ദന്തരോഗങ്ങള്‍ പിടിപെട്ടാല്‍, കടുത്ത വേദനയില്ലെങ്കില് പലരും തുടക്കത്തിലേ ചികിത്സ തേടാന്‍ ശ്രമിക്കാറില്ല; പ്രത്യേകിച്ച് പ്രായമായവര്‍. സമയം കിട്ടുന്നില്ല, പല തവണ ആശുപത്രിയില്‍ പോകേണ്ടി വരും, മക്കള്‍ക്ക് ബുദ്ധിമുട്ടാകും തുടങ്ങി പല കാരണങ്ങളും അവര്‍ പറയും. ഇത്തരം സങ്കടങ്ങള്‍ ഇനി വേണ്ട. കാരണം ദന്തചികിത്സയില്‍ നൂതന സാങ്കേതങ്ങള്‍ നിലവില്‍ വന്നതോടെ ചികിത്സാസമയം ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്, ഇപ്പോള്‍ വെറും 30 മിനിറ്റ് മതി റൂട്ട് കനാല്‍ ചെയ്യുവാന്‍. അതായത്, മുമ്പത്തേതിനേക്കാള്‍ കുറഞ്ഞ സിറ്റിങ്ങില്‍, ചുരുങ്ങിയ സമയം കൊണ്ട് ദന്തരോഗങ്ങള്‍ പരിഹരിക്കാം.
പ്രായമായവരില്‍ പല്ലിനുണ്ടാകുന്ന ചില പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും എന്താണെന്നു മനസിലാക്കാം.
കേടും പല്ലുവേദനയും
വാര്‍ധക്യത്തിലെത്തുമ്പോള്‍ ദന്തരോഗങ്ങള്‍ പിടിപെട്ടാല്‍ അത് പ്രായത്തിന്റെ പ്രശ്നമാണ് എന്ന മട്ടില്‍ നിസാരമായി എടുക്കരുത്. പല്ലുവേദനയുണ്ടെങ്കില്‍ ആഹാരം ചവയ്ക്കാന്‍ പ്രയാസമുണ്ടാകും. അപ്പോള്‍ പല്ലുവേദനയുള്ളവര്‍ ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കാന്‍ തുടങ്ങും. അത് കൂടിയ അളവില്‍ കഴിച്ചാലേ വയറു നിറഞ്ഞതായും വിശപ്പു മാറിയതായും തോന്നുകയുള്ളു. സോഫ്റ്റായ ആഹാരം മാത്രം അമിതമായി കഴിക്കുന്നത് പ്രമേഹം പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. പല്ലിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കട്ടിയാഹാരം ചവച്ചരച്ച് കഴിക്കാന്‍ കഴിയും. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അരോഗ്യപരമായി വളരെ ഗുണകരമാണ്. ദഹനം സുഗമമായി നടക്കും. പ്രമേഹവും മറ്റും നിയന്ത്രണവിധേയമാകാനും മലബന്ധം അകറ്റാനും നാരുകള്‍ അടങ്ങിയ ഭക്ഷണം നല്ലതാണ്. അതായത് ദന്തരോഗങ്ങള്‍ക്ക് ചികിത്സിക്കുമ്പോള്‍ അതു മാത്രമല്ല, മറ്റ് പ്രധാന ആരോഗ്യപ്രശ്നങ്ങള്‍ കൂടി പരിഹരിക്കപ്പെടുന്നുണ്ട്. അതോടൊപ്പം ജനറല്‍ ഹെല്‍ത്തും മെച്ചപ്പെടുന്നുണ്ട്.
പല്ലുകള്‍ക്കുണ്ടാകുന്ന അണുബാധ
പലപ്പോഴും പല്ലുവേദനയുടെ കാരണം പല്ലുകള്‍ക്കുണ്ടാകുന്ന അണുബാധ ആയിരിക്കും. ചെറിയ വേദനയാണെങ്കില്‍ മരുന്ന് വാങ്ങാനായി അധികമാരും തയ്യാറാകില്ല. അപ്പോള്‍ അണുബാധകളെ ചെറുക്കാനായി ശരീരം തന്നെ ചില ഹോര്‍മോണുകള്‍ ഉല്‍പ്പാദിപ്പിക്കും. ഇത്തരം ഹോര്‍മോണുകള്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിച്ച് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കും. പല്ലുകള്‍ക്കുണ്ടാകുന്ന അണുബാധയ്ക്ക് ശരിയായി ചികിത്സയെടുത്തില്ലെങ്കില്‍ പ്രമേഹം പോലുള്ള മറ്റ് രോഗങ്ങളും പിടിപെടാന്‍ ഇടയുണ്ട്. അതിനാല്‍, ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് അണുബാധ നിയന്ത്രിക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം.
റൂട്ട് കനാല്‍ പോലുള്ള ചികിത്സകള്‍ വേണ്ടിവന്നാലും ഇന്ന് അത് വളരെ പെട്ടെന്നു ചെയ്യാന്‍ കഴിയും. വെറും 30 മിനിറ്റു മതി പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് റൂട്ട് കനാല്‍ ചെയ്യാന്‍. ഒന്നിലേറെ പല്ലുകള്‍ക്ക് റൂട്ട് കനാല്‍ ചെയ്യണമെങ്കില്‍ അത് ഒരുമിച്ചു ചെയ്യാനും കഴിയും. റൂട്ട് കനാല്‍ ചെയ്യുമ്പോള്‍ ആ ഭാഗവും ആന്റിബയോട്ടിക് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതിനാല്‍ വായ്ക്കുള്ളിലെ ബാക്ടീരിയകളുടെ അളവു കുറയും. അതിനാല്‍ പല്ലുവേദനയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പെട്ടെന്നു മാറുകയും ചെയ്യും.
മോണരോഗം
മോണരോഗവും ഇന്ന് പെട്ടെന്ന് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്നു. ഒറ്റ ദിവസം കൊണ്ട് ചികിത്സിക്കാം. വെറും മൂന്നു മണിക്കൂര്‍ മതി ചികിത്സയ്ക്ക്. എല്ലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ബോണ്‍ ഗ്രാഫ്റ്റിംഗിലുടെ പല്ലുകള്‍ക്കു ചുറ്റും എല്ലുകളിട്ട്, പല്ലുകളെ തിരികെ എല്ലുകളിലേക്ക് ഉറപ്പിക്കാനാകും. മോണവീക്കവും പല്ല് തേയ്ക്കുമ്പോള്‍ മോണയില്‍ നിന്ന് രക്തം പൊടിയുന്നതുമെല്ലാം മാറ്റുവാന്‍ സാധിക്കും. ഇതിന് പണ്ട് നാല് പ്രാവശ്യം മോണകീറി സര്‍ജറി ചെയ്യേണ്ടിവരുമായിരുന്നു. എന്നാല്‍ ഇന്നിത് ഒറ്റ ദിവസമായി ചുരുങ്ങിയിരിക്കുന്നു.
കൊഴിയുന്ന പല്ലുകള്‍
പല്ലുകള്‍ കൊഴിയാറായാല് 'പ്രായമായില്ലേ, ഇനി അത്ര ഭംഗിയില്ലെങ്കിലും കുഴപ്പമില്ലല്ലോ' എന്നു ചിന്തിക്കുന്നവരുണ്ട്. വാര്‍ധക്യത്തില്‍ പുതിയ പല്ല് വയ്ക്കുന്നത് സൗന്ദര്യത്തിനു വേണ്ടി മാത്രമല്ല എന്നോര്‍ക്കുക. പല്ല് വച്ചാല്‍ ഖരരൂപത്തിലുള്ള ആഹാരം കഴിക്കുവാന്‍ സാധിക്കും. അതിലൂടെ നാരുകളും മറ്റ് വൈവിധ്യമുള്ള പോഷകങ്ങളും ഉള്ളില്‍ എത്തുന്നു. ദഹനം എളുപ്പമാകാന്‍ സഹായിക്കുന്നു. ആഹാരം ചവച്ച് കഴിക്കുന്നത് മുഖവ്യായാമവുമാണ്. അത് മുഖത്ത് ചുളിവുകള്‍ വീഴുന്നത് കുറയ്ക്കാനും സഹായകമാണ്.
മുമ്പൊക്കെ പല്ല് വയ്ക്കുന്നതിനായി നാല് ദിവസങ്ങളിലായി നാല് സിറ്റിംഗ് ആവശ്യമായിരുന്നു. ഇപ്പോള്‍ രണ്ട് ദിവസം മതി പല്ല് വയ്ക്കാന്‍. പല്ലിനിടയ്ക്ക് ഭക്ഷണം കയറി, അണുബാധയും മറ്റും വരാതിരിക്കാനായി ജോയ്ന്റ് ക്രൗണ്‍ ടെക്നിക്കുണ്ട്. ഇതിന് രണ്ട് വിസിറ്റ് മാത്രം മതി.
നൂതന സൗകര്യങ്ങള്‍
മുമ്പ് പല്ലിന്റെ എക്സ് റേ എടുക്കാന്‍ 15 മിനിറ്റ് വേണ്ടിയിരുന്നു. എന്നാല്‍ ഇന്ന് ഡിജിറ്റല്‍ എക്സ്റേ എടുക്കാവുനായി വെറും 3 സെക്കന്റ് മതി. ഇന്ന് ഉപകരണങ്ങള്‍ കംപ്യൂട്ടറൈസ്ഡായി. കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള ഡിസൈനിംഗും മാനുഫാക്ചറിംഗും വന്നതോടെ ദന്തചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഇംപ്ലാന്റുകളും ക്രൗണുകളും പോലുള്ള വസ്തുക്കളെല്ലാം മികച്ചതായി. അതുപോലെ കൂടുതല്‍ മികവുറ്റ, ഗുണമേന്മയുള്ള ആന്റിബയോട്ടിക്കുകളും ഇന്ന് ലഭിക്കുന്നു.
ഇന്ന് ഏതു പ്രായത്തിലും കുറഞ്ഞ സമയത്തിനുള്ളില്‍ പല്ലുകള്‍ നിരയൊത്താതാക്കാം, പൊങ്ങിയ പല്ലുകള്‍ താഴ്ത്താം. പല്ലുകളുടെ ആരോഗ്യം ഒരാളുടെ പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നുമ്പോള്, പല്ലുകളുടെ സൗന്ദര്യം ഒരാളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്ന് ഓര്‍ക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. തോമസ് കെ പൗലോസ്
നെച്ചുപ്പാടം ഡെന്റല്‍ ക്ലിനിക്
മറൈന്‍ ഡ്രൈവ്, കൊച്ചി