വൃദ്ധന്‍ എന്നാല്‍ ജീവിതത്തില്‍ 'അഭിവൃദ്ധി നേടിയ ആള്‍' എന്നര്‍ഥം. എന്നാല്‍, വാര്‍ധക്യകാലം അത്ര ശോഭനമാണോ എന്നു ചോദിച്ചാല്‍ ഉത്തരം ഒട്ടും സുഖകരമാവില്ല. ഒട്ടുമിക്കവാറും മുതിര്‍ന്ന പൗരന്മാര്‍ ഇന്ന് ഏകാന്തതയുടെ പിടിയിലാണ്. ഒന്ന് തലോടാനോ വാത്സല്യത്തോടെ അടുത്തിരിക്കാനോ മിണ്ടാനോ നേരമില്ലാത്ത മക്കളും ചെറുമക്കളും. 

ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ ആശ്രയം പലര്‍ക്കും വൃദ്ധസദനങ്ങള്‍ തന്നെ. മാത്രമോ? പ്രായാധിക്യം സമ്മാനിക്കുന്ന അവശതകളും വേദനകളും. 'വാര്‍ധക്യ ജീവിതം എങ്ങനെ ശോഭനമാക്കാം?' എന്ന വിഷയത്തില്‍ കളമശ്ശേരിയിലെ എസ്.സി.എം.എസ്. കോളേജില്‍ സംഘടിപ്പിച്ച മൂന്നുദിവസത്തെ രാജ്യാന്തര സമ്മേളനത്തില്‍ ഒട്ടേറെ ആശയങ്ങളാണ് ചര്‍ച്ച ചെയ്തത്. 

 'എനിക്ക് പ്രായമേറെയായി' എന്ന ചിന്ത എന്ന് മനസ്സില്‍ കേറുന്നുവോ ആ നിമിഷം മുതല്‍ മാനസിക തകര്‍ച്ച ഉടലെടുക്കും. ഈ അവസ്ഥ ശരീരത്തിന്റെ പ്രവര്‍ത്തനശേഷിയെ സാരമായി ബാധിക്കുന്നു. മനോവേദനയ്‌ക്കൊപ്പം, ശാരീരികക്ഷമത കൂടി മുരടിക്കുന്നതോടെ വാര്‍ധക്യത്തിന്റെ കാഠിന്യമേറും. ദിവസവും നമുക്കു ലഭിക്കുന്ന സമയം അവര്‍ക്കൊപ്പം ചെലവഴിക്കുകയും അവരുടെ മനസ്സിനെ ഉണര്‍ത്തുന്ന നല്ല സംഭാഷണങ്ങള്‍, തീര്‍ച്ചയായും മക്കളോ വീട്ടിലുള്ള മറ്റുള്ളവരോ നടത്തുകയും ചെയ്താല്‍ അത് അവര്‍ക്കു നല്‍കുന്ന ആത്മധൈര്യം വളരെ വളരെ വലുതാണ്. 

 പ്രായംചെന്നവര്‍ കട്ടിലിലോ കസേരയിലോ മാത്രം അനങ്ങാതെയിരുന്നാല്‍ മതിയെന്ന പലരുടെയും ധാരണ തീര്‍ത്തും തെറ്റാണ്. ശരീരത്തില്‍ ഏറ്റവും ചലനശേഷിയുള്ള കൈകളും കാലുകളും കുറച്ചെങ്കിലും ചലിപ്പിക്കാവുന്ന ചെറിയ വ്യായാമങ്ങള്‍ ചെയ്യാന്‍ അവരെ നമ്മള്‍ സഹായിക്കണം. അതിലൂടെ അവര്‍ക്കു ലഭിക്കുന്നത് ആത്മവിശ്വാസമാണ്. അതായത്, എന്റെ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടിട്ടില്ല എന്ന തിരിച്ചറിവ് അവരില്‍ പ്രായാധിക്യത്തിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ നന്നായി ഉപകരിക്കും. 

ചില വിദേശരാജ്യങ്ങളില്‍ ഒറ്റയ്ക്കു കഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് മിണ്ടാനും സമയം ചെലവഴിക്കാനും റോബോട്ടുകള്‍ പ്രചാരത്തിലുണ്ട്. അവരെ ചിരിപ്പിക്കുന്നതിനും അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് സെറ്റ് ചെയ്തിരിക്കുന്ന ഇത്തരം റോബോട്ടുകള്‍ നല്‍കുന്ന ആശ്വാസം വലിയ രോഗാവസ്ഥയില്‍ നിന്നുവരെ അവരെ രക്ഷിക്കുന്നുണ്ട്. പ്രായം ഏറിത്തുടങ്ങിയാല്‍ മരുന്നു മാത്രമാണ് ഏക ആശ്രയം എന്ന മിഥ്യാധാരണയാണ് നമ്മളില്‍ പലര്‍ക്കും ഉള്ളത്. എന്നാല്‍, മരുന്നുകള്‍കൊണ്ടു മാത്രം ഒരിക്കലും ഈ തലമുറയുടെ കഷ്ടപ്പാടുകള്‍ തുടച്ചുമാറ്റാന്‍ സാധ്യമല്ല. ഒരിക്കലും ഏകാന്തതയുടെ തടവറയില്‍ അവരെ തള്ളരുത്. 

തങ്ങള്‍ക്കാരുമില്ല എന്ന നഷ്ടബോധം അവര്‍ക്ക് ഉണ്ടാക്കരുത്. അവരെ, അവരുടെ മുന്നില്‍വെച്ച് കുറ്റം പറയുകയോ അധിക്ഷേപിക്കുകയോ ചെയ്യാന്‍ ഒരു കാരണവശാലും മുതിരരുത്. ഭൂതകാലത്തിന്റെ വസന്തസ്മൃതികളില്‍ സ്വയം മറന്ന് ആഹ്ലാദിക്കാനും സമപ്രായക്കാരായ കൂട്ടുകാരില്‍ ആരെയെങ്കിലും ഇടയ്ക്ക് വീട്ടിലേക്ക് ക്ഷണിക്കുകയോ അല്ലെങ്കില്‍, അവരെ കാണാന്‍ അവസരമൊരുക്കുകയോ ചെയ്യുന്നതിലൂടെ നമ്മള്‍ ചെയ്യുന്നത് നമ്മുടെ വാര്‍ധക്യകാലവും ശോഭനമാക്കുക എന്നതാണ്. മാത്രമല്ല, വാര്‍ധക്യം ഒരു അസുഖമല്ലെന്ന് നമ്മള്‍ അറിയണം. ജീവിതത്തിന്റെ ആ അവസ്ഥ ആര്‍ക്കും അന്യമല്ലെന്നും മറക്കാതിരിക്കുക. ഇടയ്‌ക്കെങ്കിലും അവരുടെ കുട്ടിക്കാലം ചെലവഴിച്ച വീടും ആ പ്രദേശവും സ്‌കൂളും കോളേജ് കാമ്പസും സ്വന്തം  ഗ്രാമത്തിലെ നാട്ടിടവഴികളും ഒക്കെ കാണിക്കുന്നത് അവര്‍ക്ക് ഉണര്‍വ് നല്‍കാനും നല്ല സ്വപ്നങ്ങള്‍ കണ്ട് ഉറങ്ങാനും ഉപകരിക്കും. 

ശാരീരികമായ പരിരക്ഷ കൊണ്ടു മാത്രം, മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും ഒപ്പം അവരുടെ മനസ്സ് തൊട്ടറിഞ്ഞുള്ള മാനസികാരോഗ്യ പരിപാലനവും അനിവാര്യമാണെന്നും സമ്മേളനത്തില്‍ അഭിപ്രായം ഉടലെടുത്തു. അംഗപരിമിതര്‍ക്കും വൃദ്ധജനങ്ങള്‍ക്കും സഞ്ചരിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായുള്ള പ്രത്യേക സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളിലും ബാങ്കുകളിലും ട്രഷറികളിലും ആശുപത്രികളിലും ഷോപ്പുകളിലും ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍, ഇന്നത്തെ നഗര-ഗ്രാമത്തിരക്കുകളില്‍ കാലിടറി വീഴാതെ കുറച്ചു പേര്‍ക്കെങ്കിലും ജീവിതസ്വാതന്ത്ര്യം ആസ്വദിക്കാന്‍  നമുക്ക് അവസരമൊരുക്കിക്കൂടേ? 

ഓര്‍ക്കുക, കാലം കഴിയുംതോറും നമ്മളും അവരുടെ പിന്‍ഗാമികള്‍ ആവേണ്ടവരാണ് എന്ന പച്ചയായ സത്യം ഇനിയെങ്കിലും നമ്മള്‍ തിരിച്ചറിഞ്ഞേ മതിയാവൂ. പ്രായാധിക്യത്തിന്റെ ലക്ഷണം അവരേക്കാള്‍ മുന്‍പ് തിരിച്ചറിയേണ്ടത് നമ്മളാണ്. അസ്വസ്ഥകള്‍ക്ക് അവര്‍ സ്വയം കീഴടങ്ങുന്നതിനു മുന്‍പേതന്നെ, അവരെ മാറ്റിനിര്‍ത്താതെ, അവര്‍ക്കുവേണ്ടി പ്രത്യേക മുറി ഒരുക്കാതെ, അവര്‍ക്കൊപ്പം കൂട്ടുകൂടാന്‍ തയ്യാറായാല്‍ അതിനര്‍ഥം നമ്മളും വരാനിരിക്കുന്ന ആ കാലത്തെ സന്തോഷത്തോടെ സ്വീകരിക്കാന്‍ പ്രാപ്തരായി എന്നതാണ്. 
 
ഇത്രയുംകാലം ജീവിതപരീക്ഷകളില്‍ തളരാതെ, പതറാതെ വിജയശ്രീലാളിതനായ ശേഷം, അതായത് ചെയ്തുതീര്‍ത്ത കര്‍മങ്ങള്‍ക്ക് ഫലമായി, ഏറ്റവുമൊടുവില്‍ 'വൃദ്ധന്‍' എന്ന പേരില്‍ മുദ്ര കുത്തപ്പെടുമ്പോള്‍ ഒന്നോര്‍ക്കുക.ഈ അഭിവൃദ്ധിയുടെ ഉടമയും ജേതാവും നിങ്ങള്‍ക്കുതന്നെ സ്വന്തം. അതുകൊണ്ട്, പ്രായമേറുംതോറും നമുക്ക് ബാക്കിയുള്ള ജീവിതം ആഘോഷിക്കാം.ആവോളം ആഹ്ലാദിക്കാം..ആനന്ദഭരിതമാക്കാം.