രീരത്തെ ബാധിക്കുന്ന വിവിധ കുഴപ്പങ്ങള്‍ തലച്ചോറിനെയാക്രമിച്ച് ഓര്‍മയിലും സ്ഥലകാലബോധത്തിലും പെരുമാറ്റത്തിലുമൊക്കെ പാകപ്പിഴകള്‍ ഉണ്ടാക്കുന്ന അവസ്ഥയാണ് ഡെലീരിയം. 

ആശുപത്രികളില്‍ക്കിടക്കുന്നവരില്‍,പ്രധാനമായും പ്രായമായവരിലാണ് ഡെലീരിയം ഏറെ സാധാരണമായിക്കാണുന്നത്. ഇതിനെ വെറുമൊരു ''മാനസിക''പ്രശ്‌നമെന്നു വിളിച്ചോ പ്രായമായാല്‍ ഇങ്ങനെയൊക്കെയുണ്ടാവുമെന്നു ന്യായീകരിച്ചോ ഇതിനെ അവഗണിക്കുന്നത് ബുദ്ധിയല്ല. 

പല മാരകരോഗങ്ങളും ആദ്യമായി സാന്നിധ്യമറിയിക്കുന്നത് ഡെലീരിയത്തിന്റെ രൂപത്തിലാവാം. ഡെലീരിയം നീണ്ടുപോയാല്‍ അത് സ്ഥായിയായ ഓര്‍മക്കുറവിനും ശാരീരിക പ്രശ്‌നങ്ങള്‍ മരുന്നുകള്‍ക്കു വഴങ്ങാതാവുന്നതിനും ആശുപത്രിവാസം നീളുന്നതിനും ചികിത്സാച്ചെലവു കൂടുന്നതിനും മരണസാധ്യത വര്‍ധിപ്പിക്കുന്നതിനും കാരണമാവും. 

ഡെലീരിയം ബാധിക്കുന്നതാരെ?

പ്രായമായവര്‍ക്ക്, പ്രത്യേകിച്ച് 80 വയസ്സ് കഴിഞ്ഞവര്‍ക്ക് ഡെലീരിയത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ദുര്‍ബലമായ ശരീരപ്രകൃതമുള്ളവര്‍ക്കും കാഴ്ചക്കോ കേള്‍വിക്കോ പരിമിതികളുള്ളവര്‍ക്കും ഡിമന്‍ഷ്യ ബാധിച്ചവര്‍ക്കും ഗുരുതരമായ ശാരീരികരോഗങ്ങളുള്ളവര്‍ക്കും കിടപ്പിലായ രോഗികള്‍ക്കും ഏറെയിനം മരുന്നുകളെടുക്കുന്നവര്‍ക്കും ഡെലീരിയം ബാധിച്ചേക്കാം. 

തലച്ചോറിനെ ബാധിക്കുന്ന, പ്രത്യക്ഷമോ പരോക്ഷമോ ആയ, ഏതു പ്രശ്‌നവും ഡെലീരിയത്തിന് കാരണമായേക്കാം. മൂത്രത്തില്‍പ്പഴുപ്പോ ന്യൂമോണിയയോ പോലുള്ള അണുബാധകള്‍, ശരീരത്തില്‍ വെള്ളത്തിന്റേയോ സോഡിയത്തിന്റേയോ അളവ് താഴുന്നത്, രക്തക്കുറവ്, കടുത്ത പനി, കഠിനമായ വേദന, പോഷകാഹാരക്കുറവ് തുടങ്ങിയവയാണ് നമ്മുടെ ചുറ്റുപാടില്‍ ഡെലീരിയത്തിന്റെ പ്രധാന കാരണം. 

അമിതമദ്യപാനമുള്ളവര്‍ കുടി നിര്‍ത്തുന്നത് ഡെലീരിയത്തിനിടയാക്കാം. ചില വേദനാസംഹാരികളും ചില ആന്റി ബയോട്ടിക്കുകളും പോലുള്ള മരുന്നുകളും, കരളിന്റേയോ വൃക്കയുടെയോ പ്രശ്‌നങ്ങളും, തലക്കേല്‍ക്കുന്ന പരിക്കുകളും, അപസ്മാരമോ പക്ഷാഘാതമോ പോലുള്ള മസ്തിഷ്‌കരോഗങ്ങളും ഡെലീരിയത്തിനു വഴിവെക്കാറുണ്ട്.

ഡെലീരിയം പിടിപെടുന്ന മിക്കവരിലും ഒന്നിലധികം കാരണങ്ങള്‍ക്കു പങ്കുകാണാറുണ്ട്. മേല്‍പ്പറഞ്ഞവയില്‍നിന്നു രണ്ടിലേറെ കാരണങ്ങളുടെ സാന്നിധ്യമുള്ളവര്‍ക്ക്  ഡെലീരിയത്തിനുള്ള സാധ്യത അറുപതു ശതമാനത്തോളമാണ്. ഇങ്ങിനെയുള്ളവരില്‍ നേരിയൊരു മലബന്ധമോ ആശുപത്രി പോലൊരു പുതിയ സാഹചര്യത്തിലേക്കു മാറുന്നതോ പോലുള്ള കുഞ്ഞുവ്യതിയാനങ്ങള്‍ക്കു പോലും ഡെലീരിയത്തെ വിളിച്ചുവരുത്താനാവും.

തിരിച്ചറിയാം

ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്നൊരു ദു:സ്വപ്നം പോലെയാണ് ഡെലീരിയം എന്നു സാമാന്യമായിപ്പറയാം. ഏകാഗ്രത കുറയുക. അങ്ങോട്ടു പറയുന്ന കാര്യങ്ങള്‍ തിരിഞ്ഞുകിട്ടാതെ പോവുക, ഏതു സ്ഥലത്താണ്, ദിവസമേതാണ്, സമയം എന്തായി എന്നൊന്നും പറയാനാവാതിരിക്കുക. ആളുകളെ തിരിച്ചറിയാന്‍ കഴിയാതാവുക, സമീപകാല സംഭവങ്ങള്‍ ഓര്‍മയില്ലാതിരിക്കുക.പകല്‍ ഉറങ്ങുകയും രാത്രി ഉണര്‍ന്നിരിക്കുകയും ചെയ്യുക,നടക്കാനും ആഹാരം കഴിക്കാനുമൊക്കെ വിഷമമുണ്ടാവുക,ചുറ്റുമുള്ള വസ്തുക്കളെ മറ്റുവല്ലതുമായി തെറ്റിദ്ധരിക്കുക,വികാരനിലയില്‍ പൊടുന്നനെ മാറ്റങ്ങളുണ്ടാവുക. ദേഷ്യം, സങ്കടം, പേടി, ഉത്ക്കണ്ഠ തുടങ്ങിയവ മാറിമാറിവരിക.വര്‍ത്തമാനം വല്ലാതെ പതുക്കെയോ വേഗത്തിലോ ആവുക. ഒച്ച വെക്കുക. പരസ്പരബന്ധമില്ലാതെ സംസാരിക്കുക, അക്രമാസക്തത പ്രകടമാക്കുക,ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുക, ആരോ കൊല്ലാന്‍ വരുന്നെന്ന പോലുള്ള ഭീതികള്‍ പുലര്‍ത്തുക തുടങ്ങിയവ ഡെലീരിയം രോഗികളില്‍ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങളാണ്. 

ഇവയുടെ തീവ്രത വിവിധ നേരങ്ങളില്‍ ഏറ്റക്കുറച്ചിലോടെ കാണപ്പെടാം. കുറച്ചുസമയത്തേക്ക് ചിലപ്പോള്‍ ആള്‍ തികച്ചും നോര്‍മലായിപ്പെരുമാറുക പോലും ചെയ്യാം. രാത്രികളില്‍ പ്രശ്‌നം പൊതുവെ വഷളാവുകയാണു ചെയ്യാറ്. 

ചികിത്സയെന്ത്?

ഡെലീരിയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ രക്തത്തിന്റേയും മൂത്രത്തിന്റേയും ടെസ്റ്റുകളും വിവിധ ഭാഗങ്ങളുടെ എക്‌സ്‌റേ, സ്‌കാനിങ്ങ് മുതലായവയും ആവശ്യമാവാറുണ്ട്. 

ഡെലീരിയത്തിനായിട്ടു പ്രത്യേക പ്രതിവിധികളൊന്നും നിലവിലില്ല. ഏതു കാരണങ്ങളാലാണോ ഡെലീരിയം വന്നത്, അവ ഭേദമാക്കുന്നതിലാണ് ചികിത്സകര്‍ ശ്രദ്ധയൂന്നുക. വലിയ അത്യാവശ്യമില്ലാത്ത മരുന്നുകള്‍ നിര്‍ത്തുക, ജലാംശത്തിന്റേയോ 
ഓക്‌സിജന്റേയോ അപര്യാപ്തതയോ ലവണങ്ങളുടെ ഏറ്റക്കുറച്ചിലുകളോ ഉണ്ടെങ്കില്‍ പരിഹരിക്കുക, അണുബാധകള്‍ പോലുള്ള മറ്റസുഖങ്ങളുണ്ടെങ്കില്‍ അവര്‍ക്കുവേണ്ട ചികിത്സയൊരുക്കുക എന്നിവയൊക്കെയാണ് പൊതുവെ സ്വീകരിക്കപ്പെടാറുള്ള നടപടികള്‍.

ഉറക്കമരുന്നുകള്‍ ഡെലീരിയത്തെ വഷളാക്കാമെന്നതിനാല്‍ അവ കഴിവതും ഒഴിവാക്കുകയാണു ചെയ്യാറ്. എന്നാല്‍ മദ്യപാനം നിര്‍ത്തുന്നതിനാല്‍ വരുന്ന ഡെലീരിയത്തിന് ചിലതരം ഉറക്കമരുന്നുകള്‍ നിര്‍ബന്ധമാണ്. ചില സാഹചര്യങ്ങളില്‍  ഡെലീരിയത്തിന്റെ ഭാഗമായ പെരുമാറ്റക്കുഴപ്പങ്ങള്‍ പരിശോധനകളോടോ ചികിത്സകളോടോ നിസ്സഹകരണത്തിനു നിമിത്തമാവുന്നെങ്കിലോ, മറ്റുള്ളവര്‍ക്കോ തനിക്കുതന്നെയോ അപായമെത്തിക്കാവുന്ന രീതിയില്‍ പെരുമാറുന്നെങ്കിലോ, ഇല്ലാത്ത കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നെങ്കിലോ ഒക്കെ അല്‍പകാലത്തേക്കു മനോരോഗമരുന്നുകളും ആവശ്യമായേക്കാം. 

Content Highlight: Delirium Symptoms and causes, Delirium Symptoms, Delirium Treatment