ന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 76 വയസ്സാണ്. എന്നാല്‍, ഈ സ്ഥിതിവിശേഷം ചില അനഭിലഷണീയ പ്രവണതകള്‍ പൊട്ടിമുളയ്ക്കുന്നതിനു കാരണമായിരിക്കുവെന്നത് കാണാതിരുന്നുകൂടാ. ഇന്നലെ വൃദ്ധജനങ്ങള്‍ പൂമുഖത്തിന്റെ അഭിമാനങ്ങളായിരുന്നുവെങ്കില്‍ ഇന്ന് അത് പട്ടിക്കൂടിലോ, തെരുവിലേക്കോ കൊണ്ടുതള്ളേണ്ട മാലിന്യങ്ങളായി ചിലര്‍ കണക്കാക്കുന്നു.

വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍

ശാരീരികവും മാനസികവുമായ അവഗണനയാണ് പ്രായമായവര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. മക്കളില്‍ നിന്നോ, ബന്ധുക്കളില്‍ നിന്നോ നേരിടുന്ന സാമ്പത്തിക ചൂഷണങ്ങള്‍ അവഗണിക്കാനാവാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ കൂടുന്ന അവസ്ഥ, ഹൃദയാഘാതം, വൃക്കരോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍. വിഷാദം, ആകാംക്ഷ, വ്യാകുലത, മരണഭയം, മറവി എന്നിവയാണ് പ്രധാന മാനസിക പ്രശ്‌നങ്ങള്‍. ഏകാന്തത, നിന്ദിക്കല്‍, സാമ്പത്തികപ്രശ്‌നങ്ങള്‍, അതിക്രമങ്ങള്‍ തുടങ്ങിയവയാണ് അവര്‍ അനുഭവിക്കുന്ന സാമൂഹികപ്രശ്‌നങ്ങള്‍.

സ്ഥിതി വിവരക്കണക്കുകള്‍

2025 ആകുമ്പോഴേക്കും കേരളത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വയോജനങ്ങളായിരിക്കും. ഇത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. വയോജനങ്ങളില്‍ കൂടുതലും സ്ത്രീകളാണ്. 70-80 വയസ്സിനുള്ളില്‍ ഉള്ളവരാണ് അധികവും. കേരളത്തില്‍ 55 ശതമാനം വയോധികരും ആരും ആലംബമില്ലാതെ ഒറ്റയ്ക്കു കഴിയുന്നു. ഇതാണ് മറ്റൊരു ആശങ്കാജനകമായ കാര്യം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൃദ്ധമന്ദിരങ്ങളുള്ള സംസ്ഥാനം കേരളമാണ്. കേരളത്തില്‍ 550 വൃദ്ധമന്ദിരങ്ങളുണ്ട്. വൃദ്ധമന്ദിരങ്ങളുടെ വര്‍ധന പുരോഗതിയുടെ അളവുകോലായി കണക്കാക്കരുത്. ജനസംഖ്യാ ശാസ്ത്രജ്ഞരുടെ കണക്കുപ്രകാരം 2028 ആകുമ്പോഴേക്കും ജനസംഖ്യാവര്‍ധന നെഗറ്റീവ് ആകും. അതായത് കുട്ടികളുടെ എണ്ണം കുറയുകയും വൃദ്ധരുടെ സംഖ്യ കൂടുകയും ചെയ്യും.

വയോജന സംരക്ഷണ  നിയമങ്ങള്‍

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 41 പ്രകാരം വയോജനങ്ങള്‍ക്കുസാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്തിന് ബാധ്യതയുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണ്. 2007-ല്‍ പാസാക്കിയ വയോജന സംരക്ഷണ നിയമത്തില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.  വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാതെ ഉപേക്ഷിക്കുന്ന മക്കള്‍ക്ക് മൂന്നുമാസം തടവോ, 5000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ നല്‍കാന്‍ വ്യവസ്ഥയുണ്ട്. ആര്‍.ഡി.ഒ.ക്കാണ് ഇത് സംബന്ധിച്ച് പരാതി നല്‍കേണ്ടത്. മൂന്നുമാസത്തിനുള്ളില്‍ കേസ് തീര്‍പ്പാക്കണമെന്ന് നിശ്ചയിച്ചിട്ടുള്ളതാണെങ്കിലും ഓഫീസുകളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇതു നീണ്ടുപോകുന്നു.

വാര്‍ധക്യത്തെ എങ്ങനെ നേരിടാം

വ്യായാമമാണ് ഏറ്റവും പ്രധാനം. അരമണിക്കൂര്‍ നടത്തം, യോഗ, ധ്യാനം എന്നിവ ശീലിക്കാം. ഭക്ഷണം ക്രമീകരിച്ച് ശരീരഭാരം കുറയ്ക്കണം. എണ്ണ, കൊഴുപ്പ് എന്നിവ ഒഴിവാക്കി പഴങ്ങള്‍, പച്ചക്കറികള്‍, ഇലകള്‍, ധാന്യങ്ങള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. പുകയില, മദ്യപാനം എന്നിവ ഒഴിവാക്കുക. നല്ലസൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുക. പരാതികള്‍ ഒഴിവാക്കി എപ്പോഴും സന്തോഷവാനാകുക. വൃദ്ധര്‍ക്കായി ഒരുകൂട്ടായ്മ രൂപവത്കരിച്ച് അതില്‍ പങ്കാളികളാകുകയും ചര്‍ച്ചാവേദികള്‍ സംഘടിപ്പിക്കുകയുംചെയ്യുക.

നടപ്പാക്കാം ഇവ

  • വയോജനങ്ങള്‍ക്കുള്ള സര്‍ക്കാര്‍പദ്ധതികളെ ഏകോപിപ്പിക്കാന്‍ വയോജനബോര്‍ഡ് രൂപവത്കരിക്കുക, വൃദ്ധസദന നിയന്ത്രണം ഇപ്പോള്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴിലാണ്.
  • ആശുപത്രികളില്‍ ജെറിയാട്രിക് വാര്‍ഡുകള്‍ രൂപവത്കരിക്കുക.
  • വയോജനങ്ങള്‍ക്ക് പഞ്ചായത്തുതോറും മൊബൈല്‍ ക്‌ളിനിക് ഏര്‍പ്പെടുത്തുക. ആറുമാസത്തിലൊരിക്കല്‍ മുതിര്‍ന്നപൗരന്മാരെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കണം.
  • വികലാംഗര്‍ക്ക് നല്‍കുന്നതുപോലെ വയോജനങ്ങള്‍ക്ക് പൊതു ഇടങ്ങളില്‍ പ്രത്യേകപരിഗണന വേണം.
  • ആശുപത്രിയില്‍ സൗജന്യനിരക്കിലുള്ള ചികിത്സയും ഏര്‍പ്പെടുത്തുക.
  • വയോജനങ്ങള്‍ക്ക് സൗജന്യ കൗണ്‍സലിങ്ങും അവരെ പരിചരിക്കുന്നവര്‍ക്ക് പ്രത്യേകപരിശീലനവും നല്‍കണം. സ്‌കൂള്‍തലത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വയോജനപരിപാലനത്തില്‍ ബോധവത്കരണക്‌ളാസുകള്‍ നടത്തുക.
  • കുടുംബഡോക്ടര്‍ സംവിധാനം എല്ലാപഞ്ചായത്തിലും വ്യാപകമാക്കണം. തദ്ദേശസ്ഥാപനങ്ങള്‍ ചെലവിന്റെ 10 ശതമാനം വയോജനങ്ങള്‍ക്കായി നീക്കിവെക്കണം.

(കോഴിക്കോട് കൈതപ്പൊയില്‍ ലിസ്സാ കോളേജ് പ്രിന്‍സിപ്പലാണ് ലേഖകന്‍)

Content Highlights: old age day, Old age care