ഇന്ന് ലോക വയോജന ദിനം. വാര്‍ധക്യം അഥവാ രണ്ടാം ബാല്യം ശാരീരികവും മാനസികമായി ഒത്തിരി വ്യതിയാനങ്ങള്‍ സംഭവിക്കുന്ന ഒരു കാലഘട്ടമാണ്. ആരോഗ്യരംഗത്ത് വന്നിട്ടുള്ള പുരോഗതി ജീവിതദൈര്‍ഘ്യം വര്‍ധിപ്പിച്ചപ്പോള്‍ ചില വയോജനപ്രശ്‌നങ്ങളുടെ തോതും കൂടി. വയോജന പ്രശ്‌നങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് ദന്താരോഗ്യ പ്രശ്‌നങ്ങള്‍. അവയെ കുറിച്ച് കൂടുതലറിയാം.
വാര്‍ധക്യത്തിലെ മുഖ്യ ദന്തപ്രശ്‌നങ്ങള്‍
മോണരോഗങ്ങള്‍
പ്രധാനമായും പല്ലുകളെ താങ്ങി നിര്‍ത്തുന്ന അസ്ഥിക്ക് ഭ്രംശം സംഭവിക്കുന്നത് മൂലം പല്ലുകള്‍ക്ക് ഇളക്കം സംഭവിച്ച് അവ നഷ്ടപ്പെടാനുള്ള സാധ്യതയേറുന്നു. പ്രമേഹരോഗി കൂടിയാണെങ്കില്‍ ഇതിനുള്ള സാധ്യത 3-4 മടങ്ങ് കൂടുന്നു
പല്ലിന്റെ വേരിനെ ബാധിക്കുന്ന ദന്തക്ഷയം
വായിലെ ക്യാന്‍സറിന് റേഡിയേഷന്‍ ചികിത്സ ചെയ്യുന്നവരില്‍ ഇതിന്റെ സാധ്യത വര്‍ധിക്കുന്നു
അസ്ഥിക്ക് സംഭവിക്കുന്ന ത്വരിത വേഗത്തിലുള്ള ക്ഷയം
ഇത് കാരണം കൃത്രിമ ദന്തങ്ങള്‍ ഇടയ്ക്കിടെ അയഞ്ഞു പോകാനും വായില്‍ നിന്നും ഇളകി വീഴാനുമുള്ള സാധ്യതയും കൂടുതലാണ്.അതിനാല്‍ ഇടയ്ക്കിടെ കൃത്രിമ ദന്തങ്ങള്‍ മാറ്റി വയ്‌ക്കേണ്ടതായി വരുന്നു. ഈ പ്രക്രിയയും പ്രമേഹരോഗികളില്‍ കൂടുതലായിരിക്കും .കൃത്രിമ ദന്തം അമരുന്ന അണയുടെ ഭാഗത്തും അണ്ണാക്കിലും നീര്‍വീക്കവും പൂപ്പല്‍ ബാധയും മുറിവുകളുമുണ്ടാവുന്നു.
നാവിലുണ്ടാവുന്ന പൂപ്പല്‍ ബാധ
രോഗ പ്രതിരോധശേഷി കുറയുന്ന അവസ്ഥയില്‍ ഇത് വീണ്ടും കൂടുന്നു
വായിലെ വരള്‍ച്ച
പല മരുന്നുകളുടെ പാര്‍ശ്വഫലമായും അല്ലാതെയും ഉമിനീരിന്റെ അളവ് കുറയുന്നത് മൂലം വായില്‍ വരള്‍ച്ച അനുഭവപ്പെടാം. ഇതു കാരണം വായില്‍ പുകച്ചിലും നീറ്റലും അനുഭവപ്പെടുന്നു.ഇത് പ്രമേഹരോഗികളിലും സ്ത്രീകളിലും കൂടുതലായിരിക്കും
പല്ലുകളില്‍ നിറവ്യത്യാസം.
പല്ലിന് കൂടുതല്‍ തേയ്മാനം വന്ന് ഉള്‍ഭാഗത്തെ ഡെന്റിന്‍ അഥവാ ദന്തവസ്തു കൂടുതല്‍ വെളിവാക്കുന്നത് മൂലം മഞ്ഞനിറം കൂടുന്നു. ചിലരില്‍ തേയ്മാനം കൂടി പല്ല് സ്ഫടികം പോലെയാവുന്നു.
മോണ കീഴോട്ടിറങ്ങുന്നതു കാരണം പല്ലിന്റെ വേര് കൂടുതല്‍ പുറത്ത് കാണുന്നു. ഇത് പല്ലിന് നീളം കൂടിയതായ തോന്നല്‍ ഉണ്ടാക്കുന്നു.
വായിലെ അര്‍ബുദം
പുരുഷന്മാരില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ സാധ്യതയുള്ള വദനാര്‍ബുദത്തിന്റെ പ്രധാന കാരണം പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗമാണ്. അര്‍ബുദത്തിന് മുന്നോടിയായി കാണുന്ന പൂര്‍വ്വാര്‍ബുദാവസ്ഥകളും ഇവരില്‍ കൂടുതലായിരിക്കും. മായാത്ത വെളുത്തതും (ധവളരേഖ) ചുവന്നതുമായ (ശോണരേഖ) പാടുകള്‍, മൂന്നാഴ്ച കഴിഞ്ഞിട്ടും ഉണങ്ങാത്ത വായിലെ മുറിവുകള്‍, നാവിന്റെ മുന്നോട്ടുള്ള ചലനത്തെ വരെ ബാധിക്കുന്ന വായ തുറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഓറല്‍ സബ്മ്യൂക്കസ് ഫൈബ്രോസിസ് തുടങ്ങിയവയൊക്കെ കൂടുതലായി കാണപ്പെടുന്നു.
ഭക്ഷണം നന്നായി കഴിക്കാത്തതു കാരണം ചില വിറ്റാമിനുകളുടെ അഭാവം മൂലം നാവിലുണ്ടാവുന്ന വ്യതിയാനങ്ങള്‍. ഭൂപടം പോലെ തോന്നിപ്പിക്കുന്ന നാക്ക് ഇതിനൊരു ഉദാഹരണമാണ്.
പാലിക്കേണ്ട കാര്യങ്ങള്‍
1. ദിവസവും രണ്ട് നേരം മീഡിയം അഥവാ സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കുക
2. പല്ലിന് ഇടയിലെ അവശിഷ്ടങ്ങള്‍ ഇന്റര്‍ ദന്തല്‍ ഉപാധികളായ ദന്തല്‍ ഫ്‌ളോസ്സ് ,ഇന്റര്‍ ദന്തല്‍ ബ്രഷ് എന്നിവ ഉപയോഗിച്ച് നീക്കം ചെയ്യുക.
3. വര്‍ഷത്തില്‍ രണ്ടു തവണ ദന്തപരിശോധന നടത്തുക
4. കൃത്രിമ ദന്തങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക.
5. പ്രമേഹം രക്തസമ്മര്‍ദം എന്നിവ നിയന്ത്രിച്ചു നിര്‍ത്തുക.
6. മറ്റസുഖങ്ങള്‍ക്ക് കഴിയുന്ന മരുന്നിന്റെ വിവരങ്ങള്‍ ദന്തഡോക്ടറോട് പറയുക
7. പുകയിലയുടെ ഉപയോഗം, മുറുക്കല്‍, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക. പുകയിലയില്ലാതെ മുറുക്കുന്നതും അപകടമുണ്ടാക്കുന്നവ തന്നെയാണ്. അടയ്ക്കയും ചുണ്ണാമ്പും വായിലെ അര്‍ബുദം ത്വരിതപ്പെടുത്തും.
8. എല്ലാ ദിവസവും പല്ല് തേയ്ക്കുന്ന സമയം വായ കണ്ണാടിയില്‍ സ്വയം പരിശോധിക്കുക.വെളുത്തതോ ചുവന്നതോ ആയ പാടുകളോ, ഉണങ്ങാത്ത മുറിവുകളോ കണ്ടാല്‍ അത് ദന്തഡോക്ടറെ കാണിക്കുക .
9. സ്വയം ചികിത്സ ഒഴിവാക്കുക.
10. പോഷകാഹാരങ്ങള്‍ കഴിക്കാനും വ്യായാമം ചെയ്യാനും മറക്കരുത്.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വാര്‍ധക്യം അഥവാ രണ്ടാം ബാല്യം ഉല്ലാസകരമാക്കി തീര്‍ക്കാന്‍ സാധിക്കും.
Content Highlights: Dental Care for Seniors, Old age dental care, oral cancer in seniors