എന്തുകൊണ്ടാണ് പ്രായമായവരുടെ മാനസികാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പറയുന്നത്?

നിരവധി കാരണങ്ങൾ പറയാനുണ്ട്. പ്രായം കൂടുന്തോറും പല തരത്തിലുള്ള ശാരീരികമായ അവശതകൾ അനുഭവിക്കേണ്ടി വരുന്നുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദയാഘാതം എന്നിവ അവയിൽച്ചിലതാണ്. ഏകദേശം 30-50 ശതമാനത്തോളം ആളുകൾ ശാരീരികമായ അസ്വസ്ഥതകളോടൊപ്പം മാനസിക പ്രശ്നങ്ങളും നേരിടുന്നുണ്ട്. പ്രത്യേകിച്ച് അസുഖങ്ങളില്ലാത്തവരിലും വിഷാദരോഗ ലക്ഷണവും ഉത്കണ്ഠയും കാണപ്പെടുന്നുണ്ട്. ഇതു കൂടാതെ മറ്റുപല മാനസികരോഗങ്ങളും മറവിരോഗം പോലുള്ള അവസ്ഥയും പ്രായമായവരിൽ കണ്ടുവരുന്നു.

മറവിരോഗം എന്ന അവസ്ഥ ശ്രദ്ധിക്കപ്പെടുന്നത്?

ഈ രോഗം ബാധിച്ച ആളുകളുടെ എണ്ണത്തിലുണ്ടാകുന്ന വർധന കാരണമാണ്  മറവിരോഗം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിൽ 65 വയസ്സിനു മുകളിലുള്ള ഏകദേശം 10 കോടി ആളുകളുണ്ട്. ഇവരിൽ മൂന്നുമുതൽ അഞ്ചുശതമാനം വരെ  ആളുകൾ   മറവിരോഗം എന്ന അവസ്ഥയിലൂടെ കടന്നുപോകാൻ സാധ്യതയുള്ളവരാണ്. അങ്ങനെ നോക്കുമ്പോൾ 40 ലക്ഷത്തിൽക്കൂടുതൽ ആളുകൾ  മറവിരോഗബാധിതരാണെന്ന് കാണാം. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ  മറവിരോഗ ബാധിതർ നമ്മുടെ രാജ്യത്താണ്. 20 വർഷം കഴിഞ്ഞാൽ  മറവിരോഗവുമായി പടപൊരുതുന്നവരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയായിരിക്കും

സാധാരണയായി കണ്ടുവരുന്ന ഇത്തരം മാനസിക പ്രശ്നങ്ങളുടെ കാര്യത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ എന്തെല്ലാമാണ് ?
ഉത്കണ്ഠ, വിഷാദരോഗം എന്നിവ പ്രാരംഭദശയിൽത്തന്നെ കണ്ടുപിടിക്കുക എന്നതാണ് പ്രധാനം. ഇന്നത്തെ കാലത്ത് ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്. സൈക്കോതെറാപ്പിയിലൂടെയും കൗൺസലിങ്ങിലൂടെയും രോഗികളിൽ മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കാം.ഓർമക്കുറവ് പോലുള്ള ലക്ഷണങ്ങൾ കാണിക്കുന്നവരെ തുടക്കത്തിൽത്തന്നെ തിരിച്ചറിയണം. വാർധക്യത്തിന്റെ ഭാഗമായുണ്ടാകുന്ന ഓർമക്കുറവാണെന്ന ലാഘവത്തോടെ തള്ളിക്കളയാവുന്ന പ്രശ്നമല്ല ഇത്. ‘പ്രായമായില്ലേ, അപ്പോൾ കുറച്ച് ഓർമക്കുറവൊക്കെ കാണും’ എന്ന മനോഭാവം കാണിക്കരുത്. അസുഖത്തിന്റെ ലക്ഷണങ്ങൾ കണ്ടുപിടിച്ചാൽ ചികിത്സയ്ക്ക് വിധേയമാക്കിയാൽ അസുഖം മൂർധന്യാവസ്ഥയിലെത്തുന്നത് തടയും.

വിഷാദരോഗവും മറവിരോഗവുമല്ലാതെ പ്രായമായവർ അനുഭവിക്കുന്ന മറ്റ് മാനസിക പ്രശ്നങ്ങൾ ?
വാർധക്യത്തിലെത്തിയ ആളുകളെ മാനസിക പ്രശ്നങ്ങൾ ബാധിക്കാൻ എളുപ്പമാണ്. പ്രിയപ്പെട്ടവരുടെ വേർപാടുകളും ജീവിതത്തിലുണ്ടാകുന്ന മറ്റുസംഭവങ്ങളും അവരെ തളർത്തിക്കളയുന്നു. പ്രായം ചെല്ലുന്തോറും വ്യക്തിക്ക് കുടുംബത്തിലുള്ള സ്ഥാനം നഷ്ടപ്പെടുന്നു. അതായത്, അതുവരെ കുടുംബകാര്യങ്ങൾ കാര്യക്ഷമമായി നോക്കി നടത്തിയിരുന്ന ആൾ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലേക്കെത്തുന്നു. മാനസികപ്രശ്നങ്ങൾ അലട്ടുമ്പോൾ ലോറാസെപാം, ക്ലോറാസെപാം തുടങ്ങിയ ഉറക്കഗുളികകളെ ആശ്രയിക്കേണ്ടി വരുന്നു. ഇതു കൂടാതെ വാർധക്യത്തിലെത്തിയവർ മദ്യത്തിനും ലഹരിമരുന്നുകൾക്കും അടിമയാകാനുള്ള സാധ്യതയുമുണ്ട്. മാനസിക പ്രശ്നങ്ങൾ കാരണം ആത്മഹത്യ ചെയ്യുന്നവരും കുറവല്ല. 

പ്രായമായവർ എന്തുകൊണ്ടാണ് വിഷാദരോഗത്തിന് അടിമയാകുന്നത്?
പ്രായമാകുന്നതിനനുസരിച്ച്  സ്വാഭാവികമായും മനുഷ്യർ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുന്നു. ക്രമേണ കുടുംബാംഗങ്ങളുമായും സമൂഹവുമായും ഫലപ്രദമായ രീതിയിൽ ഇടപഴകാനും ആശയവിനിമയം നടത്താനും കഴിയാതെ വരുന്നു. കുട്ടികളുമായും മറ്റ് കുടുംബാംഗങ്ങളുമായും അഭിപ്രായവ്യത്യാസമുണ്ടാകുന്നു. അതുപോലെ തന്നെ ഇവർ ജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങൾക്കും സാക്ഷിയാകേണ്ടി വരുന്നത് ഈ ഘട്ടത്തിലാണ്.  അസുഖം മൂലം ശരീരം തളർന്നുപോകുന്ന അവസ്ഥയുമുണ്ടാകുന്നു.

മറവിരോഗത്തെ എങ്ങനെ പ്രതിരോധിക്കാം?
വാർധക്യത്തിലെത്തിയിട്ട് ചികിത്സിക്കാമെന്ന് ചിന്തിക്കാതെ നേരത്തെ തന്നെ അസുഖത്തിനെതിരായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും ജീവിതശൈലിയിൽ ആരോഗ്യപരമായ മാറ്റം വരുത്തുന്നത് മറവിരോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും. സാമൂഹികമായി നല്ല ബന്ധങ്ങൾ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സ്വയം മനസ്സമാധാനം അനുഭവിക്കുന്ന അവസ്ഥയിലേക്കെത്തുകയെന്നതാണ് ഒരു വ്യക്തിക്ക് ഏറ്റവും പ്രയാസം. അവനവന്റെ ഉള്ളിൽ നിന്നുതന്നെ സമാധാനവും സന്തോഷവും കണ്ടെത്താൻ കഴിയണം. മാനസികമായ അസ്വസ്ഥതകളോട് സമരസപ്പെട്ട് പോകാനുള്ള കഴിവ് ആർജിക്കുന്നത് നല്ലതായിരിക്കും. എന്തെങ്കിലും പുതിയ കാര്യങ്ങളിൽ വൈദഗ്‌ധ്യമാർജിക്കുന്നതും പദപ്രശ്നങ്ങൾ പരിഹരിക്കുന്നതും ഒരു വ്യക്തിയുടെ തലച്ചോർ എപ്പോഴും പ്രവർത്തനക്ഷമമാകുന്നതിന് സഹായിക്കുന്നു. 

ശരിയായ ഭക്ഷണക്രമവും  ജീവിതശൈലിയുമെന്നത് വ്യക്തമാക്കാമോ?
പൊതുവേ പറഞ്ഞാൽ, ഹൃദയത്തിന് യോജിച്ചതായി നമ്മൾ കരുതുന്നതെല്ലാം തലച്ചോറിനും നല്ലതാണ്. ഹൃദ്രോഗ സാധ്യതകൾ കുറയ്ക്കാൻ നമ്മൾ സ്വീകരിക്കുന്ന മാർഗങ്ങളെല്ലാം തന്നെ മറവിരോഗം  എന്ന അവസ്ഥയിൽനിന്നു രക്ഷപ്പെടാനും അനുയോജ്യമാണെന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ചിട്ടയായ വ്യായാമത്തിലൂടെ അമിതവണ്ണം കുറയ്ക്കാം. കാർബോഹൈഡ്രേറ്റ്‌സിന്റെ അളവ് കുറയ്ക്കണം. പരിപ്പും പയറുവർഗങ്ങളും പച്ചക്കറികളും മീനും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നേരത്തെതന്നെ അമിത രക്തസമ്മർദവും പ്രമേഹവും നിയന്ത്രിക്കാൻ ശ്രദ്ധിക്കുന്നത് നല്ലതാണ്. 

പ്രായമായവരുടെ മാനസിക പ്രശ്നങ്ങൾ വളരെയധികം പ്രാധാന്യമർഹിക്കുന്ന സംഗതിയാണെന്നിരിക്കെ ഇത്തരം സേവനങ്ങൾ സമൂഹത്തിൽ അപര്യാപ്തമാകുന്നത് എന്തുകൊണ്ടാണ്? 

പ്രായമായവരുടെ മാനസികാരോഗ്യ പ്രശ്നങ്ങളെ വളരെ ലഘൂകരിച്ച് കാണുന്ന ഒരു പ്രവണതയാണ് പൊതുവെയുള്ളത്. ഇത്തരം പ്രശ്നങ്ങൾ വാർധക്യ സഹജമാണെന്ന് കരുതി അവഗണിക്കുകയാണ് നാം ചെയ്യുന്നത്. അവശതയനുഭവിക്കുന്ന പ്രായമായവരുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട്  സർക്കാർ അടുത്തകാലത്തായി ദേശീയതലത്തിൽ പരിപാടികൾ നടപ്പാക്കിയിട്ടുണ്ട്.  ഇതിന്റെ ഭാഗമായി എല്ലാ മെഡിക്കൽ കോളേജുകളിലും പ്രായമായവർക്കുവേണ്ടി പ്രത്യേകം വാർഡുകൾ ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാതലത്തിൽ ക്ലിനിക്കുകളും ആവശ്യമാണ്. ആരോഗ്യപ്രവർത്തകർക്ക് ഈ പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനം നൽകണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിന്റെ കീഴിൽ സമാനമായ രീതിയിലുള്ള സേവനപ്രവർത്തനങ്ങൾ സമീപഭാവിയിൽ കോഴിക്കോട് തുടങ്ങുന്നുണ്ട്. മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസുമായി സഹകരിച്ച്  ഇങ്ങനെ പ്രായമായവരെ സംരക്ഷിക്കുന്നവർക്കുന്നവർക്കായുള്ള പരിശീലനവും ഞങ്ങൾ നൽകുന്നുണ്ട്.