കേരള സര്‍ക്കാര്‍ 2007 വയോജന നയം സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കിയതോട് കൂടിയാണ് വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റു നടപ്പിലാക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കുന്നത്. അതിന്റെ പ്രാഥമിക ഘട്ടം എന്ന നിലയില്‍ 2008 ഓടുകൂടി സംസ്ഥാനത്ത്  വയോജന കൗണ്‍സിലുകള്‍ സംസ്ഥാന ജില്ലാതലങ്ങളില്‍ രൂപപ്പെടുകയുണ്ടായി. എന്നാല്‍ ആ കാലഘട്ടങ്ങളില്‍ വയോജന നയം നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താനും അതിനാവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനുമുള്ള നടപടികള്‍ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. സംസ്ഥാന വയോജന കൗണ്‍സില്‍ കമ്മിറ്റികള്‍ ജില്ലാ തലത്തില്‍ വന്നതല്ലാതെ അതിന്റ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള നടപടിക്രമങ്ങളോ സംവിധാനങ്ങളോ അക്കാലത്ത് ഉണ്ടായിരുന്നില്ല.

സംസ്ഥാനത്ത് 2011 ഓടുകൂടിയാണ് വയോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വളരെ ശക്തമായി നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2011 ഫെബ്രുവരി മാസത്തോടുകൂടി വയോമിത്രം പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ നയപരമായി തീരുമാനിക്കുകയും വയോജന നയത്തിന്റെ ഭാഗമായുള്ള വയോജനങ്ങളുടെ ആരോഗ്യ-സാമൂഹ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടിയുള്ള ഒരു പദ്ധതി നടപ്പിലാക്കുന്നതിന് ഒരു സ്വാതന്ത്ര സ്ഥാപനമായ കേരള സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം 2011 ആരംഭിച്ച  വയോമിത്രം പദ്ധതി ജില്ലകളിലെ പ്രധാനപ്പെട്ട ജില്ലാ ആസ്ഥാന നഗരങ്ങളിലാണ് ആരംഭിക്കുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും തുടര്‍ന്ന് എല്ലാ ജില്ലകളിലെ പ്രധാന നഗരങ്ങളിലും വരുകയും 2015 വരെയായി സംസ്ഥാനത്തെ 38 നഗരങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന അവസ്ഥയില്‍ എത്തിച്ചേര്‍രുകയും ചെയ്തു. വയോമിത്രം വഴി പ്രതിമാസം സംസ്ഥാനത്തെ 50000 ല്‍ പരം ഗുണഭോക്താക്കള്‍ക്ക് നല്‍കിവന്നിരുന്ന സേവനം 2016 ഓടുകൂടി  സംസ്ഥാനത്തെ പുതുതായി ആരംഭിച്ച നഗരസഭകള്‍ അടക്കം 91 നഗരസഭകളിലേക്ക് വ്യാപിപ്പിക്കുകയുണ്ടായി ഇതുവഴി അന്നുമുതല്‍ ഇന്നുവരെ പ്രതിമാസം 2.75 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്കായി 102 യൂണിറ്റ് തലത്തില്‍ കേരളത്തില്‍ മുടങ്ങാതെ മരുന്ന്, ഡോക്ടറുടെ സേവനം, മാനസിക ഉല്ലാസ പരിപാടികള്‍, കൗണ്‍സിലിംഗ്, എന്നിവ പ്രദനം ചെയ്തു പ്രാവര്‍ത്തികമാക്കാനും അതുവഴി വയോജന ക്ഷേമ രംഗത്ത് അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിക്കാനും കഴിഞ്ഞു. ഇതുവഴി വയോമിത്രം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ പൊതുസമൂഹത്തിന് വയോജനങ്ങളെ കുറിച്ചുള്ള മതിപ്പും ബഹുമാനവും ആദരവും വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന രൂപത്തില്‍ അവരെ കൂടി പങ്കാളികളാക്കി കൊണ്ട് വയോജനങ്ങളുടെ മറ്റ് കലാപരിപാടികളെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക  തലത്തില്‍ നടത്താനും അതുവഴി ബഹുജനങ്ങളുടെ ഇടയിലും വയോജനങ്ങളെ സംബന്ധിച്ചുള്ള ധാരണയ്ക്ക് പണ്ട് ഉണ്ടായിരുന്നതിനേക്കാള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കാരണമായി.  വയോമിത്രം പദ്ധതിയിലൂടെ  വയോജനങ്ങളുടെ മാനസിക ആരോഗ്യമാണ് അവരുടെ ശാരീരിക ആരോഗ്യത്തെക്കാള്‍ ഏറെ പ്രധാനം എന്ന വസ്തുതയും ബോധ്യപ്പെടുത്താനും അതിനനുസൃതമായി വയോജനങ്ങളോടുള്ള സമീപനത്തിലും പെരുമാറ്റത്തിലും വരുത്തേണ്ട മാറ്റം സംബന്ധിച്ച് അവരുടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയും എന്ന വസ്തുത  പൊതുജനങ്ങള്‍ക്ക് ബോധ്യം നല്‍കാനും കഴിഞ്ഞിട്ടുണ്ട്. 

ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങള്‍ക്ക് എന്നും താങ്ങായി സര്‍ക്കാര്‍ ഉണ്ട് എന്ന അവബോധം ജനങ്ങളിലേക്ക് എത്താന്‍ വയോമിത്രം പദ്ധതി വഴി നാളിതുവരെയായി കഴിഞ്ഞിട്ടുണ്ട്. 2018 മെയ് മാസത്തോടു കൂടി തന്നെ വയോമിത്രം പദ്ധതി ഗ്രാമപഞ്ചായത്ത് തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നെങ്കിലും തുടര്‍ന്നുവന്ന  നിപ, പ്രളയം, കൊറോണ എന്നീ പ്രതിസന്ധി മൂലം എല്ലാ ഗ്രാമ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുവാനായിട്ടുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നമ്മുടെ സംസ്ഥാനത്തെ ഏകദേശം 47 ലക്ഷം 60 വയസ്സിനു മുകളില്‍ പ്രായമുള്ള ആളുകളെ പരിരക്ഷിക്കുന്നതിന് ആവശ്യമായ ഒട്ടനവധി കാര്യങ്ങള്‍ സര്‍ക്കാരും ബഹുജനങ്ങളും ഏറ്റെടുക്കേണ്ടതായിട്ടുള്ള സ്ഥിതിവിശേഷം ഉണ്ട് ഇതില്‍ പ്രധാനമായത്

1. ഇന്ന് കേരളത്തില്‍ 60 വയസിന് മുകളിലുള്ള ആളുകള്‍ 70-75 വയസ്സ് വരെ മധ്യവയസ്‌കരായി തന്നെ തുടരുന്നതുകൊണ്ട് അവര്‍ക്ക് സെല്‍ഫ് റെസ്‌പെക്റ്റ് /സ്വയം വ്യക്തിത്വം രൂപപ്പെടുത്താന്‍ സാധിക്കുന്ന രീതിയില്‍ ശാരീരികാരോഗ്യം ഉള്ള കാലം വരെ അവര്‍ക്ക് ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെടാന്‍ കഴിയുന്ന സാഹചര്യം ഏര്‍പ്പാടാക്കി കൊടുക്കേണ്ടത് ഇന്നത്തെ സാഹചര്യങ്ങളില്‍ അനിവാര്യമാണ്. അത് കുടുംബങ്ങളിലും സമൂഹത്തിലും അവരുടെ വ്യക്തിത്വം നിലനിര്‍ത്താനും അവര്‍ക്ക് തന്നെ ഒരു മാനസിക ആരോഗ്യത്തോടുകൂടി പൊതുസമൂഹത്തിനു മുന്നില്‍ നിന്നു പ്രവര്‍ത്തിക്കാനും കഴിയുന്ന അവസരം ഒരുക്കാന്‍ സഹായിക്കും. ഇതിന് ആവശ്യമായ സാഹചര്യം ഒരുക്കല്‍ ആണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.

2. ഇന്നത്തെ നമ്മുടെ കുടുംബവും സമൂഹവും അവഗണിക്കപ്പെടുന്ന വയോജന വിഭാഗത്തെ ഒരു പൊതുസമൂഹത്തിനു മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്താന്‍ ആവശ്യമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടുകൂടി വയോജനങ്ങള്‍ക്കായി നീക്കി വെച്ചിട്ടുള്ള പദ്ധതിവിഹിതം വഴി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് ഏറ്റെടുത്ത് നടപ്പിലാക്കാനാവും. ഇത്തരം പദ്ധതി വഴി വയോജനങ്ങള്‍ക്ക് വേണ്ടിയുള്ള നൂതനമായ പദ്ധതികള്‍ ഒരു പ്രദേശത്തിന്റെ പ്രത്യേകതക്ക് അനുസൃതമായി തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും കഴിയും.

വയോജന ക്ഷേമപദ്ധതികള്‍ക്ക് പ്രാദേശിക സര്‍ക്കാരുകളുടെ പങ്കാളിത്തം

വയോജന ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ ഏറ്റവും കൂടുതല്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്നത് പ്രാദേശിക സര്‍ക്കാരുകള്‍ക്കാണ്. ഇതില്‍ പ്രധാനമായും ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എല്ലാം വരുന്നു. ഒരു പരിധിവരെ നഗരസഭകളില്‍ വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വയോമിത്രം പദ്ധതി വഴി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ കാര്യക്ഷമമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി പഞ്ചായത്ത്തലത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുക എന്നതാണ്. മാത്രമല്ല പഞ്ചായത്ത് തലത്തില്‍ ഏറ്റവും താഴെതട്ടിലുള്ള ശാരീരികമായും മാനസികമായും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന  വയോജനങ്ങള്‍ ആയ 60 വയസിനു മുകളില്‍ ഉള്ളവരുടെ കര്‍മ്മ  സമിതികള്‍ വാര്‍ഡ് തലത്തില്‍ രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇന്നത്തെ സമൂഹത്തിലെ വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് പഠിക്കാനും അതിനനുസൃതമായി അത് പരിഹരിക്കുന്നതിന് ആവശ്യമായി പഞ്ചായത്തുകളും കര്‍മ്മ സമിതികളും ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടതായിട്ടുണ്ട്.  വയോജനങ്ങള്‍ക്ക് ഒരു സെല്‍ഫ് റെസ്‌പെക്ട് ലഭിക്കത്തക്ക രീതിയില്‍ ജീവിക്കാനുള്ള സാഹചര്യം രൂപപ്പെടുത്തുക എന്നുള്ളതാണ് എന്നുള്ളതാണ് ഏറ്റവും പ്രഥമ പരിഗണന നല്‍കേണ്ട വിഷയം. 

ഇന്നത്തെ വയോജനങ്ങള്‍ ആരുടെയെങ്കിലും കാരുണ്യത്തില്‍ ജീവിക്കേണ്ട സാഹചര്യമാണ് നമ്മുടെ സമൂഹത്തില്‍ ഉള്ളത്. ഈ പ്രശ്‌നം വളരെ ഗൗരവപരവുമാണ്. ഇന്നത്തെ 60 കഴിഞ്ഞ നിരവധി വയോജനങ്ങള്‍ ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നു. നമ്മുടെ സമൂഹത്തില്‍ വയോജനങ്ങളുടെ ആരോഗ്യം ഒരു 75 വയസ്സ് വരെയൊക്കെ അവരെ ജോലിചെയ്യാന്‍ പ്രാപ്തരാക്കുന്നു. ഇത്തരത്തില്‍ ജോലി ചെയ്യാന്‍ പ്രാപ്തരായിട്ടുള്ള വയോജനങ്ങള്‍ക്ക് അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട അവസരങ്ങളില്‍ ജോലി ചെയ്യാനുള്ള അവസരം നമ്മള്‍ ഒരുക്കി കൊടുക്കുന്നില്ല എന്നതാണ് ഇന്ന് അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. പ്രതിദിനം രണ്ടോമൂന്നോ മണിക്കൂര്‍ ജോലി ചെയ്താല്‍ അവര്‍ക്കാവശ്യമായ ജീവനോപാധികള്‍ മരുന്നുകള്‍ എന്നിവക്കായ് പണം കണ്ടെത്താന്‍ എങ്ങനെ സാധിക്കുക എന്നതും ഇത് എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയും എന്നതിനെ കുറിച്ച്, അതിന് പറ്റുന്ന ഇടങ്ങള്‍ എന്നിവ സംബന്ധിച്ചു വിശദമായ ഒരു പഠനം നടത്തേണ്ടത് അനിവാര്യമാണ്.  

വയോജനങ്ങളുടെ തൊഴില്‍ സാധ്യതകള്‍, കുറവുകള്‍ എന്നി കാര്യത്തില്‍ നിലവില്‍ വകുപ്പ് തലത്തില്‍ എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ പൊതു സമൂഹം പരിഹരിക്കേണ്ട വിഷയം, അതിന് എങ്ങനെ  കൈകാര്യം ചെയ്യാം എന്നൊക്കെ സംബന്ധിച്ച് വിശദമായ ഒരു സര്‍വേ നടത്തണം, അതിന്റെ അടിസ്ഥാനത്തില്‍ ഒരു ഡേറ്റാ ബാങ്ക് തയ്യാറാക്കുകയും ആ ഡാറ്റാബാങ്കിന് അനുസൃതമായി ഓരോ കാര്യങ്ങളിലും വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കാന്‍ കഴിയുന്ന വിധം പദ്ധതികള്‍ ആവിഷ്‌കരിക്കാനും പ്രാദേശിക സര്‍ക്കാരുകള്‍ തയ്യാറാകണം. ഇന്ന് കേരളത്തിലെ 16 ശതമാനം ആളുകളെ നേരിട്ട് ബാധിക്കുന്ന ഏറ്റവും വലിയ മുഖ്യപ്രശ്‌നം എന്ന നിലയില്‍ പ്രാദേശിക സര്‍ക്കാരുകള്‍ ഏറ്റെടുത്തേ മതിയാകൂ. വരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ സമൂഹത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് വയോജന പ്രശ്‌നങ്ങള്‍. അത് വരാന്‍ പോകുന്ന പ്രതിസന്ധികളെ നേരിടാന്‍ ആവശ്യമായ മുന്‍കരുതല്‍ എന്ന നിലയില്‍ പ്രാദേശിക സര്‍ക്കാരുകള്‍ വളരെ മുന്നേ തന്നെ കരുതലോടും കൂടി നീങ്ങാന്‍ കഴിഞ്ഞാല്‍ വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നതാണ് യാഥാര്‍ഥ്യം.

പ്രാദേശിക സര്‍ക്കാരുകള്‍ എന്നത് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെട്ട ബ്ലോക്ക് ലെവലില്‍ താഴോട്ട് നടപ്പിലാക്കാന്‍ ആവശ്യമായ ഒരു കേന്ദ്രീകൃത സമീപനം ഉണ്ടാക്കുന്നത് ആയിരിക്കും ഇക്കാര്യത്തില്‍ വിജയിപ്പിക്കാന്‍ കഴിയുന്നത്. കാരണം വയോജന രംഗത്ത് വിനിയോഗിക്കപ്പെടേണ്ട ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വിഹിതങ്ങള്‍ കൂടി ഗ്രാമതലത്തില്‍ ഗ്രാമ പഞ്ചായത്ത് വിഹിതം കൂടി വിനിയോഗിക്കാന്‍ ഓരോ പഞ്ചായത്തുകള്‍ക്കും  സാധിക്കും. അതുവഴി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമതലങ്ങളില്‍  സംഘടിപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സ്രോതസ്സ് ലഭ്യമാക്കുന്നു. കാലാന്തരത്തില്‍ ഇത് തികയാതെ വന്നാല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരു ഔദ്യോഗിക സ്വയംഭരണാവകാശമുള്ള പ്രത്യേക സംവിധാനം തന്നെ രൂപപ്പെടുത്താന്‍ കഴിഞ്ഞാല്‍ വയോജന ക്ഷേമരംഗത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ആവശ്യമായ ഒരു മിഷന്‍ രൂപത്തിലുള്ള ഒരു സംവിധാനം രൂപപ്പെടുത്താന്‍ കഴിയും. ഈ സംവിധാനം രൂപപ്പെടുത്തുകവഴി ആ പ്രദേശത്തെയും ആ മേഖലയിലെയും  മുഴുവന്‍ വയോജനങ്ങളുടെയും പ്രശ്‌നങ്ങള്‍ എന്ത് എന്ന് പഠിക്കാനും അതില്‍ കുടുംബത്തിന്റെ സഹായത്തോടും സഹകരണത്തോടും കൂടി വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പൊതുവായി ഏറ്റെടുക്കുവാനും പ്രാദേശിക സര്‍ക്കാരുകള്‍ക്ക് കഴിയുന്നതാണ്. അത് വളരെ അനായാസമായി എത്ര കൂടുതല്‍ ആളുകള്‍ വന്നാലും അവരെയെല്ലാം ആരോഗ്യപരമായാലും സാമൂഹ്യപരമായ കാര്യങ്ങളില്‍ ആയാലും അവരെല്ലാം  സംരക്ഷിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വളരെയേറെ പങ്കുണ്ട് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതിനനുസൃതമായി 60 വയസ്സിന് മുകളിലുള്ളവരുടെ കര്‍മ്മ സമിതികള്‍ പഞ്ചായത്ത് തലത്തിലും ബ്ലോക്ക് തലത്തിലും വാര്‍ഡ് തലത്തിലും രൂപപ്പെടുത്താന്‍, ഇതിനെ ഒരു ശൃംഖലയായി കണക്ട് ചെയ്തു കൊണ്ട് ഇതുമായി ബന്ധപ്പെട്ട് ആലോചിച്ചു നടത്താനുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ അടിയന്തരമായി സര്‍ക്കാര്‍ രൂപപ്പെടുത്തി എടുക്കണം.

ബ്ലോക്ക് തലത്തില്‍ ഒരു മിഷന്‍ ഘടന രൂപം ഉണ്ടാക്കി പ്രാദേശിക തലത്തിലുള്ള ആളുകളുടെ സംഭാവന കൂടി സ്വരൂപിച്ചു കൊണ്ട് വയോജനങ്ങളുടെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് കഴിയും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതേ നില തന്നെ മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ തലങ്ങളില്‍ അനുവര്‍ത്തിച്ചാല്‍ കേരളത്തില്‍ വരുന്ന മൂന്ന് കൊല്ലം കൊണ്ട്  വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും കഴിയും. തന്നെയുമല്ല ഒരു പുതുതലമുറയ്ക്ക് വയോ ജനങ്ങളോടുള്ള കടപ്പാടുകള്‍ നിര്‍വഹിക്കാന്‍ അവരെ കൂടി ഇതിന് പിന്നണിയിലും മുന്നണിയിലും നിര്‍ത്തി പ്രവര്‍ത്തിപ്പിക്കാന്‍ സഹായകരമായ സാമൂഹ്യാന്തരീക്ഷം രൂപപ്പെടുത്താന്‍ കഴിയും എന്നതില്‍ തര്‍ക്കമില്ല. 

അതിനാല്‍ ഈ രംഗത്തെ പ്രാദേശിക സര്‍ക്കാരുകളുടെ പങ്കിനെയും അതിനെ പ്രാധാന്യത്തിന് സംബന്ധിച്ചും അവരെ ഏറ്റെടുക്കേണ്ട ചുമതലകള്‍ സംബന്ധിച്ച് വളരെ ഗൗരവപരമായി സര്‍ക്കാര്‍ ആലോചിക്കാന്‍ ആവശ്യമായ അവസരങ്ങള്‍ ഉണ്ടാകണം. വയോജനങ്ങള്‍ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ ഒരു പൊതു സാമൂഹ്യ വിഷയം എന്ന നിലയില്‍ പൊതു സമൂഹത്തിന്റെ ഇടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.

വയോജന സംരക്ഷണ നിയമം നടപ്പിലാക്കാന്‍ പ്രാദേശിക സര്‍ക്കാരിനെ കൂടി പങ്കാളികളാക്കുക

നിലവിലുള്ള വയോജന സംരക്ഷണ നിയമം തികച്ചും ഫലപ്രദമായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത്.  അച്ഛന്‍/അമ്മ മകനെതിരെയോ അല്ലെങ്കില്‍ മക്കള്‍ക്കെതിരെയോ  അവരുടെ ജീവനാംശം ലഭിക്കുന്നതിനായി റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ മുമ്പാകെ പരാതി കൊടുത്താല്‍ അത് ഫലപ്രദമായി പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇന്നുള്ളത്. ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ അവസ്ഥ കണക്കിലെടുത്ത് എത്രയൊക്കെ കഷ്ടപ്പാട് ദുരിതവും സഹിച്ചാലും സ്വന്തം മക്കള്‍ക്കെതിരെ പരാതി നല്‍കാന്‍ ഒരു മാതാപിതാക്കളും തയ്യാറാകാത്ത ഒരു സാമൂഹ്യ സാഹചര്യമുണ്ട്. അത്രമാത്രം അവര്‍ ഈ മക്കള്‍ക്ക് വേണ്ടി ജീവിച്ച ആളുകളാണ്. അതുകൊണ്ട് തന്നെ പ്രായോഗികമായി 100 അല്ലെങ്കില്‍ ആയിരം കേസ് ഉള്ളയിടത്ത് വളരെ തുച്ഛമായ എണ്ണം ആളുകള്‍ മാത്രമേ പരാതിയുമായി മേല്‍ പറഞ്ഞ ആര്‍.ഡി. ഒയെ സമീപിക്കാറുള്ളു. എന്നാല്‍ ഇത്തരം പരാതികള്‍ പോലും സമയബന്ധിതമായി പരിഹരിക്കാനാവാത്ത സാഹചര്യവും ഇന്ന് നിലനില്‍ക്കുന്നു. 

ഇത്തരം സാഹചര്യങ്ങള്‍ ഒക്കെ നമ്മള്‍ ഒഴിവാക്കിയേ മതിയാവൂ. വയോജനങ്ങള്‍ക്ക് മാന്യമായി കിട്ടാന്‍ ആവശ്യമായ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ് എന്ന ഒരു മുതിര്‍ന്ന പൗരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഇടപെടാനും അവര്‍ക്ക് അത്തരം പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാനുമുള്ള അധികാരവികേന്ദ്രീകരണം വയോജന സംരക്ഷണ നിയമത്തില്‍ പ്രത്യേകമായി കൊണ്ടുവരണം. 

വയോജനങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ എന്നത് അവരുടെ പിന്‍തലമുറക്കാരുടെ ഔദാര്യം മാത്രമാണ് എന്ന ഒരു സമീപനത്തില്‍ നിന്നാണ് വയോജന സംരക്ഷണ നിയമം രൂപപ്പെടുത്തിയിട്ടുള്ളത്. പ്രത്യേകിച്ച് വയോജനങ്ങള്‍ക്കായി നടപ്പാക്കുന്ന അദാലത്ത് എന്നപേരില്‍ ചില അദാലത്തുകള്‍ ഒഴിച്ചാല്‍ ഈ ആക്ട് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സംവിധാനങ്ങളുടെ പോരായ്മ ഒരു വലിയ വിഷയമാണ്. അതുപോലെതന്നെ പ്രസ്തുത നിയമത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് ആവശ്യമായ അവബോധമില്ലാത്തത് വലിയ ഒരു പോരായ്മയാണ്. വയോജന സംരക്ഷണ നിയമത്തെ കുറിച്ച് സാമൂഹിക ബോധവല്‍ക്കരണം നടത്താനുള്ള കാര്യമായ രീതിയിലുള്ള പരിശ്രമം ഇന്ന് സര്‍ക്കാര്‍തലത്തിലും സമൂഹത്തിലും ഉണ്ടാകുന്നില്ല എന്നത് ഒരു വസ്തുതയാണ്. അത്യാവശ്യം ലീഗല്‍ അതോറിറ്റി എന്ന നിലയില്‍ ചില അദാലത്തുകള്‍ ചേരുന്നതല്ലാതെ പ്രായോഗികമായി നിരന്തരം ചര്‍ച്ച ചെയ്യപ്പെടാന്‍ ഏറ്റവും സാമൂഹ്യ പ്രാധാന്യമര്‍ഹിക്കുന്ന വിഷയമെന്ന നിലയില്‍ നിയമത്തിന്റെ പരിരക്ഷ ഏതെല്ലാം മേഖലകളില്‍ നല്കും എന്നതിനെ സംബന്ധിച്ചും കാര്യ പ്രസക്തമായ ചര്‍ച്ചകളോ അതിനാവശ്യമായ പ്രവര്‍ത്തനങ്ങളോ  ഉത്തരവാദിത്തപ്പെട്ട മേഖലകളില്‍ നിന്നും വരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അത് കുറേക്കൂടി ശക്തിപ്പെടുത്താന്‍ ആവശ്യമായ സംവിധാനം ഉണ്ടാകണം.

വയോജന സംരക്ഷണ നിയമത്തിന്റെ ഇന്നത്തെ ഘടന ഒന്നുകൂടി പരിഷ്‌കരിക്കേണ്ടതുണ്ട്. കാരണം നമ്മുടെ പിന്‍തലമുറക്കാരുടെ ഔദാര്യമാണ് അവര്‍ക്ക് കിട്ടേണ്ട പരിരക്ഷ എന്നത് മാറി ഇന്നത്തെ രണ്ടാം തലമുറക്കാരെ സംരക്ഷിക്കാന്‍ അവര്‍ എടുത്തിട്ടുള്ള മുഴുവന്‍ പ്രയത്‌നത്തിന്റെയും അനന്തരമായി അവര്‍ക്ക് കിട്ടേണ്ട അവകാശമാണ് അവരുടെ  സംരക്ഷണമെന്ന പുതിയ ആശയങ്ങളിലേക്ക് വയോജനങ്ങളുടെ  സംരക്ഷണം മാറേണ്ടതായിട്ടുണ്ട്. അതിന് വയോജന സംരക്ഷണ നിയമത്തിന് അങ്ങേയറ്റത്തെ പങ്കാണ് വഹിക്കാന്‍ ഉള്ളത്. ഒരു പ്രദേശത്തെ വയോജനങ്ങളുടെ ആരോഗ്യപരമായോ സാമൂഹ്യപരമായോ ഉള്ള പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഒരു പൗരന്‍ ഒരു ബ്ലോക്ക് പഞ്ചായത്തിലോ, മുനിസിപ്പാലിറ്റിയിലോ, കോര്‍പ്പറേഷനിലോ പരാതിപ്പെട്ടാല്‍ വളരെ അടിയന്തരമായി ഇടപെടാന്‍ ആവശ്യമായ കര്‍ക്കശമായ നിയമനിര്‍മാണങ്ങള്‍ ഈ രംഗത്ത് ആവശ്യമുണ്ട്. അതോടൊപ്പം തന്നെ രണ്ടാം തലമുറക്കാര്‍ പൂര്‍ണ്ണമായും അവര്‍ക്ക് വേണ്ടി ജീവിച്ച വയോജനങ്ങളെ സംരക്ഷിക്കപ്പെടേണ്ടത്  വളരെ അത്യന്തികവും അനിവാര്യവുമാണ്. വയോജനങ്ങള്‍ക്ക് സംരക്ഷണം ലഭിക്കേണ്ടത് അവരുടെ  അവകാശമാണെന്നും അത് നിഷേധിച്ചാല്‍ വളരെ ഗൗരവപൂര്‍വ്വം ഉള്ള ക്രിമിനല്‍ സ്വഭാവമുള്ള കുറ്റമാണ് എന്നുമുള്ള ബോധ്യം ഉണ്ടാക്കുന്നതിനാവശ്യമായ തലം വയോജന സംരക്ഷണ നിയമത്തില്‍ പുതിയതായി ചേര്‍ക്കേണ്ടതുണ്ട്.

ഇത്തരം കാര്യങ്ങള്‍ നിയമത്തിലൂടെ  കൊണ്ടുവന്നു വയോജന സംരക്ഷണ നിയമം നടപ്പിലാക്കേണ്ടത് പ്രാദേശിക സര്‍ക്കാരാണെന്ന ബോധം പൊതുജനങ്ങള്‍ക്ക് ഉണ്ടാക്കാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളും നടപടികളും വയോജന സംരക്ഷണ നിയമത്തില്‍ മാറ്റം വരുത്തേണ്ടതായിട്ടുണ്ട്. ഇതിലൂടെ മാത്രമേ പ്രാദേശിക സര്‍ക്കാരിന്റെ ഇടപെടലുകള്‍ വയോജനങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ ആകും. ഈ കാര്യങ്ങള്‍ക്കൊപ്പം തന്നെ മുന്‍ ഖണ്ഡികകളില്‍ ചൂണ്ടിക്കാണിച്ച വസ്തുതകള്‍ കൂടി പരിശോധിച്ചാല്‍ സമഗ്ര വയോജന സംരക്ഷണം എല്ലാ വയോജനങ്ങള്‍ക്കും പ്രധാനം ചെയ്യാന്‍ കഴിയും. ഇതുവഴി ഇന്നത്തെ വികസിത രാജ്യങ്ങളില്‍ നടപ്പിലാക്കുന്ന വയോജന സംരക്ഷണങ്ങളെക്കാള്‍ ഏറെ നമുക്ക് മുന്നേറാന്‍ കഴിയും. അതിനാല്‍ ഇത്തരം കടമ്പകളെ കുറിച്ചും  കുറിച്ചുള്ള വളരെ ഗൗരവപരമായ ചര്‍ച്ച സര്‍ക്കാര്‍തലത്തിലും പ്രാദേശിക സര്‍ക്കാര്‍ തലത്തിലും, സാമൂഹ്യ സന്നദ്ധ സംഘടനാ തലത്തിലും ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് വളരെ അനിവാര്യമാണ്.

(കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ (വയോമിത്രം) സ്റ്റേറ്റ് പ്രോഗ്രാം കോഡിനേറ്ററാണ് ലേഖകന്‍) 

Content Highlights: International Day  For Older Persons, All things people needs to know