പൊന്നാനി: 'നമസ്‌കാരം... ഇത് പോലീസ് സ്റ്റേഷനില്‍നിന്നാണ്... സുഖമായിരിക്കുന്നു അല്ലേ... എന്തെങ്കിലും സഹായം ആവശ്യമുണ്ടോ...' സംസ്ഥാനത്ത് ഒറ്റയ്ക്കു താമസിക്കുന്ന പല വയോധികരുടെയും ഫോണിലേക്കു ബുധനാഴ്ച ഇങ്ങനയൊരു വിളിയെത്തി. തനിച്ച് താമസിക്കുന്ന വയോധികരെ ചേര്‍ത്തുപിടിച്ച് പോലീസ് പറയുകയാണ്; ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളുണ്ട് കൂടെ...

മലപ്പുറത്ത് ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന രണ്ടു കൊലപാതകങ്ങളാണ് പോലീസിന്റെ അടിയന്തര നടപടികള്‍ക്കുപിന്നില്‍. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തിനുപിന്നാലെ വീട്ടില്‍ ഒറ്റയ്ക്കുകഴിയുന്ന പ്രായമുള്ള ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നുള്ള നടപടികള്‍ പോലീസ് ആരംഭിച്ചുകഴിഞ്ഞു.

ഒറ്റയ്ക്ക് കഴിയുന്ന വയോധികരുടെ വീടുകള്‍ കേന്ദ്രീകരിച്ച് പട്രോളിങ് നടത്താനാണ് നിര്‍ദേശം. ഇതിനായി ഇത്തരത്തില്‍ കഴിയുന്ന ആളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്നവരുടെ വിവരങ്ങള്‍ കൂടാതെ അടുത്തബന്ധുക്കള്‍, അയല്‍ക്കാര്‍ എന്നിവരുടെ നമ്പറുകളും ശേഖരിക്കുന്നുണ്ട്.

ഇനി 'കെയര്‍' ഉണ്ടാകും

മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി കേരള പോലീസ് 2012-ല്‍ ആരംഭിച്ച പദ്ധതിയാണ് 'കെയര്‍' അഥവാ 'കെയര്‍, എയ്ഡ് ആന്‍ഡ് റിലീഫ് ടു എല്‍ഡേഴ്സ്' എന്നത്. വയോധികര്‍ക്കായി ഹെല്‍പ്പ്ലൈന്‍, ഹെല്‍പ്പ് ഡെസ്‌ക്, സര്‍വീസ് ബ്യൂറോ എന്നീ സംവിധാനങ്ങള്‍ എര്‍പ്പെടുത്തുന്നതായിരുന്നു പദ്ധതി. പക്ഷേ, ഇപ്പോള്‍ കാര്യമായ പ്രവര്‍ത്തനമില്ല. പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഒരു അത്യാവശ്യം വന്നാല്‍ അടുത്തവീട്ടില്‍ അറിയിക്കാനാകുന്ന 'ബെല്‍ ഓഫ് ഫെയ്ത്ത്' എന്ന പദ്ധതി വ്യാപകമാക്കാനും ആലോചനയുണ്ട്.

വിളിക്കൂ 112-ല്‍

ഒറ്റയ്ക്ക് കഴിയുന്ന വയോധികരുള്‍പ്പെടെയുള്ളവര്‍ക്കെല്ലാം സഹായത്തിന് വിളിപ്പാടകലെയുണ്ട് പോലീസ്. ഫോണില്‍ 112 എന്ന് ഡയല്‍ ചെയ്താല്‍ സഹായവുമായി പോലീസ് എത്തും. അഗ്‌നിരക്ഷാസേനയുടെ സഹായമോ ആംബുലന്‍സ് സേവനമോ ലഭിക്കാനും ഇതേ നമ്പര്‍ ഡയല്‍ ചെയ്താല്‍മതി. മുതിര്‍ന്ന പൗരന്മാര്‍ക്കായി വീട്ടുജോലി ചെയ്യാന്‍ നിയോഗിച്ചുള്ള ആളുകളെക്കുറിച്ച് കൃത്യമായി അന്വേഷിച്ച് വിവരം നല്‍കാനും പോലീസിന്റെ സഹായംതേടാം.

Content Highlights: Kerala Police, Geriatric Care, Health, Mental Health