ലച്ചോറിലെ ഡോപമിന്‍ ഉത്പാദിപ്പിക്കുന്ന സബ്സ്റ്റാന്‍ഷ്യനിഗ്ര(substantia nigra)  എന്ന ഭാഗത്തെ നാഡീകോശങ്ങളെ ബാധിക്കുന്ന ന്യൂറോഡീജനറേറ്റീവ് രോഗമാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. കാലങ്ങള്‍ക്കൊണ്ടാണ് ഇതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുന്നത്. വ്യക്തികള്‍ക്കനുസരിച്ച് ലക്ഷണങ്ങളിലും രോഗത്തിലും വ്യത്യാസമുണ്ടാവും. 

പാര്‍ക്കിന്‍സണ്‍സ് ഒറ്റരോഗമല്ല

പാര്‍ക്കിന്‍സണ്‍സ് രോഗത്തില്‍ സാധാരണമായി കണ്ടുവരുന്ന പ്രകട ലക്ഷണങ്ങളായ ശരീരചലനങ്ങളുടെ വേഗക്കുറവ്, മുറുക്കം, വിറയല്‍, ശരീരതുലന പ്രയാസം എന്നിവയെക്കൂടാതെ മറ്റുചില ലക്ഷണങ്ങള്‍ കൂടി ചേര്‍ന്നു വരുന്ന ലക്ഷണങ്ങള്‍ കൂടിച്ചേര്‍ന്ന ഒരു കൂട്ടം രോഗങ്ങളെ മൊത്തമായി പാര്‍ക്കിന്‍സോണിസം എന്ന വിഭാഗത്തില്‍പ്പെടുത്താം. ഇഡിയോപ്പതിക് പാര്‍ക്കിന്‍സണ്‍സ് ആണ് സര്‍വസാധാരണമായി കണ്ടുവരുന്ന പാര്‍ക്കിന്‍സോണിസം. എന്നാല്‍ രോഗം സ്ഥിരീകരിക്കപ്പെടുന്ന 15 ശതമാനത്തോളം പേരില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തില്‍ കാണുന്ന ലക്ഷണങ്ങള്‍ കൂടി ചേര്‍ന്ന അവസ്ഥ കാണാറുണ്ട്. ഇവയുടെ ചികിത്സ പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ളതുപോലെ എളുപ്പമല്ല. 

രോഗകാരണങ്ങള്‍

വ്യത്യസ്തമായ ലക്ഷണങ്ങള്‍ കാണിക്കുന്നതും സങ്കീര്‍ണതകള്‍ നിറഞ്ഞതുമായ രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. രണ്ട് വ്യക്തികളില്‍ ഒരേപോലെയുള്ള ലക്ഷണങ്ങള്‍ കാണാമെങ്കിലും ഇതേ വ്യക്തികളില്‍ത്തന്നെ രോഗം അനുഭവപ്പെടുന്നത് വ്യത്യസ്ത രീതികളിലായിരുന്നു. ജനിതക- പാരിസ്ഥിതിക ഘടകങ്ങളുടെ സ്വാധീനമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പൊതുവായ കാരണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ചില കുടുംബങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച ജീനുകള്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെടാം. രാസവസ്തുക്കള്‍, വിഷവസ്തുക്കള്‍ എന്നിവയും കഠിനമായ മനപ്രയാസങ്ങളും രോഗത്തിന് കാരണമാവുന്ന പാരിസ്ഥിതിക ഘടകങ്ങളാണ്. 

രോഗനിര്‍ണയം

പ്രകടമായ രോഗലക്ഷണങ്ങള്‍, എംആര്‍ഐ എന്നിവ അവലംബിച്ചാണ് രോഗം പാര്‍ക്കിന്‍സണ്‍സ് ആണെന്ന് ഉറപ്പിക്കുന്നത്. ഒരു നിശ്ചിത കാലയളവിനുള്ളില്‍ വിറയല്‍, ശരീരചലനങ്ങളിലെ വേഗതാക്കുറവ്, കൈകളിലോ കാലുകളിലോ നെഞ്ചിലോ അനുഭവപ്പെടുന്ന പിടുത്തം, ശരീര തുലനം ചെയ്യുന്നതിനോ ശരിയായി നില്‍ക്കുന്നതിനോ നടക്കുന്നതിനോ വൈഷമ്യം എന്നീ നാല് ലക്ഷണങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണം രോഗികളില്‍ പ്രകടമായിട്ടുണ്ടെങ്കില്‍ അത് പാര്‍ക്കിന്‍സണ്‍സ് രോഗമാണെന്ന് അനുമാനിക്കാം. 

ചികിത്സ

മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയും ശസ്ത്രക്രിയയുമാണ് പ്രധാനപ്പെട്ട ചികിത്സാരീതികള്‍. ജീവിതചര്യയിലെ മാറ്റം വരുത്തലും വ്യായാമവും വിശ്രമവും രോഗശമനം വേഗത്തിലാക്കും. 

രോഗം നിയന്ത്രിക്കാം, വ്യായാമത്തിലൂടെ

പാര്‍ക്കിന്‍സണ്‍സ് രോഗികളെ സംബന്ധിച്ചിടത്തോളം വ്യായാമം രോഗനിയന്ത്രണത്തിനുളള പ്രധാനപടിയാണ്. ഏതുതരത്തിലുള്ളഎത്രനേരം ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ ഡോക്ടറുടേയും ഫിറ്റ്‌നസ് വിദഗ്ധന്റേയും നിര്‍ദേശാനുസരണം തീരുമാനിക്കാം. 

തുടക്കത്തില്‍ തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

  • വിശ്രമാവസ്ഥയില്‍ കൈവിരലുകളിലോ കയ്യിലോ അല്ലെങ്കില്‍ കീഴ്ത്താടിയിലോ വിറയല്‍
  • എഴുതുമ്പോള്‍ അക്ഷരങ്ങള്‍ കൂട്ടംകൂടി നില്‍ക്കുകയോ ചെറുതാവുകയോ മാറിപ്പോവുകയോ ചെയ്യുക
  • പരിചിതമായ ഗന്ധങ്ങല്‍ തിരിച്ചറിയാന്‍ സാധിക്കാതെ വരിക
  • ഉറക്കപ്രശ്‌നങ്ങള്‍ ഉണ്ടാവുക, ഉറക്കത്തില്‍ പെട്ടന്ന് അസ്വാഭാവികമായി ചലിക്കുക
  • കൈകളോ കാലുകളോ അല്ലെങ്കില്‍ ശരീരം മൊത്തമായോ അനക്കാന്‍ കഴിയാത്ത വിധം മുറുക്കം
  • മലബന്ധം
  • ശബ്ദം മൃദുലവും പരുക്കനുമായിത്തീരുക
  • സംഘര്‍ഷഭരിതമായ മുഖഭാവങ്ങളുണ്ടാവുക
  • എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കമോ ബോധക്ഷയമോ ഉണ്ടാവുക
  • കൂടുതല്‍ കുനിഞ്ഞോ അകത്തേക്ക് വളഞ്ഞോ നില്‍ക്കുകയോ നടക്കുകയോ മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുക

ഒക്ടോബര്‍ ലക്കം ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്. പുതിയ ലക്കം ആരോഗ്യമാസിക ഇപ്പോള്‍ വിപണിയില്‍, വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Content Highlights: Parkinson disease, Parkinson disease and care, geriatric care, Parkinson disease treatment