വാര്‍ധക്യത്തില്‍ വളരെ സാധാരണമായി കണ്ടു വരുന്ന പരിക്കാണ് ഇടുപ്പിനോട് ചേര്‍ന്നുള്ള തുടയെല്ലിലെ ഒടിവ്. പ്രായമാകുമ്പോള്‍ വീഴാനുള്ള സാധ്യത കൂടുകയും, വീഴുമ്പോള്‍ കൈ കുത്താനുള്ള ബാലന്‍സ് കുറയുകയും ചെയുന്നു. അതിനാല്‍ നടുവ് അല്ലെങ്കില്‍ ഇടുപ്പ് തറയില്‍ ഇടിച്ചു വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. വാര്‍ധക്യത്തില്‍  പ്രത്യേകിച്ച് സ്ത്രീകളില്‍ എല്ലുകള്‍ക്ക് ബലക്ഷയം കാണപ്പെടുന്നതിനാല്‍  ചെറിയ വീഴ്ചകള്‍ പോലും ഇടുപ്പെല്ല് ഒടിയുന്നതിനു കാരണമാവും. ഈ വിധത്തിലുള്ള വീഴ്ചകളില്‍ നട്ടെല്ലിലെ കശേരുക്കള്‍ ഒടിയുവാനുള്ള സാധ്യതയും കൂടുതലാണ്. 

ലക്ഷണങ്ങള്‍ 

വീഴ്ചയ്ക്ക് ശേഷം ഇടുപ്പില്‍ ശക്തമായ വേദനയും കാലില്‍ ഭാരം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാകുന്നു. കിടക്കുന്ന അവസ്ഥയില്‍ നിന്നും വശങ്ങളിലേക്ക് തിരിയുവാനും എണീറ്റ് ഇരിക്കാനും പറ്റാത്ത രീതിയില്‍ ഇടുപ്പില്‍ വേദന അനുഭവപ്പെടുന്നു. കാലിന്റെ നീളം അല്പം കുറഞ്ഞതായും പാദം പുറത്തേയ്ക്ക് തിരിഞ്ഞതായും കാണാം. ഇടുപ്പില്‍  നീരും നിറവ്യത്യാസവും കണ്ടേക്കാം. 

പ്രാഥമിക പരിചരണം 

ഇടുപ്പെല്ലില്‍ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിര്‍ത്താന്‍ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാത്ത പക്ഷം ഒടിവിന് സമീപത്തുള്ള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാന്‍ ഇടയുണ്ട്. എത്രയും വേഗം സ്ട്രെച്ച്‌റില്‍ കിടത്തി ആംബുലന്‍സില്‍  ഹോസ്പ്പിറ്റലില്‍ എത്തിക്കുകയാണ് വേണ്ടത്. ഒരു ഡോക്ടറുടെയോ നഴ്‌സിന്റെയോ സഹായത്താല്‍ കാലില്‍ ഭാരം തൂക്കുന്നത് വേദന കുറയ്ക്കാനായി ഉപകരിക്കും. 

രോഗനിര്‍ണയം 

പ്രാഥമിക പരിശോധനയില്‍ സംശയം തോന്നിയാല്‍ എക്‌സ് റേ എടുത്താണ് ഒടിവ് ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നത്. വളരെ അപൂര്‍വമായി മാത്രമേ സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍ മുതലായവ വേണ്ടി വരികയുള്ളു. 

ചികിത്സ 

തുടയെല്ലിന്റെ മുകള്‍ഭാഗം ഇടുപ്പിനോട് ചേരുന്ന ഭാഗത്താണ് ഒടിവ് സംഭവിക്കുന്നത്. ഒടിവിന് ശേഷം രോഗിക്ക് നില്‍ക്കാനോ ഇരിക്കാനോ സാധിക്കില്ല. ദീര്‍ഘനാള്‍ കിടപ്പിലാകുന്ന രോഗിക്ക് മറ്റ് പല അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കണക്കിലെടുക്കുമ്പോള്‍ ശസ്ത്രക്രിയ നടത്തി വേദന അകറ്റി എത്രയും വേഗം എഴുന്നേൽപ്പിച്ചു ഇരുത്തുകയും നടത്തുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. എന്തെന്നാല്‍ വളരെ നാള്‍ കിടപ്പിലായവരില്‍ പുറം പൊട്ടി വൃണങ്ങളാവുക, ശ്വാസകോശത്തില്‍  അണുബാധ, കാലിലെ രക്തക്കുഴലുകളി  രക്തം കട്ടപിടിച്ച് സ്‌ട്രോക്, ഹൃദയഘാതം മുതലായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. 

ഒടിവ് ക്യാപ്സൂളിനകത്തോ പുറത്തോ എന്നതിനനുസരിച്ച് ശസ്ത്രക്രിയ വ്യത്യസ്തമാണ്. ക്യാപ്സൂളിനകത്തുള്ള ഒടിവില്‍ എല്ലിലേക്കുള്ള രക്തയോട്ടം കുറയാന്‍ സാധ്യതയുണ്ട്. അതിനാല്‍  ശസ്ത്രക്രിയ ചെയ്ത് ഇടുപ്പിലെ സന്ധി മാറ്റിവയ്ക്കണം. രോഗിയ്ക്ക് ഒടിവിന് മുന്‍പ് എത്രത്തോളം തേയ്മാനം ഉണ്ടായിട്ടുണ്ട് എന്നതിനനുസരിച്ച് സന്ധി മുഴുവനായോ ഭാഗികമായോ മാറ്റി വയ്ക്കുന്നു. 

ക്യാപ്സൂളിനു പുറത്തുള്ള ഒടിവുകള്‍ക്ക് എല്ലുകള്‍ തമ്മില്‍ യോജിപ്പിക്കുവാനുള്ള ശസ്ത്രക്രിയ ആണ് ചികിത്സ. ഇതിനായി വിവിധ മാതൃകയിലുള്ള കമ്പി, സ്‌ക്രൂ, പ്ലേറ്റ് മുതലായവയില്‍ നിന്നും ഒടിവിന്റെ രീതിയ്ക്ക് അനുസരിച്ച് അനുയോജ്യമായത് തിരഞ്ഞെടുക്കുന്നു. 

ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയെ എത്രയും വേഗം വാക്കര്‍ ഉപയോഗിച്ച് മുഴുവനായോ ഭാഗികമായോ കാല് കുത്തി നടത്തിച്ചു തുടങ്ങുന്നു. 

പ്രതിരോധം

ഒടിവ് വന്നതിനു ശേഷം ചികി സിക്കുന്നതിനേക്കള്‍ എന്ത് കൊണ്ടും നല്ലത് ഒടിവ് വരാതെ നോക്കുന്നതാണ്. പതിവായി വ്യായാമം ചെയ്യുന്നത് പേശികളുടെ ബലവും ബാലന്‍സും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ഇടുപ്പ് ഇടിച്ചു വീഴുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു. പ്രായമായവരില്‍  നേത്ര പരിശോധന നടത്തി കാഴ്ചക്കുറവ് പരിഹരിക്കുന്നത് വീഴ്ചകള്‍ കുറയ്ക്കും. പ്രായമായവര്‍ ഉപയോഗിക്കുന്ന മുറികളിലും ബാത്ത് റൂമുകളിലും വരാന്തകളിലും വഴു വഴുപ്പും ചെരിവും ഒഴിവാക്കുക. അവര്‍ക്ക് പിടിച്ചു നടക്കുവാന്‍ റെയ്‌ലുകള്‍ സ്ഥാപിക്കുന്നതും കയ്യില്‍  വടി ഉപയോഗിക്കുന്നതും പരിഗണിക്കാവുന്നതാണ്. എല്ലുകളുടെ ബലക്ഷയം കണ്ടെത്തി യഥാസമയം അതിനുള്ള ചികിത്സ നല്‍കുന്നതും ഒടിവിനുള്ള സാധ്യത കുറയ്ക്കുന്നു.

(പട്ടം എസ്.യു.ടി. ആശുപത്രിയിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍ ആണ് ലേഖകന്‍)

Content Highlights: How to avoid hip injury in older people, Health, Geriatric Care