ലോഹിതദാസിന്റെ 'നിവേദ്യം' എന്ന സിനിമയിലെ 'പപ്പട മുത്തശ്ശി'യെ എങ്ങനെ മറക്കും...? ആ കഥാപാത്രത്തെ പ്രിയതരമാക്കിയ സി.പി. തങ്കമ്മാളിന് വെള്ളിയാഴ്ച 90ാം പിറന്നാളാണ്, രേവതി നക്ഷത്രം.

വയസ്സ് ഇത്രയൊക്കെയായെന്ന ഭാവമൊന്നും തങ്കമ്മാളിനില്ല. പറവൂർ പുത്തൻമഠത്തിൽ (അജയ് കൃഷ്ണ) മകൻ കെ.ആർ. ചന്ദ്രനോടും കുടുംബത്തോടുമൊപ്പമാണ് താമസം. പുലർച്ചെ നാലിനു മുമ്പ് എഴുന്നേൽക്കും. കുളി കഴിഞ്ഞ് പട്ടുസാരി ചുറ്റും. പൂജാമുറിയിലും ഉമ്മറപ്പടി വാതിലിനരികിലും ചമ്രം പടിഞ്ഞിരുന്ന് അരിമാവുകൊണ്ട് മനോഹരമായി കോലം വരയ്ക്കും.

ഐശ്വര്യം നൽകുന്ന 'കല്യാണക്കോല'വും 'കന്യാക്കോല'വും മാറി മാറി വരയ്ക്കും. ഇടയ്ക്ക് ബന്ധുവായ മീനാക്ഷി (85) യും കൂടും. അരിപ്പൊടി കോലം വരച്ചുകഴിഞ്ഞാൽ നീണ്ട ജപം.

നിവേദ്യത്തിൽ മാത്രമല്ല, മോഹൻലാലിന്റെയും സുരേഷ്
ഗോപിയുടെയും ഓരോ സിനിമകളിൽ ചെറിയ റോളുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'ഗുരുവായൂരപ്പൻ', 'സ്ത്രീ' തുടങ്ങിയ സീരിയലുകളിലും സലിംകുമാറിന്റെ ഡോക്യുമെന്ററികളിലും അമ്മൂമ്മക്കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

2006ൽ നിവേദ്യത്തിലെ പല്ലില്ലാത്ത മുത്തശ്ശിയെ തപ്പിയിറങ്ങിയ ലോഹിതദാസ്, തങ്കമ്മാളിനെ കണ്ടെത്തുകയായിരുന്നു. പറവൂരിലെ വീടുവിട്ട് ഒരിടത്തേക്കുമില്ലെന്ന് തങ്കമ്മാളിന് വാശി. ഒടുവിൽ 25,000 രൂപ പ്രതിഫലവും ലൊക്കേഷനിൽ സസ്യാഹാരവും ഉറപ്പാക്കിയ ശേഷമാണ് കരാറിലൊപ്പിട്ടത്. പാലക്കാട്ടും ഒറ്റപ്പാലത്തും ഷൊർണൂരുമൊക്കെ ഷൂട്ടിങ് നടന്നപ്പോൾ ഒന്നര മാസത്തോളം സിനിമാ സംഘത്തിനൊപ്പം തങ്കമ്മാളും ഉണ്ടായിരുന്നു.

ഗായിക കൂടിയായ തങ്കമ്മാൾ, സംഗീത സംവിധായകൻ ശരത്തിനോടൊപ്പം '18ാം പടി' ഉൾപ്പെടെ ഒട്ടേറെ ആൽബങ്ങളിൽ പാടിയിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തോടാണ് കമ്പം. വീടിന്റെ ഉമ്മറത്തിരുന്ന് ഇപ്പോഴും ഉച്ചത്തിൽ പാടും. 'പാട്ടുമുത്തശ്ശി' എന്ന വിളിപ്പേരും തങ്കമ്മാളിനുണ്ട്.

മുമ്പൊരിക്കൽ മാതൃദിനത്തിൽ മോഹൻലാലിന്റെ 'അമ്മക്കിളിക്കൂട്' പരിപാടിയിലും പങ്കെടുത്തു.

ഏറെക്കാലമായി കേരള ബ്രാഹ്മണ സഭയുടെ പറവൂർ വനിത ഉപ സഭാ അധ്യക്ഷസ്ഥാനവും വഹിക്കുന്നു. സമൂഹമഠത്തിലെ വിളക്കുപൂജയുടെ മുഖ്യ കാർമികയുമാണ്.

ഭർത്താവ് പരേതനായ കെ.ആർ. രാമസ്വാമി അയ്യർ. ബ്രാഹ്മണ സഭാ പ്രസിഡന്റ് കെ.ആർ. ചന്ദ്രനും രാധയും പരേതനായ ശിവദാസുമാണ് മക്കൾ.

Content Highlights:International Day for Older Persons Director Lohithadas introduced Nivedyam movie actress Pappada muthassi, Health