റുമാസംകൊണ്ടാണ് അദ്ദേഹം രോഗിയായത്. ഒരു വലിയ കുടുംബത്തിന്റെ മുഴുവന്‍ കാരണവരായിരുന്നു. ഉള്ളിലെ അര്‍ബുദം ലക്ഷണങ്ങള്‍ പുറത്തു കാണിച്ചത് അങ്ങേയറ്റത്ത് എത്തിയപ്പോഴാണ്. നോക്കി നില്‍ക്കേ കിടപ്പിലായി, ക്ഷീണവും വല്ലായ്മയും കൂടി. മൂത്രത്തിന് കുഴലിട്ടു, കൈയിലും മൂക്കിലും കുഴലുകള്‍ മുളച്ചു. പിതാവിന്റെ ഗംഭീര്യമായ ശബ്ദം പതുക്കെ ദയനീയമായി. ഒളിച്ചുവെച്ച സ്‌നേഹമെല്ലാം വാക്കുകളില്‍ തെളിഞ്ഞുതുടങ്ങി. ഓരോ തവണയും ആശുപത്രിയില്‍ കാണാന്‍ ചെല്ലുമ്പോള്‍ വഴിച്ചെലവിന് എന്നും പറഞ്ഞു അത്രയും നാളും ചെയ്യാത്തത് പോലെ മരുമകള്‍ക്ക് കാശ് കൈയില്‍ വെച്ച് കൊടുക്കുമായിരുന്നു, ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധിക്കുമായിരുന്നു. ഒരു ദിവസം മെഡിക്കല്‍ വിദ്യാര്‍ഥിനിയായ മരുമകള്‍ നോക്കിനില്‍ക്കേ ആ മനുഷ്യന്‍ അന്ത്യശ്വാസം വെടിഞ്ഞു. അന്നും ഗാംഭീര്യത്തോടെ ആറടി ഉയരത്തില്‍ നീണ്ടു നിവര്‍ന്നുകിടന്നു. എന്റെ ഭര്‍തൃപിതാവ്.

അവിടുന്നങ്ങോട്ട് സ്വന്തം വീട്ടിലും അല്ലാതെയും ഏറെ പേരില്‍ ഈ കുഴലുകള്‍ കണ്ടു, അതുവരെ ഭൂമിയറിഞ്ഞു നടന്നവര്‍ നിശ്ശബ്ദമായി കരയുന്നതിനു തരിച്ചുനിന്ന് സാക്ഷിയായി. ഹൗസ് സര്‍ജന്‍സിയില്‍ ആശുപത്രിക്കിടക്കയില്‍ കിടന്ന കിടപ്പിലും വീട്ടുകാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ചുണക്കുട്ടന്മാരായ അപ്പൂപ്പന്മാരെയും അമ്മൂമ്മമാരെയും കണ്ടു. അവരെ വെന്റിലേറ്ററിലേക്ക് മാറ്റുമ്പോള്‍ പലപ്പോഴും കണ്ണുകള്‍ നിറയുന്നത് മറയ്ക്കാന്‍ അവര്‍ പാടുപെട്ടു.

''മോളെ, പേടിയാകുന്നു'' എന്ന് പറയുന്നത് പലപ്പോഴും പുറമേ നടിക്കുന്ന ധൈര്യത്തിന്റെ പൊയ്മുഖത്തിനുള്ളിലെ സ്‌നേഹപ്പെയ്ത്തുകള്‍ ആയിരുന്നു. ഇന്നും ഓര്‍മയില്‍ ആ മുഖങ്ങളില്‍ പലതും മങ്ങാതെയുമുണ്ട്.

നമ്മുടെ വീടുകളിലും ഉണ്ടാകില്ലേ ഇങ്ങനെയുള്ളവര്‍? നമ്മള്‍ എത്രപേര്‍ അവരെ യഥാവിധി പരിചരിക്കുന്നതിനെ കുറിച്ച് പഠിച്ചിട്ടുണ്ട്, അല്ലെങ്കില്‍ അത് പരിഗണിക്കുകയെങ്കിലും ചെയ്തിട്ടുണ്ട്? അവരുടെ മാനസികപ്രശ്‌നങ്ങള്‍ എത്രയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചുവോ? അവരുടെ ശരീരം ആവശ്യപ്പെടുന്നതിനെ കുറിച്ച് ധാരണകള്‍ ഉണ്ടോ നമുക്ക്? മനുഷ്യര്‍ കണ്ടാല്‍ എന്ത് വിചാരിക്കും എന്നതിലപ്പുറം നമ്മള്‍ പലപ്പോഴും ആത്മാര്‍ഥമായി അവരെ അറിയാന്‍ ശ്രമിക്കുന്നുണ്ടോ?

വാര്‍ധക്യം ഏറ്റവും ആദ്യം ആവശ്യപ്പെടുന്നത് സ്വകാര്യതയും മാന്യതയുമാണ്. ആരും തന്റെ വേദനയും വിഷമതകളും നാടൊട്ടുക്കും പറഞ്ഞറിയിക്കാന്‍ ആഗ്രഹിക്കില്ല. തളര്‍ന്നു കിടക്കുന്ന പ്രായമെത്തിയവരുടെ മുന്നില്‍ച്ചെന്ന് സഹതാപവും അഭിപ്രായപ്രകടനവും അവരുടെ പുറത്തെ തൊലി പൊട്ടി വ്രണമായോ എന്നതിന്റെ കണക്കെടുപ്പും നടത്തുന്നത് ഒട്ടും നല്ല രീതിയല്ല. അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയേ മതിയാകൂ, നമ്മുടെ സാമൂഹികവ്യവസ്ഥിതിയില്‍ ഏറ്റവും പഞ്ഞമുള്ളതും അതിനാണ്.

രോഗിയുടെ അടിസ്ഥാന ആവശ്യങ്ങളാണ് എല്ലായിപ്പോഴും ഭംഗം വരാതെ നടക്കുന്നു എന്നുറപ്പ് വരുത്തേണ്ടത്. ഭക്ഷണം, വൃത്തിയുള്ള വസ്ത്രം, ഉറക്കം, സുഗമമായ വിസര്‍ജനം, അടിസ്ഥാന വൃത്തി തുടങ്ങിയവ ഉറപ്പു വരുത്തിയേ മതിയാകൂ. ആശ്രിതരാകുമ്പോള്‍ ഓരോ രോഗിയും മൂകമായി വിഷമിക്കുന്നതും ഇതേച്ചൊല്ലിയാണ്.

വിശപ്പ് കുറയുന്ന കാലമാണ് വാര്‍ധക്യം. രുചിയും ദഹനവും കുറയും. കിടപ്പിലായവര്‍ക്ക് മാനസികവിഷമവും വിശപ്പില്ലായ്മ ഏറ്റും. മറവിരോഗമുള്ളവര്‍ കഴിച്ചാലും കഴിച്ചില്ലെന്ന് പറയും. മണിക്കൂറുകളെടുത്ത് കൂട്ടിരിപ്പുകാര്‍ കൊടുത്ത ഭക്ഷണത്തെ തള്ളിപ്പറയും. എപ്പോഴെങ്കിലും കയറി വരുന്ന വിരുന്നുകാരോട് ആരും ഒന്നും കഴിക്കാന്‍ തരുന്നില്ലെന്ന് പിച്ചും പേയും പറയും. ഇത് കേട്ട് വന്നവരുടെ തുറിച്ചുനോട്ടങ്ങള്‍ രോഗിക്ക് വേണ്ടി രാവും പകലും ഉറക്കമിളയ്ക്കുന്നവര്‍ ഏറ്റു വാങ്ങേണ്ടി വരും. ഒന്ന് മനസ്സിലാക്കുക, അത്തരത്തില്‍ പരിചരിക്കുന്ന ആളെങ്കില്‍, നിങ്ങള്‍ ഈ അവസ്ഥ അനുഭവിക്കുന്ന ലോകത്തെ ആദ്യത്തെ ആളല്ല. ഡിമന്‍ഷ്യ പല വിധത്തില്‍ അനുഭവിക്കുന്ന വാര്‍ധക്യമണഞ്ഞ പ്രിയപ്പെട്ടവരുടെ വാശിയും ദേഷ്യവും പരാതിയുമെല്ലാം സ്വാഭാവികമാണ്. നമ്മള്‍ കുട്ടിക്കാലത്ത് കാണിച്ച വാശിയോളമില്ലല്ലോ അത്.

റയല്‍സ് ട്യൂബ് വഴിയാണ് ഭക്ഷണമെങ്കില്‍ കൃത്യമായ ഇടവേളകളില്‍ പറഞ്ഞ അളവില്‍ ഭക്ഷണം നല്‍കുക. അളവില്‍ കൂടുതല്‍ നല്‍കുന്നതും ട്യൂബ് കൃത്യമായി വൃത്തിയാക്കാത്തതും ഡോക്ടര്‍ നിര്‍ദേശിച്ച ഇടവേളകളില്‍ ട്യൂബ് മാറ്റാത്തതും ബുദ്ധിമുട്ടുണ്ടാക്കും. ഈ രോഗികളില്‍ പ്രോട്ടീന്‍ കുറയുന്നതും വിളര്‍ച്ചയും സര്‍വസാധാരണമാണ്. പ്രോട്ടീന്‍ കുറയുന്നതുവഴി ശരീരത്തില്‍ നീരുണ്ടാകാം. എന്നാല്‍, ഒരേ കിടത്തം കിടക്കുന്നതുകൊണ്ടുള്ള ചില ആരോഗ്യപ്രശ്‌നങ്ങള്‍, ഹൃദയം/വൃക്ക എന്നിവയുടെ കുഴപ്പങ്ങള്‍ തുടങ്ങിയവയെല്ലാം നീരുണ്ടാക്കാം. അവഗണിക്കാവുന്ന ഒരു ലക്ഷണമല്ല അത്.

ഭക്ഷണം കൊടുത്താല്‍ ഇറക്കാന്‍ കഴിയാത്തതിന്റെ പേരില്‍ പൊഴിഞ്ഞു പോകുന്നതും തുപ്പുന്നതുമൊക്കെ സ്വാഭാവികം. അവരോട് ദേഷ്യപ്പെടരുത്, അവര്‍ക്ക് അറിയാത്തതുകൊണ്ടാണ്. കവിളിനുള്ളിലും കഴുത്തിലും കക്ഷത്തിലുമെല്ലാം ഭക്ഷ്യാവശിഷ്ടങ്ങള്‍ തങ്ങുന്നത് ഒഴിവാക്കണം. പല്ല് തേപ്പിക്കാന്‍ സാധിക്കില്ലെങ്കില്‍, മൗത്ത് വാഷുകള്‍ ലഭ്യമാണ്. കഴിവതും കിടത്തി കോരിക്കൊടുക്കുന്നത് ഒഴിവാക്കുക. ഭക്ഷണം ശ്വാസകോശത്തിലെത്തി ന്യൂമോണിയ വരുന്നത് ഒഴിവാക്കാന്‍ സാധിക്കും.

എന്നും കുളിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നനച്ച് തുടച്ച് ദേഹം മുഴുവന്‍ മോയിസ്ചറൈസര്‍ പുരട്ടിക്കൊടുക്കണം. വിലയേറിയവയെങ്കിലും ഈ ആവശ്യത്തിനായി വെറ്റ് വൈപ്പ്‌സ് കിട്ടും. വാങ്ങാന്‍ സാധിക്കുന്നവര്‍ക്ക് ഇത് ഉപയോഗിക്കാം. ഈ ടിഷ്യുവിന്റെ ഗന്ധം രോഗിക്ക് സ്വീകാര്യമാവണം, അതുകൊണ്ട് തന്നെ ആദ്യം ചെറിയ സാമ്പിള്‍ പാക്കുകള്‍ വാങ്ങി പരീക്ഷിച്ചിട്ട് അതില്‍ അവര്‍ക്ക് അനുയോജ്യമായത് പതിവാക്കാം. എന്നും വസ്ത്രം മാറണം. ദേഹം പൊട്ടാതിരിക്കാന്‍ എയര്‍ബെഡ്/വാട്ടര്‍ബെഡ് ഉപയോഗിക്കണം. വാങ്ങാന്‍ സാധിക്കില്ലെങ്കില്‍ സമീപത്തുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്താല്‍ അവര്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹായവും ചെയ്യും. ഒന്ന് കുളിച്ച് കഴിയുമ്പോള്‍ കിട്ടുന്ന ഉന്മേഷവും ആശ്വാസവും നിഷേധിക്കപ്പെട്ടവരാണ്, സ്‌നേഹത്തോടെ സഹാനുഭൂതിയോടെ തന്നെ വേണം ഇതെല്ലാം.

അവരുടെ വിസര്‍ജ്യങ്ങള്‍ അറപ്പു കാണിക്കാതെ മാറ്റണം. അഡള്‍ട്ട് ഡയപ്പറും അണ്ടര്‍പാഡുമെല്ലാം ഉപയോഗിക്കാം. എട്ടു മണിക്കൂറില്‍ ഒരിക്കല്‍ മലമൂത്രവിസര്‍ജനം നടന്നാല്‍ (ഏതാണോ നേരത്തേ നടക്കുന്നത്, അത് പ്രകാരം) ഡയപ്പര്‍ മാറ്റണം. കത്തീറ്ററുണ്ടെങ്കില്‍ ദിവസവും അതിന് ചുറ്റും സോപ്പ്/ അണുനാശിനി ഉപയോഗിച്ച് കഴുകണം. കൃത്യമായി കത്തീറ്റര്‍ മാറ്റണം. ആ ഭാഗത്തെ രോമവളര്‍ച്ച മാസത്തിലൊരിക്കലെങ്കിലും നീക്കണം.

ഉറക്കം കുറവാകുന്നത് സ്വാഭാവികമാണ്. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ നല്‍കാം. എല്ലാത്തിലുമുപരി വേണ്ടത് 'സാരമില്ല കേട്ടോ' എന്ന വാക്കും അവര്‍ക്ക് നല്‍കാവുന്ന കുഞ്ഞുമ്മകളും കളിതമാശകളും അവരുടെ ഇഷ്ടങ്ങള്‍ നിറവേറ്റുന്നതും സ്‌നേഹം കൊണ്ടുള്ള ആഘോഷവുമാണ്. രോഗവും വാര്‍ധക്യവും അനിവാര്യതയാണ്, നാളെ നമ്മളും ചെന്നുചേരുന്ന തുരുത്താണത്. കൂടെ നിന്നേ മതിയാകൂ...

അവരുടെ ജീവിതസായാഹ്നം സുന്ദരമാക്കാന്‍ നമുക്കേ കഴിയൂ...

Content Highlight: Geriatric Care, Parenting, Old age care, Pain and Palliative Care