വാര്‍ധക്യത്തിലെ ഏകാന്തതയ്ക്ക് സാമൂഹികവും ആരോഗ്യപരവും മനശ്ശാസ്ത്രപരവുമായ കാരണങ്ങളുമുണ്ടാകാം. പൊരുതിനില്‍ക്കാനും ജീവിതസായാഹ്നത്തില്‍ പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്താനുമുള്ള ത്രാണി നഷ്ടമായി എന്ന് സ്വയം വിശ്വസിച്ചാല്‍ അപകടമാകും. വാര്‍ധക്യത്തെക്കുറിച്ചുള്ള ചില സാമൂഹികസങ്കല്പങ്ങള്‍ ഇത്തരമൊരു കെണിയൊരുക്കുന്നുണ്ട്. ഈ കത്ത് വായിക്കുക.

''സമ്പല്‍സമൃദ്ധിയിലും ഏകാന്തതയുടെ ദുരിതമനുഭവിക്കുന്ന ആളാണ് ഞാന്‍. വയസ്സ് എഴുപത്തിരണ്ടായി. സര്‍ക്കാര്‍സര്‍വീസില്‍നിന്ന് വിരമിച്ച് പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നു. സ്വന്തമായി കിടപ്പാടമുണ്ട്. പരിചരിക്കാനായി കൂലിക്കെടുത്തവരുണ്ട്. എന്റെ ഭാര്യ മൂന്നുവര്‍ഷം മുന്‍പ് മരിച്ചുപോയി. ഞങ്ങള്‍ക്കുള്ളത് ഒരു മകനാണ്. അവന്‍ വിദേശത്ത് എന്‍ജിനീയറാണ്. അവിടെ വിവാഹംകഴിച്ച് ആ രാജ്യത്തെ പൗരനായി സസുഖം വാഴുന്നു. ഇങ്ങോട്ടുള്ള വരവൊക്കെ ചുരുക്കം. കാശുമുടക്കി ചെയ്യാവുന്ന ഏത് കാര്യവും ഉടന്‍ സാധിച്ചുതരും. ഭാര്യ മരിച്ചതില്‍പിന്നെ എല്ലാ ദിവസവും വിളിക്കും. സുഖമല്ലേയെന്നും എന്തെങ്കിലും വേണമോയെന്നും ചോദിക്കും. സന്തോഷത്തിന് വേറെ എന്തുവേണമെന്നാണ് എല്ലാവരും പറയുന്നത്. അതുതന്നെയാണ് എന്റെ പ്രശ്നവും.

അത്ര വലിയ സാമ്പത്തികസാഹചര്യത്തില്‍നിന്ന് ഉള്ളവരായിരുന്നില്ല ഞങ്ങള്‍. ഭാര്യയ്ക്കും ജോലിയുണ്ടായിരുന്നു. കൂടുതല്‍ കുട്ടികളുണ്ടായാല്‍ നേരേചൊവ്വേ പഠിപ്പിക്കാനുള്ള വരുമാനമില്ലെന്ന് തോന്നി. അതുകൊണ്ട് ഒറ്റ മകനില്‍ ഒതുക്കി. അവനെ നന്നായി പഠിപ്പിച്ചു. അവന്‍ മിടുക്കനായിരുന്നു. ഞങ്ങള്‍ യോജിപ്പുള്ള ദമ്പതികളായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും സ്നേഹം പ്രകടിപ്പിച്ചാണ് ജീവിച്ചിരുന്നത്. കൂടിയാലോചിച്ച് മാത്രമാണ് തീരുമാനമെടുത്തിരുന്നത്. പിരിയാന്‍പറ്റാത്തവിധത്തിലുള്ള അടുപ്പമായിരുന്നു. മകന് ഒരു ബുദ്ധിമുട്ടും ഞങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. പാസായ ഉടനെ അന്യസംസ്ഥാനത്ത് അവന് ജോലി കിട്ടി. ആ കാലയളവില്‍ അവന്‍ ഒരു പ്രണയബന്ധമുണ്ടായി. ഞങ്ങള്‍ വിവാഹാലോചനകള്‍ തുടങ്ങിയപ്പോഴാണ് മകന്‍ ഇതേക്കുറിച്ച് പറഞ്ഞത്. അവര്‍ ഇടയ്ക്കൊക്കെ ഒരുമിച്ച് താമസിച്ചിരുന്നുവെന്നും പറയുന്നു. ഒരുകാരണവശാലും അംഗീകരിക്കാന്‍പറ്റാത്ത ജീവിതസാഹചര്യത്തില്‍നിന്നുള്ള യുവതിയായിരുന്നു അവള്‍. പ്രായത്തില്‍ അഞ്ചുവയസ്സ് കൂടുതലും. സ്വാഭാവികമായും ഞങ്ങള്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. അവന്‍ അപകടത്തില്‍ ചാടരുതെന്ന നല്ല ലക്ഷ്യം മാത്രമായിരുന്നു മനസ്സില്‍. മറക്കാന്‍പറ്റില്ലെന്ന് അവന്‍ തീര്‍ത്തുപറഞ്ഞു. ഞങ്ങള്‍ സമ്മതിച്ചില്ല. ധിക്കരിച്ച് വിവാഹം കഴിക്കില്ലെന്ന് അവന്‍ വാക്കുതന്നു. ഈ യുവതി ഞങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഞങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായില്ല.

എന്തായാലും പതിയേ ആ ബന്ധം മുറിഞ്ഞു. അവള്‍ വേറെ വിവാഹം കഴിച്ചു. എന്നാലിവന്‍ കല്യാണം കഴിക്കില്ലെന്ന ശാഠ്യത്തിലായി. ഈ കാലയളവിലാണ് അവന്‍ വിദേശത്തെ ജോലി സ്വീകരിച്ച് പോയത്. ഞങ്ങള്‍ക്ക് യോജിപ്പില്ലായിരുന്നു. ഏക മകന്‍ ഇന്ത്യയില്‍തന്നെയുണ്ടാകണമെന്നായിരുന്നു ആഗ്രഹം. അവന്റെ കുട്ടികളെ ലാളിച്ചുള്ള വാര്‍ധക്യകാലജീവിതമായിരുന്നു ഞങ്ങളുടെ സ്വപ്നം. അതെല്ലാം തകര്‍ത്തുകൊണ്ട് അവന്‍ നാടുവിട്ടു.

അവന്റെ പ്രണയബന്ധത്തെ നിരുത്സാഹപ്പെടുത്തിയശേഷം ഞങ്ങളുമായുള്ള അവന്റെ അടുപ്പം ഔപചാരികമായി. വലിയ സ്നേഹം കാണിക്കില്ല. വിവാഹം കഴിയുമ്പോള്‍ എല്ലാം മാറുമെന്നായിരുന്നു പ്രതീക്ഷ.

വിദേശത്ത് പോയതിനുശേഷം വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുമായിരുന്നു. കൂട്ടുകാരുമൊത്ത് കറങ്ങും. ഞങ്ങളോടൊപ്പം കൂടാന്‍ മടി കാണിച്ചു. മൂന്നുവര്‍ഷം കഴിഞ്ഞാണ് അവന്‍ സഹപ്രവര്‍ത്തകയും ആ നാട്ടുകാരിയുമായ യുവതിയെ വിവാഹം കഴിച്ചതായി അറിയിച്ചത്. ഞങ്ങളുടെ അനുവാദംപോലും ചോദിച്ചില്ല. അമ്മ ദേഷ്യപ്പെട്ടപ്പോള്‍ വിവാഹം വ്യക്തിപരമായ കാര്യമെന്നായിരുന്നു മറുപടി. ഞങ്ങള്‍ തകര്‍ന്നുപോയി. അവന്റെ പ്രണയത്തെ അംഗീകരിച്ചിരുന്നെങ്കില്‍ ഈ നാട്ടില്‍തന്നെ അവന്‍ തുടരുമായിരുന്നുവെന്ന് തോന്നി. വലിയ കുറ്റബോധം തോന്നി. ഞങ്ങളോട് പകവീട്ടുകയാണെന്ന വിചാരം അലട്ടി. ഭാര്യയുടെ ആരോഗ്യനില പതിയേ തകരാറിലായത് ഇതിനുശേഷമാണ്. അവള്‍ വലിയ മനോവിഷമത്തിലായിരുന്നു. ഞാന്‍ എത്ര ആശ്വസിപ്പിച്ചിട്ടും കാര്യമുണ്ടായില്ല. നമുക്ക് ഒരു കുട്ടികൂടിയാകാമായിരുന്നുവെന്നും ആ കുട്ടിയെങ്കിലും ഒപ്പമുണ്ടാകുമായിരുന്നുവെന്നൊക്കെ പറയും.

വിദേശത്ത് വലിയ ശമ്പളമുണ്ട് മകനും ഭാര്യയ്ക്കും. കുട്ടികള്‍ വേണ്ടെന്നുവെച്ചാണ് അവര്‍ വിവാഹിതരായത്. പേരക്കുട്ടിയെ കാണാമെന്ന ആഗ്രഹവും അതോടെ തകര്‍ന്നു. വര്‍ഷത്തിലൊരിക്കല്‍ ലോകം ചുറ്റിക്കറങ്ങാന്‍ പോകലാണ് മകന്റെയും ഭാര്യയുടെയും ഹോബി. പിന്നെ നായ്ക്കുട്ടികളെ വളര്‍ത്തലും. വിദേശയാത്രകള്‍ക്ക് പോകുമ്പോള്‍ വലിയ തുക നല്‍കി ഈ നായ്ക്കുട്ടികളെ സംരക്ഷണകേന്ദ്രങ്ങളിലാക്കും. ഒരു മനുഷ്യക്കുഞ്ഞിനെ താലോലിക്കാന്‍ ഇവര്‍ക്ക് ആഗ്രഹമില്ലാത്തത് എന്തുകൊണ്ടെന്ന് ഞങ്ങള്‍ ചിന്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ആ നായ്ക്കുട്ടികള്‍ക്ക് സംരക്ഷണകേന്ദ്രമൊരുക്കുന്നതുപോലെയാണ് എന്നെയും ഈ വീട്ടിലാക്കിയിരിക്കുന്നത്.

അന്ന് ഞാന്‍ പിടിച്ചുനിന്നു. ഭാര്യക്ക് അതിന് കഴിഞ്ഞില്ല. അവള്‍ പലതരം രോഗപീഡകള്‍ക്ക് അടിമപ്പെട്ടു. മൂന്നുവര്‍ഷം മുന്‍പ് എന്നെ വിട്ടുപിരിഞ്ഞു. ഏകാന്തതയുടെ ലോകത്തിലേക്ക് ഞാന്‍ വലിച്ചെറിയപ്പെട്ടു. അമ്മയുടെ അന്ത്യകര്‍മങ്ങള്‍ക്കായി മകന്‍ വന്നു. പിന്നെയവന്‍ വന്നില്ല.

പക്ഷേ, എന്നും ഓണ്‍ലൈനില്‍ കാണും. യാത്ര പോകാന്‍ കാറുണ്ട്. ഓടിക്കാന്‍ ഡ്രൈവറുണ്ട്. ഭക്ഷണം പാചകം ചെയ്യാനും വിളമ്പിത്തരാനും പരിചാരകനുണ്ട്. ഒരു വര്‍ഷം മുന്‍പ് എനിക്ക് ഹൃദ്രോഗം വന്നു. മരിക്കുന്നതായിരുന്നു നല്ലത്. പക്ഷേ, ഞാന്‍ രക്ഷപ്പെട്ടു. വീട്ടില്‍ വന്നപ്പോള്‍ ഒരു ഹോംനഴ്‌സിനെക്കൂടി മകന്‍ ഏര്‍പ്പാടാക്കി. ഇങ്ങനെയുള്ള സൗകര്യങ്ങള്‍ ചെയ്യാന്‍ എത്ര പണം വേണമെങ്കിലും ചെലവാക്കും. എന്നാല്‍ അവന്റെ വര്‍ത്തമാനത്തില്‍ ഒരു സ്നേഹവും അനുഭവപ്പെടില്ല. ചെയ്യുന്നതൊക്കെ ഒരു ചടങ്ങെന്ന മട്ടാണ്. ഞാന്‍ വന്നില്ലെങ്കിലും എന്ത് കുറവാണെന്ന് ചോദിക്കും. ഒക്കെ വിദേശത്തുനിന്ന് ചെയ്യുന്നില്ലേയെന്ന് ന്യായീകരിക്കും. വീട്ടില്‍ നിറയെ ക്യാമറ വെച്ചിട്ടുണ്ട്. വിദേശത്തിരുന്ന് വീട്ടില്‍ നടക്കുന്നതൊക്കെ കാണാമെന്ന് പറയും. ഇവനോട് ഞാന്‍ എന്താണ് പറയേണ്ടത്?

ഭാര്യ മരിച്ചതിന്റെ ദുഃഖം മൂന്നുവര്‍ഷമായിട്ടുണ്ട്. ഹൃദ്രോഗം വന്ന് രക്ഷപ്പെട്ടതിനുശേഷം ഞാന്‍ കടുത്ത വിഷാദത്തിനടിമപ്പെട്ടു. ഉറക്കം കുറഞ്ഞു. വിശപ്പ് നഷ്ടമായി. ഒന്നിലും താത്പര്യമില്ലാതായി. അവനെയൊന്ന് നേരില്‍ കാണണമെന്ന ആഗ്രഹം വളരുന്നു. ഞാനിതൊക്കെ പറയുമ്പോള്‍ അവന് ദേഷ്യംവരും. ഇതൊക്കെ അച്ഛന്റെ തോന്നലാണെന്ന് കുറ്റപ്പെടുത്തും. ശരിയാണ്, ഒന്നിനും കുറവില്ല. ഇതൊന്നും കിട്ടാത്ത എന്റെ നിരവധി കൂട്ടുകാരുണ്ട്. അവരും സുഖസൗകര്യങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. വീട്ടില്‍ ആധുനിക ഹോംതിയേറ്റര്‍പോലുമുണ്ട്. പിന്നെ എന്താണ് എന്റെ പ്രശ്നം? എനിക്ക് പ്രശ്നമുണ്ടോ? കൂട്ടിനായി ഈ പ്രായത്തില്‍ ഒരു വിവാഹം കഴിക്കട്ടേയെന്ന് ഞാനവനോട് ചോദിച്ചു. കല്യാണം കഴിക്കാന്‍ വേണ്ടിയല്ല. അങ്ങനെയെങ്കിലും അവന്‍ പ്രകോപിതനാകുമെന്ന് കരുതിയാണ് ഈ കാര്യം പറഞ്ഞത്. എന്തുകൊണ്ടും നല്ലതാണെന്നായിരുന്നു അവന്റെ മറുപടി. വേണമെങ്കില്‍ പരസ്യം കൊടുക്കാമെന്നും പറഞ്ഞു. ഇതാണ് അവന്റെ മനോനില. ഞാന്‍ സങ്കടക്കടലിലാണ്, എന്താണ് ചെയ്യേണ്ടത്?''

മക്കള്‍ പരിചരണം നല്‍കാത്തതിനെക്കുറിച്ചും പീഡിപ്പിക്കുന്നതിനെപ്പറ്റിയുമൊക്കെയാണ് വയോജനങ്ങള്‍ സാധാരണയായി പരാതി പറയാറുള്ളത്. ഇവിടെ അങ്ങനെയൊരു വിഷമമില്ല. എന്നാല്‍ അച്ഛന്റെ മനസ്സറിഞ്ഞുള്ള വൈകാരിക പിന്തുണ നല്‍കാന്‍ മകന് കഴിയുന്നില്ലെന്നത് വാസ്തവമാണ്. എല്ലാ സുഖസൗകര്യങ്ങളും ഒരുക്കിക്കൊടുത്തിട്ടുണ്ട്. ഇതുകൊണ്ടുമാത്രം സന്തോഷിക്കാനാവില്ലെന്ന നിലപാടിലാണ് ഈ മുതിര്‍ന്ന പൗരന്‍. ജീവിതത്തിലെ പ്രധാന സാമൂഹിക കണ്ണിയായി മാറി സ്നേഹാനുഭവങ്ങള്‍ നല്‍കേണ്ട മകന്‍ തികച്ചും ഔപചാരികമായ ബന്ധത്തിലേക്ക് ഒതുങ്ങുന്നുവെന്നതാണ് ഈ അച്ഛന്റെ ആവലാതി.

ഒരു പ്രത്യേകതരം പിതൃപുത്രബന്ധത്തിന്റെ തലങ്ങള്‍ ഇതിലുണ്ട്. മക്കള്‍ വിദേശത്താകുമ്പോള്‍ നാട്ടിലെ വയോജനങ്ങള്‍ നേരിടുന്ന ഏകാന്തതയുടെ അംശങ്ങളുമുണ്ട്. രണ്ടും വിശകലനം ചെയ്യേണ്ടതുണ്ട്. ഇതില്‍നിന്നും പൊതുപെരുമാറ്റങ്ങള്‍ക്കുള്ള ചില പാഠങ്ങള്‍ കണ്ടെത്തേണ്ടതുമുണ്ട്.

ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും ജീവിതം പ്രായോഗിക തത്ത്വങ്ങളിലൂന്നിയുള്ളതായിരുന്നുവെന്ന് സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ വ്യക്തമാണ്. പരസ്പരസ്നേഹത്തില്‍ നെയ്ത കൂട്ടായ്മയുണ്ടായിരുന്നുവെന്നത് നല്ല കാര്യം. ഇവര്‍ ജീവിതത്തിന്റെ ഗതി മാതൃകാപരമായി ആസൂത്രണം ചെയ്തു. ഒരു കുട്ടിയെ വളര്‍ത്തുവാനും പഠിപ്പിക്കുവാനുമുള്ള സാമ്പത്തിക സാഹചര്യമേയുള്ളൂവെന്ന തീരുമാനമെടുത്തു. ആ മകനെ നന്നായി പഠിപ്പിച്ചു, വളര്‍ത്തി. പ്രായോഗിക ബുദ്ധിക്ക് പ്രാമുഖ്യം നല്‍കിയ ഈ ഗാര്‍ഹികാന്തരീക്ഷം മകനെയും സ്വാധീനിച്ചിട്ടുണ്ടാകണം. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാമ്പത്തിക കടമകള്‍ നിറവേറ്റിയാല്‍ മാത്രം മതിയെന്ന മനോഭാവം ഉണ്ടായിക്കാണും. വിദേശത്തെ സാഹചര്യങ്ങള്‍ അതിന് കൂടുതല്‍ ശക്തി പകര്‍ന്നിട്ടുണ്ടാകും.
പ്രണയബന്ധം നിരാകരിച്ചതിന്റെ ദേഷ്യം അവന് തീര്‍ച്ചയായുമുണ്ടാകാം. ആ ഘട്ടത്തില്‍ മകന്‍ മാതാപിതാക്കളുടെ നിര്‍ദേശത്തിനു വഴങ്ങി. എന്നാല്‍ വിദേശത്തെ ജീവിതസാഹചര്യത്തില്‍ ജീവിതപങ്കാളിയെ അവന്‍ സ്വയം തിരഞ്ഞെടുത്തു. ഇത് തികച്ചും വ്യക്തിപരമായ കാര്യമായതുകൊണ്ട് മാതാപിതാക്കളുടെ അനുമതി വേണമെന്ന് തോന്നിയതുമില്ല. ഒത്തൊരുമിച്ചുള്ള ജീവിതത്തില്‍ സന്തോഷം കണ്ടെത്തേണ്ടത് അവരുടെ മാത്രം ഉത്തരവാദിത്വമെന്ന മട്ടിലുമാണ്. ജീവിതാനുഭവം വേണ്ടുവോളമുള്ള മകന്റെ സ്വതന്ത്രതീരുമാനത്തെ ആദരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മനോവ്യഥകള്‍ ഉണ്ടാകില്ലായിരുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ പല മാതാപിതാക്കള്‍ക്കും ഇതിന് കഴിയാറില്ല. കാലം മാറുന്നതിനനുസരിച്ച് മാറാനും പറ്റാറില്ല. ഇതേ പ്രതിസന്ധിയില്‍ ഇവരും പെട്ടു. മക്കളെ അപകടത്തിലേക്ക് എങ്ങനെ വിടുമെന്ന വേവലാതിയില്‍ സ്ഥാനത്തും അസ്ഥാനത്തും ഇടപെടും.

ഇദ്ദേഹത്തിന്റെ ഭാര്യ വലിയ മനോവിഷമങ്ങള്‍ക്കടിമയായി. അത് അവരുടെ പെട്ടെന്നുള്ള മരണത്തിന് പോലും കാരണമായിട്ടുണ്ടാകാം. ഇണയില്ലാത്ത ലോകത്തില്‍ മറ്റുകാര്യങ്ങളില്‍ മുഴുകാനും ആ നോവിനെ മറക്കാനും കത്തെഴുതിയ ആള്‍ക്ക് കഴിഞ്ഞില്ല. കൂടുതല്‍ മക്കളുണ്ടായിരുന്നുവെങ്കില്‍ ഈ ഗതി വരില്ലായിരുന്നുവെന്നൊക്കെ ഭാര്യ പറഞ്ഞത് മനസ്സിലിട്ട് ഇദ്ദേഹം കഴിയുകയാണ്.

ബന്ധങ്ങളെക്കുറിച്ച് മകനുള്ള നിര്‍വചനങ്ങളുടെ ചില പ്രത്യേകതകള്‍ വ്യക്തമാക്കുന്ന വേറെയും കാര്യങ്ങളുണ്ട്. മക്കള്‍ വേണ്ടെന്ന് മകനും ഭാര്യയുമെടുത്ത തീരുമാനം, ഒറ്റമകന്‍ മാത്രം മതിയെന്ന നിലപാടിന്റെ മറ്റൊരു പതിപ്പാണ്. ഈ പ്രായത്തില്‍ കൂട്ടിനായി ഒരു കല്യാണം കഴിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടെങ്കില്‍ അത് ചെയ്യണമെന്ന മകന്റെ പ്രതികരണവും അവന്റെ ജീവിതസങ്കല്പങ്ങളുടെ സാക്ഷ്യമാണ്. പുത്രനെ ചൊടിപ്പിക്കാനായി പറഞ്ഞ വര്‍ത്തമാനത്തിനുള്ള മറുപടിയിലൂടെ മകനെ മനസ്സിലാക്കാനാവും. ആ ജീവിതസങ്കല്പങ്ങള്‍ തിരുത്താന്‍ പറ്റില്ല. അവന്‍ എന്താണോ അതായി തുടരാന്‍ അവനെ വിടുക. ലോകക്രമങ്ങളും കുടുംബസാഹചര്യങ്ങളുമൊക്കെ മാറുമ്പോള്‍ ബന്ധങ്ങളില്‍ മാറ്റങ്ങളുണ്ടാകും. മക്കളെ ആശ്രയിക്കാനും അവരാല്‍ പരിചരിക്കപ്പെടാനുമുള്ള മോഹങ്ങള്‍ എപ്പോഴും സാക്ഷാത്കരിക്കപ്പെടണമെന്നില്ല.

മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയെന്നതാണ് അഭിലഷണീയമായ പോംവഴി. നിരാശപ്പെട്ട് കഴിയുന്നതിനുപകരം ഇപ്പോഴുള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി സന്തോഷം കണ്ടെത്തണം. മകന്റെ സ്നേഹത്തിനായി കാത്തുനില്‍ക്കാതെ സ്വയം സ്നേഹിക്കാന്‍ ശീലിക്കണം. വീട്ടില്‍ കാറും ഡ്രൈവറുമുണ്ടെന്ന് എഴുതിയിരിക്കുന്നു. എവിടെയെങ്കിലും യാത്രപോകാം; കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ചെറിയതോതില്‍ കൂട്ടുകൂടാം; ഏകാന്തതയെ പരമാവധി ഒഴിവാക്കാന്‍ നോക്കാം. അതല്ലേ ചെയ്യേണ്ടത്?

പഴയകാല സാമൂഹികസങ്കല്പങ്ങള്‍ നിര്‍ദേശിക്കുന്നത് വയോജനങ്ങള്‍ ആശ്രയിച്ച് കഴിയാനാണ്. ഉടലില്‍ അവശേഷിക്കുന്ന ഊര്‍ജവും ചലനാത്മകതയും ഉപയോഗിച്ച് വീഴുംവരെ സ്വയം ആശ്രയിച്ച് ജീവിക്കാനുള്ള ഇച്ഛാശക്തിയാണ് പുതിയകാല വാര്‍ധക്യത്തില്‍ ലക്ഷ്യമാക്കേണ്ടത്. ഈ നയം നടപ്പിലാക്കിയിരുന്നെങ്കില്‍ ഭാര്യ അകാലത്തില്‍ മരിക്കില്ലായിരുന്നു.

ചലനാത്മകത കുറയുക, കേള്‍വിശക്തി ദുര്‍ബലപ്പെടുക, നിരന്തരം രോഗങ്ങളുണ്ടാവുക, വിഷാദത്തിന്റെ പിടിയില്‍ പെടുക- ഇവയൊക്കെ വാര്‍ധക്യത്തില്‍ ഏകാന്തത സൃഷ്ടിക്കാനിടയുണ്ട്. മക്കള്‍ ഒപ്പമില്ലാത്തതും ഒപ്പമുള്ള മക്കള്‍ ചൂഷകരാകുന്നതുമൊക്കെ ഏകാന്തത നിര്‍മിക്കുന്ന സാമൂഹികഘടകങ്ങളാണ്. പരിഹരിക്കാനാകുന്ന കാര്യങ്ങളില്‍ പ്രതിവിധികള്‍ തേടണം. ചിലപ്പോള്‍ ചില അവസ്ഥകളുമായി പൊരുത്തപ്പെടേണ്ടിവരാം. പൊരുതേണ്ട ഘട്ടങ്ങളില്‍ അതും നിയമപരമായി ചെയ്യണം.

ഇദ്ദേഹത്തിന് വിഷാദരോഗാവസ്ഥയുണ്ടെന്ന് വ്യക്തമാണ്. മകന്‍ അതിനെ നിസ്സാരവത്കരിക്കുകയാണ്. നാട്ടിലേക്കു വരാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുമോയെന്നു ഭയന്ന് ഈ സാധ്യത തള്ളിക്കളയുകയാണ്. എല്ലാ സൗകര്യങ്ങളുമുള്ള അച്ഛന് വിഷാദമുണ്ടാകേണ്ട കാര്യമില്ലെന്ന അഭിപ്രായമാണ് അവന്. ഇത് ശരിയല്ല. ഹൃദ്രോഗത്തിന്റെ കാര്യത്തില്‍ കൃത്യമായ ചികിത്സ ചെയ്യുന്നതുപോലെ വിഷാദരോഗത്തിനും ചികിത്സ വേണം. ജീവിതത്തെ കുറെക്കൂടി പ്രസാദാത്മകമായി കാണാന്‍ ഇത് സഹായിക്കും

(കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ ചീഫ് സൈക്യാട്രിസ്റ്റാണ് ലേഖകന്‍)

Content Highlights: Geriatric care, Dr.C. J John shares his memories about his patients experience, Mental health issues