യോധികരുടെ ജീവിതശൈലിയെ കോവിഡ്19 മാറ്റിമറിച്ചിട്ടെന്നു വേണം പറയാൻ. സുഹൃത്തുക്കളെയും ബന്ധുക്കളെയും നേരിൽ കാണാനോ അവരുടെ കൂടെ സമയം ചെലവഴിക്കാനോ ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമല്ല. വീടുകളിൽ തന്നെ ഒതുങ്ങി ജീവിക്കുകയെന്ന രീതിയിലായി. ഇത് ഒറ്റപ്പെടലിലേക്ക് വയോധികരെ നയിക്കുന്നു. കോവിഡിനെക്കുറിച്ചുള്ള ജിജ്ഞാസ, ഈ രോഗം വന്നാലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള വേവലാതി, മരണഭയം ഈവക ചിന്തകളെല്ലാം അവരുടെ മനസ്സിലേക്ക് വന്നുകയറും. പ്രായമേറുംതോറും കോവിഡ്19 പിടിപെടാനുള്ള സാധ്യത കൂടുതലാണ് എന്ന വസ്തുതയും പ്രധാനമാണ്. അതുകൊണ്ട് അറുപതുവയസ്സിന് മുകളിലുള്ളവർ വളരെ ശ്രദ്ധചെലുത്തണം.

പ്രായം കൂടുംതോറും ശരീരത്തിന്റെ പ്രതിരോധശക്തി കുറഞ്ഞുവരുന്നുവെന്നതാണ് കോവിഡ് സങ്കീർണത കൂടാനുള്ള കാരണമായി പറയപ്പെടുന്നത്. കൂടാതെ ഈ വയസ്സിൽ വിവിധതരത്തിലുള്ള രോഗങ്ങൾ കാണാം. ഉദാഹരണത്തിന് ഹൃദയസംബന്ധമായ രോഗങ്ങൾ, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം, കാൻസർ, ഈ രോഗങ്ങളെല്ലാം പ്രായമായ ശരീരത്തിന്റെ പ്രതിരോധശക്തിയെ ബാധിക്കുകയും അത് കോവിഡ്19 ബാധിച്ചാൽ അതിന്റെ തീവ്രത കൂട്ടുകയും ചെയ്യുന്നു.

arogyamasika
പുതിയ ലക്കം മാതൃഭൂമി
 ആരോഗ്യമാസിക വാങ്ങാം

സ്വരക്ഷയ്ക്ക് വയോജനങ്ങൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ

 • വ്യക്തിശുചിത്വം പാലിക്കുക. ഇതാണ് ഏറ്റവും പ്രധാനം. കൈകൾ ഇരുപത് സെക്കൻഡ് സമയമെടുത്ത് സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.
 • 60 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ കൈയിൽ സദാസമയവും കരുതുക. ഇടയ്ക്കിടെ ഉപയോഗിക്കുക.
 • വീടിനുള്ളിൽ തന്നെയാണെങ്കിൽ കൈകൾ വൃത്തിയായി ഇടയ്ക്കിടെ കഴുകിയാൽ മതി.
 • അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങുക.
 • വിവാഹം, ശവസംസ്കാരം എന്നീ ചടങ്ങുകളിൽ വയോധികർ പങ്കെടുക്കരുത്.
 • വൃദ്ധജനങ്ങൾ സാമൂഹികമായി ഒറ്റപ്പെട്ട് കഴിയുന്നത് ഉചിതമല്ല. വിഷാദരോഗം അവരെ കീഴ്പ്പെടുത്താൻ സാധ്യതയുണ്ട്. വീട്ടിലുള്ള ചെറുപ്പക്കാർ ഈ അവസ്ഥ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
 • സ്മാർട്ടഫോൺ, കംപ്യൂട്ടർ, ടാബ്ലെറ്റ് എന്നിവ ഉപയോഗിക്കാൻ ഇവരെ പഠിപ്പിക്കുക.
 • സുഹൃത്തുക്കളുമായും ബന്ധുക്കളുമായും അടുപ്പം നിലനിർത്താൻ ഈ മാധ്യമങ്ങൾ ഇവരെ സഹായിക്കും.
 • കുട്ടികളുമായി ഇടപെടാൻ കഴിയുന്നില്ല എന്നത് പല വയോജനങ്ങൾക്കും മാനസിക പ്രയാസങ്ങൾ ഉണ്ടാക്കാറുണ്ട്. സാഹചര്യങ്ങൾ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.
 • വീടിന് പുറത്തുപോകുന്നുവെങ്കിൽ തീർച്ചയായും വായും മൂക്കും മൂടുന്ന വിധത്തിലുള്ള തുണികൊണ്ടുള്ള മാസ്ക് ധരിക്കുക.
 • കണ്ണുകളിലും മൂക്കിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കുക.
 • സാനിറ്റൈസർ കൈയിൽ കരുതുക. ചിലർ കഴുത്തിൽ മാസ്ക് കെട്ടി നടക്കുന്നത് കാണാറുണ്ട്. ഇത് സ്വന്തം രക്ഷയ്ക്കും മറ്റുള്ളവരുടെ രക്ഷയ്ക്കും അപകടകരമാണ്.
 • ആറടി (രണ്ട് കൈ അകലം) നിർബന്ധമായും പാലിക്കണം.
 • വാഹനത്തിനുള്ളിലും മാസ്ക് ധരിച്ചിരിക്കണം.
 • പൈസ കൈകാര്യംചെയ്യുന്നത് കഴിയുന്നത്ര കുറയ്ക്കുക. സ്മാർട്ട്ഫോൺ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുക.
 • ബാങ്കുകൾ, ട്രഷറി മുതലായ സ്ഥാപനങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രം പോകുക.
 • നല്ല വായുസഞ്ചാരമുള്ള മുറിയിലേക്ക് മാറുക.
 • കഴിയുന്നത്ര പുറത്തുനിന്നുള്ള ആളുകളുമായുള്ള സമ്പർക്കം കുറയ്ക്കുക.
 • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈമുട്ടുപയോഗിക്കുക. (കൈപ്പത്തി ഉപയോഗിക്കരുത്)
 • തൂവാല എപ്പോഴും കരുതുക.
 • എ.സി. ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്. എ.സി. വേണമെന്നാണെങ്കിൽ 3M Hepa filters ഇപ്പോഴുള്ള ഫിൽട്ടറുകളുടെ ഒപ്പം ഘടിപ്പിക്കുക.
 • വയോധികർ അവരുടെ ജീവിതശൈലി ചിട്ടയോടുകൂടിത്തന്നെ മുന്നോട്ടുകൊണ്ടു പോകുക.
 • നിത്യവും വ്യായാമം ചെയ്തിരുന്നവർ ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങൾക്ക് സൗകര്യമുള്ളതുപോലെ ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യണം.
 • വയോധികരുടെ പതിവ് ആരോഗ്യപരിശോധനയ്ക്ക് മുടക്കം വന്നിരിക്കാൻ സാധ്യതയുണ്ട്. അടുത്തുള്ള ലാബിന്റെ സഹായം തേടുക. പ്രമേഹബാധിതർ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് വീട്ടിൽവെച്ച് തന്നെ ഷുഗറിന്റെ അളവ് നിർണയിക്കുക.
 • ചെറിയ തരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ തള്ളിക്കളയരുത്.
 • വയോധികർ ശരീരത്തിന്റെ പ്രതിരോധശക്തി നിലനിർത്താനുള്ള ജീവിതശൈലികൾ പാലിക്കണം. പോഷകാഹാരം, വ്യായാമം, മാനസികാരോഗ്യം എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുക.
 • നിത്യവും കഴിക്കുന്ന മരുന്നുകൾ മുടങ്ങാതെ ഉപയോഗിക്കണം.
 • എന്തെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം. മിക്ക ആശുപത്രികളിലും ടെലികമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ ലഭ്യമാണ്.
 • വയോധികരുള്ള വീടുകളിൽ പുറമേനിന്ന് വരുന്ന ജോലിക്കാരെ കഴിയുന്നത്ര ഒഴിവാക്കുക.
 • സമൂഹവ്യാപനം ഉള്ളതുകൊണ്ട് കഴിയുന്നത്ര ശ്രദ്ധാപൂർവം ദിവസങ്ങൾ മുന്നോട്ടുകൊണ്ടു പോവുക.

(കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ച് സെന്ററിലെ ജെറിയാട്രി വിഭാഗം പ്രൊഫസറാണ് ലേഖിക)

മാതൃഭൂമി ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights:International Day for Older Persons, Elderly should pay attention to during the Covid 19 period, Health, Geriatric Care