഒല്ലൂര്‍, തൃശ്ശൂര്‍